കോഴിയുടെയോ ആടിന്റെയോ താറാവിന്റെയോ മാംസം വിശപ്പടക്കാൻ മനുഷ്യൻ ഭക്ഷിക്കാറുണ്ട്. എന്നാൽ, സ്വന്തം വർഗ്ഗത്തിന്റെ മാംസം കഴിക്കാൻ ഒരു മനുഷ്യൻ കൊതിച്ചാലോ? അവിടെ മൃഗങ്ങളെക്കാൾ ക്രൂരമായ ഒരവസ്ഥയിലേക്ക് മനുഷ്യൻ കൂപ്പുകുത്തുന്നു. മനുഷ്യത്വമെന്ന വാക്കിന് പ്രസക്തിയില്ലാതാവുകയും, മനസ്സിൽ ഇരുട്ട് മാത്രം നിറയുകയും ചെയ്യുന്ന ആ ഭീകരാവസ്ഥ. വർഷങ്ങൾക്കുമുമ്പ് ജപ്പാനിൽ സംഭവിച്ച ആ ദുരന്തകഥ, ഒരു മനുഷ്യന്റെ ക്രൂരമായ ആസക്തിയുടെ നേർക്കാഴ്ചയായിരുന്നു.
മനുഷ്യന്റെ ഭീകരമായ മാനസികാവസ്ഥയുടെ കഥ മാത്രമല്ല അത്. പണവും പ്രതാപവും ഉപയോഗിച്ച് നീതിന്യായ വ്യവസ്ഥയെ എങ്ങനെ അട്ടിമറിക്കാമെന്നും, കൊലപാതകം പോലും സമൂഹത്തിൽ നിസ്സാരമായി മാറുന്നതിന്റെയും ഞെട്ടിക്കുന്ന ഒരു തെളിവുകൂടിയാണത്. ക്രൂരതയുടെ മുഖവും, ചെയ്ത തെറ്റ് നിസ്സാരമാകുന്നതിന്റെയും ഭയാനകമായ ആ കാഴ്ച ലോകത്തിന് മുന്നിൽ ഒരു ചോദ്യചിഹ്നമായി ഇന്നും അവശേഷിക്കുന്നു.
1949-ൽ ജപ്പാനിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ഇസ്സെ സാഗാവ ജനിച്ചത്. ബുദ്ധികൊണ്ടും അക്കാദമിക് മികവുകൊണ്ടും ശ്രദ്ധേയനായിരുന്നു അദ്ദേഹം. ഫ്രാൻസിൽ നിന്ന് സാഹിത്യത്തിൽ പി.എച്ച്.ഡി നേടിയ ഈ പ്രതിഭാശാലിക്ക്, എന്നാൽ കുട്ടിക്കാലം മുതൽക്കേ മനുഷ്യമാംസം കഴിക്കാനുള്ള വിചിത്രമായ ഒരു ആഗ്രഹം മനസ്സിൽ ഒരു കറുത്ത നദിയായി ഒഴുകുന്നുണ്ടായിരുന്നു.
ഈ ഭ്രാന്തമായ വാസന, 23-ാം വയസ്സിൽ ടോക്കിയോയിൽ വെച്ച് ഒരു ജർമ്മൻ യുവതിയുടെ തൊലി മുറിച്ചെടുക്കാൻ ശ്രമിച്ച സംഭവത്തോടെ ലോകത്തിന് മുന്നിൽ ഒരു ഞെട്ടലായി ആദ്യമായി പുറത്തുവന്നു. ആ സംഭവം ഒരു മുന്നറിയിപ്പായിരുന്നു; എന്നാൽ ലോകം അതുകണ്ടില്ല.
സാഗാവയുടെ ഈ ഇരുണ്ട മോഹം ഒരു ദുരന്തമായി പരിണമിച്ചത് 1981-ലാണ്. പാരീസിൽ പഠിക്കുമ്പോൾ, തന്റെ സുഹൃത്തായിരുന്ന റീനി ഹാർട്ടെവെൽറ്റ് എന്ന യുവതിയെ സാഗാവ വെടിവെച്ചു കൊന്നു. ആ നിഷ്ഠൂരമായ നിമിഷങ്ങളെക്കുറിച്ച് അയാൾ പിന്നീട് തുറന്നു സംസാരിച്ചു: “ഭക്ഷിക്കാൻ വേണ്ടിയാണ് ഞാൻ അവളെ കൊന്നത്.” ഒരാഴ്ചയോളം അദ്ദേഹം ആ ശരീരഭാഗങ്ങൾ ഭക്ഷിച്ചു. ബാക്കി വന്ന ശരീരഭാഗങ്ങൾ രണ്ട് സ്യൂട്ട്കേസുകളിലാക്കി തടാകത്തിൽ തള്ളാൻ ശ്രമിക്കവെയാണ് ഈ ക്രൂരൻ പിടിയിലായത്. മനുഷ്യത്വത്തെ മരവിപ്പിക്കുന്ന ആ വാക്കുകൾ കേട്ട് പോലീസ് പോലും നടുങ്ങി.
സമ്പന്നനായ പിതാവിന്റെ സ്വാധീനം സാഗാവയെ രക്ഷിച്ചു. മികച്ച അഭിഭാഷകരെ ഏർപ്പാടാക്കിയപ്പോൾ ഫ്രഞ്ച് കോടതിക്ക് മുന്നിൽ സാഗാവ ഒരു കുറ്റവാളിയായിരുന്നില്ല, മറിച്ച് ‘മാനസികാസ്വാസ്ഥ്യമുള്ള’ രോഗിയായിരുന്നു. സാഗാവയെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി. തുടർന്ന് അദ്ദേഹത്തെ ജപ്പാനിലേക്ക് തിരിച്ചയച്ചു.
ജപ്പാനിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് അധികം താമസിയാതെ, ‘സുഖം പ്രാപിച്ചു’ എന്ന റിപ്പോർട്ടോടെ 1986-ൽ അദ്ദേഹം പൂർണ്ണമായി മോചിതനായി. നീതിപീഠങ്ങൾ പരാജയപ്പെട്ടപ്പോൾ, പണം കൊണ്ട് ചെയ്ത തെറ്റ് നിസ്സാരമാവുന്നതിന്റെ ഭയനീക കാഴ്ചയായിരുന്നു അത്. ഇത്തരക്കാർ സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്?.
ജപ്പാനിൽ തിരിച്ചെത്തിയ സാഗാവയുടെ ജീവിതം ഒരു വഴിത്തിരിവിലെത്തി. അയാൾ ഒരു കുറ്റവാളിയോ ഭ്രാന്തനോ ആയിരുന്നില്ല, മറിച്ച് ഒരു സെലിബ്രിറ്റി ആയിരുന്നു! തന്റെ ക്രൂരമായ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം പുസ്തകങ്ങൾ എഴുതി. സിനിമകളിലും ഡോക്യുമെന്ററികളിലും അഭിനയിച്ചു.
തന്റെ വിചിത്രമായ താൽപ്പര്യങ്ങൾ അദ്ദേഹം പരസ്യമായി തുറന്നുപറഞ്ഞിരുന്നു. മനുഷ്യമാംസം കഴിക്കാനുള്ള ആഗ്രഹം ഒരു സെലിബ്രിറ്റി കഥയായി മാറി. ഒരു കൊലയാളിക്ക് ഇത്രയധികം മാധ്യമശ്രദ്ധയും പ്രശസ്തിയും നൽകുന്നത് ശരിയാണോ എന്ന ചോദ്യം സമൂഹത്തിൽ ഉയർന്നു.
വാർദ്ധക്യത്തിൽ അസുഖബാധിതനായിരുന്ന അദ്ദേഹത്തെ സഹോദരനാണ് പരിചരിച്ചിരുന്നത്. മറ്റൊരു നരഭോജിയാൽ കൊല്ലപ്പെടുക എന്നതാണ് തന്റെ അവസാന ആഗ്രഹമെന്ന് അയാൾ പറഞ്ഞിരുന്നു. 2022-ൽ, 73-ാം വയസ്സിൽ, ശിക്ഷിക്കപ്പെടാത്ത ഒരു സ്വതന്ത്ര മനുഷ്യനായി അദ്ദേഹം മരിച്ചു. ഇസ്സെ സാഗാവയുടെ കഥ, മനുഷ്യ മനസ്സിന്റെ ഇരുണ്ട കോണുകളെയും നീതിയുടെ വ്യവസ്ഥിതിയിലെ വിള്ളലുകളെയും അടയാളപ്പെടുത്തുന്ന, ഭയം ജനിപ്പിക്കുന്ന ഒരു ഓർമ്മപ്പെടുത്തലാണ്.
















