ഡൽഹി മെട്രോയിലെ യാത്രക്കാരെ ലക്ഷ്യമിട്ട് മോഷണം നടത്തുന്ന സ്ത്രീ സംഘങ്ങൾക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. നാല് പേരടങ്ങുന്ന സംഘത്തിലെ കോമൾ (22), നേഹ (22), യോഗിത (22), ഗീത (45) എന്നിവർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു.
മെട്രോ ട്രെയിനിൽ നടന്ന മോഷണത്തിന് ഈ നാലുപേരെയും 2025 ഡിസംബറിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു യാത്രക്കാരന്റെ പഴ്സ് മോഷ്ടിച്ച കുറ്റത്തിനായിരുന്നു അന്ന് യുവതികൾ പിടിയിലായത്. ഡൽഹി മെട്രോയിൽ യുവതികളുടെ ഒട്ടേറെ സംഘങ്ങൾ മോഷണം ലക്ഷ്യമിട്ടു യാത്ര ചെയ്യുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
മെട്രോയിൽ ഈ സംഘങ്ങളുടെ മോഷണരീതിയിലും സാമ്യമുണ്ട്. 4–5 പേരുടെ സംഘമായി എത്തുന്ന യുവതികൾ ലക്ഷ്യംവയ്ക്കുന്ന യാത്രക്കാരനെ മറ്റുള്ളവർ കാണാതെ വലയം ചെയ്തു നിൽക്കും. യാത്രക്കാരന്റെ ശ്രദ്ധ മാറുന്ന സമയം പോക്കറ്റിൽനിന്നു പഴ്സ് അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കവരുകയും ചെയ്യും.
കഴിഞ്ഞ വർഷം ഡിസംബർ 11 വരെയുള്ള കണക്കുകൾ പ്രകാരം നാൽപതോളം മോഷണങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് 67 സ്ത്രീകളെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
















