വാക്കുകളിലും കഥകളിലും മാത്രം കേട്ട് പരിചയിച്ച ഒന്നാണ് ‘സീരിയൽ കില്ലർ’ എന്ന വാക്ക്. എന്നാൽ, ആ ഭീകരത കെട്ടുകഥകളല്ല, മറിച്ച് നമ്മുടെ തൊട്ടടുത്ത്, നിഷ്കളങ്കതയുടെ മുഖംമൂടിക്കുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്നതാണ് ഞെട്ടിക്കുന്ന യാഥാർത്ഥ്യം. ഒരു തരിമ്പുപോലും കുറ്റബോധമില്ലാതെ, ഒരു തെറ്റും ചെയ്യാത്ത പാവങ്ങളുടെ ജീവൻ നിഷ്കരുണം കവർന്നെടുത്ത, മനുഷ്യരൂപത്തിലുള്ള ഒരു ക്രൂരമൃഗത്തിന്റെ കഥയാണിത്.
ഇത് ദൂരെയെങ്ങോ നടന്ന സംഭവമല്ല, നമ്മുടെ സ്വന്തം കേരളത്തിൽ, മാള, പള്ളിപ്പുറം, ചെറുന്നുരുത്തി, കുറുപ്പംപമ്പടി തുടങ്ങിയ സ്ഥലങ്ങളിൽ അരങ്ങേറിയ ചോരക്കളമാണ്. കോഴിയെയോ ആടിനെയോ കൊല്ലുന്ന ലാഘവത്തോടെ, മനുഷ്യജീവൻ കവർന്നെടുത്തിട്ട്, മലയാളികളുടെ ഉറക്കം കെടുത്തിയ ആ പേര് – റിപ്പർ ജയാനന്ദൻ.
മൂന്ന് വർഷം കൊണ്ട് പത്ത് മനുഷ്യജീവനുകൾ. കമ്പിപ്പാര കൊണ്ട് തലയ്ക്കടിയേറ്റ് പിടഞ്ഞുവീണ ആ മനുഷ്യരുടെ നിലവിളിക്ക് ആഴമുണ്ടായിരുന്നു. ഒരു പട്ടുസാരിയിൽ നിന്ന് തുടങ്ങിയ പക, എങ്ങനെ ഒരു നാടിനെയാകെ ഭയത്തിന്റെ കരിനിഴലിലാക്കി എന്നതിന്റെ, കേരളം കണ്ട ഏറ്റവും വലിയ ഭീകരതയുടെ, കഥയാണിത്.
എല്ലാത്തിന്റെയും തുടക്കം ഒരു പട്ടുസാരിയിൽ നിന്ന് ആണ്. ജയാനന്ദന്റെ ഭാര്യ നിർമ്മലയ്ക്ക് ഒരു പട്ടുസാരി വേണം. ഭാര്യയുടെ ആഗ്രഹം സാധിക്കാൻ അയാൾ കണ്ട വഴി മോഷണമായിരുന്നു. അയൽപക്കത്ത് ഉണക്കാനിട്ടിരുന്ന ഒരു സാരി മോഷ്ടിച്ച് അയാൾ ഭാര്യക്ക് നൽകി. എന്നാൽ, മോഷ്ടിച്ച സാരി ധരിച്ച് ഒരു ചടങ്ങിൽ പങ്കെടുത്ത നിർമ്മലയ്ക്ക് പരസ്യമായ അപമാനം ഏറ്റുവാങ്ങേണ്ടി വന്നു.
ഭാര്യയുടെ തലകുനിച്ചുള്ള നിൽപ്പ്, അവരുടെ കണ്ണീരുകൾ… അതായിരുന്നു ജയാനന്ദന്റെ മനസ്സിലെ മനുഷ്യത്വം മരവിപ്പിച്ച ആദ്യത്തെ നിമിഷം.
ഭാര്യ നേരിട്ട ആ അപമാനം ജയാനന്ദൻ ഏറ്റെടുത്തത് സമൂഹത്തോടുള്ള പ്രതികാരമായിട്ടാണ്. സ്വന്തം വിധിയോടുള്ള ദേഷ്യവും, ഭാര്യയുടെ വേദനയും അയാളെ ഒരു കൊലയാളിയാക്കി മാറ്റി. ഒരു സാധാരണ മോഷ്ടാവ്, കേരളത്തിന്റെ ഉറക്കം കെടുത്തിയ അതിക്രൂരനായ വേട്ടക്കാരനായി രൂപാന്തരപ്പെട്ടത് ആ നിമിഷം മുതലാണ്.
പിന്നീട് കണ്ടത് കേരളം മുമ്പ് കണ്ടിട്ടില്ലാത്ത ക്രൂരതയായിരുന്നു. ഉറങ്ങിക്കിടക്കുന്ന നിസ്സഹായരായ മനുഷ്യരെയാണ് അയാൾ ലക്ഷ്യമിട്ടത്. ഇരകളുടെ നിലവിളി പുറത്തുവരാത്ത വിധം, തലയ്ക്ക് കമ്പിപ്പാര കൊണ്ട് അടിച്ച് തലച്ചോറ് ചിതറിക്കുന്ന ഭീകരമായ രീതി. ജീവൻ കവർന്നെടുത്ത ശേഷം, സ്വർണ്ണവും പണവും കവരുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, കൊലപാതകത്തിലെ ക്രൂരമായ സംതൃപ്തിയായിരുന്നു അയാളുടെ യഥാർത്ഥ ‘ലാഭം’.
മാള ജോസ്, നബീസ, ഫൗസിയ, സഹദേവൻ, സുഭാഷകൻ, ദേവകി… ആ നിര നീണ്ടുപോയി. ഓരോ കൊലപാതകവും ജനമനസ്സുകളിൽ ഭയം നിറച്ചു. ‘തിരുട്ടുഗ്രാമ സംഘം’ ആണോ അതോ മറ്റേതെങ്കിലും കൊള്ളസംഘമാണോ ഇതിന് പിന്നിലെന്ന് പോലീസ് പോലും കുഴഞ്ഞു. വീടുകൾ തോറും രാത്രിയിൽ ആളുകൾ ഭയന്ന് കതകടച്ചു. ആർക്കും പരസ്പരം വിശ്വസിക്കാൻ കഴിയാത്ത ഒരു കാലം.
2006 ഒക്ടോബർ 3-ന് നടന്ന പുത്തൻവേലിക്കര ദേവകിയുടെ കൊലപാതകമാണ് കേസിൽ നിർണ്ണായകമായ വഴിത്തിരിവുണ്ടാക്കിയത്. ദേവകിയുടെ ഭർത്താവ് രാമകൃഷ്ണൻ തലയ്ക്കടിയേറ്റിട്ടും മരണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ആശുപത്രി കിടക്കയിൽ, ഗുരുതരമായി പരിക്കേറ്റപ്പോഴും അയാൾ പോലീസിനോട് ആ സത്യം പറഞ്ഞു: “അതൊരു കൂട്ടമല്ല, ഒരൊറ്റ മനുഷ്യനാണ്. കയ്യിലൊരു കമ്പിപ്പാരയുണ്ട്.”
ഈ ഒറ്റ വാക്ക് പോലീസിന്റെ ശ്രദ്ധ തമിഴ്നാട് സംഘത്തിൽ നിന്ന് മാറ്റി, പ്രാദേശികമായി പ്രവർത്തിക്കുന്ന ഒരു ഒറ്റപ്പെട്ട ക്രിമിനലിലേക്ക് എത്തിച്ചു. ‘ഷിബു’ എന്നയാൾ നൽകിയ സൂചനയിൽ പോലീസെത്തിയത് ‘തമ്പി’ എന്ന മദ്യപാനിക്കരികിലാണ്. മദ്യലഹരിയിൽ തമ്പി വിളിച്ചുപറഞ്ഞ ആ പേര് കേരളത്തെ ഞെട്ടിച്ചു: “അത് ജയാനന്ദനാണ് സാറേ… അവനൊരുത്തനാണ് ഇതിനൊക്കെ ധൈര്യമുള്ളവൻ.”
തമ്പി നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ പോലീസ് ജയാനന്ദന്റെ വീട് വളഞ്ഞു. പകൽ വെളിച്ചത്തിൽ അനങ്ങാത്ത, രാത്രിയിൽ മാത്രം സഞ്ചരിക്കുന്ന ഒരു വാൻ വീടിനു മുന്നിലുണ്ടായിരുന്നു. ഒടുവിൽ, വാനിൽ സഞ്ചരിക്കവേ ഡ്രൈവർക്കൊപ്പം ജയാനന്ദൻ പോലീസിന്റെ വലയിലായി.
ചോദ്യം ചെയ്യലിൽ ജയാനന്ദൻ കാട്ടിയ നിർവികാരത പോലീസുകാരെ പോലും ഭയപ്പെടുത്തി.
ഒരു മനോരോഗിയെപ്പോലെ, യാതൊരു കുറ്റബോധവുമില്ലാതെ അയാൾ എട്ട് കൊലപാതകങ്ങൾ ഏറ്റെടുത്തു. ഏറ്റവും ഭീകരമായ വെളിപ്പെടുത്തൽ ഇതായിരുന്നു: “2005-ൽ സുഭാഷകനെ കൊന്ന ശേഷം, ആ രാത്രി മുഴുവൻ ഞാൻ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. നേരം വെളുത്തപ്പോൾ ഇൻക്വസ്റ്റ് നടപടികൾ കണ്ടു നിന്നു. മൃതദേഹം ആംബുലൻസിൽ കയറ്റി വിട്ടിട്ടാണ് ഞാൻ വീട്ടിലേക്ക് പോയത്.” ഒരു മനുഷ്യൻ, താൻ കൊന്ന ഇരയുടെ മൃതദേഹം വഹിച്ച ആംബുലൻസ് നോക്കി നിൽക്കാൻ മാത്രം എങ്ങനെ ക്രൂരനായി മാറി!
ജയിലഴിക്കുള്ളിലായിട്ടും ജയാനന്ദൻ ഒരു സാധാരണ തടവുകാരനായില്ല. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും വസ്ത്രങ്ങളും തലയിണയും ഉപയോഗിച്ച് ഡമ്മിയുണ്ടാക്കി ജയിൽ അധികൃതരെ കബളിപ്പിച്ച് അയാൾ സാഹസികമായി രക്ഷപ്പെട്ടു. രണ്ടിടത്തുനിന്നും വീണ്ടും പിടിയിലായി.
ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന റിപ്പർ ജയാനന്ദൻ, എന്നാൽ ജയിലിൽ വെച്ച് മറ്റൊരു വേഷം കൂടി അണിഞ്ഞു – എഴുത്തുകാരന്റെ. “പുലരി വിരിയും മുൻപേ” എന്ന പുസ്തകം അയാൾ എഴുതി. ഈ പുസ്തക പ്രകാശനത്തിനും മകൾ, അഭിഭാഷകയായ കീർത്തിയുടെ വിവാഹത്തിനും ഹൈക്കോടതി ജയാനന്ദന് പരോൾ അനുവദിച്ചിരുന്നു.
അഞ്ചു കേസുകളിൽ കോടതി അയാളെ വെറുതെ വിട്ടു. എന്നാൽ ദേവകി വധക്കേസ് ഉൾപ്പെടെയുള്ളവയിൽ ശിക്ഷിക്കപ്പെട്ട്, ‘എസ്കോർട്ട് പരോൾ’ തടവുകാരനായി, പോലീസിന്റെ എപ്പോഴും തുറന്ന കണ്ണുകൾക്ക് മുന്നിൽ ജയാനന്ദൻ ഇന്നും ജീവിക്കുന്നു. ഒരു കാലത്ത് കേരളത്തെ മുഴുവൻ വിറപ്പിച്ച കൊലയാളി, ഇന്ന് ജയിലിലെ പരോളുകൾക്കായി കാത്തിരിക്കുന്നു. ഒരു പട്ടുസാരിയിൽ നിന്ന് തുടങ്ങിയ പകയുടെ ചരിത്രം, ഭയത്തിന്റെയും ദുരന്തത്തിന്റെയും ഒരു ഓർമ്മപ്പെടുത്തലായി മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നു.
















