നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ വാട്‌സ്ആപ്പിലെ സ്വകാര്യത ഉറപ്പാക്കാൻ വെറും മെസേജിങ് മാത്രം പോരാ, സുരക്ഷാ ക്രമീകരണങ്ങളിലും അല്പം ശ്രദ്ധ വേണം. നിങ്ങളുടെ ചാറ്റുകളും വിവരങ്ങളും കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുന്ന ഏഴ് പ്രധാന വഴികൾ ഇതാ:
സ്വകാര്യത സ്വയം പരിശോധിക്കാം (Privacy Checkup): വാട്‌സ്ആപ്പ് സെറ്റിംഗ്‌സിലെ ‘പ്രൈവസി’ വിഭാഗത്തിലുള്ള ‘പ്രൈവസി ചെക്കപ്പ്’ വഴി നിങ്ങളുടെ പ്രൊഫൈൽ ചിത്രം, സ്റ്റാറ്റസ്, ലാസ്റ്റ് സീൻ എന്നിവ ആരൊക്കെ കാണണമെന്ന് എളുപ്പത്തിൽ നിയന്ത്രിക്കാം. അനാവശ്യ ഗ്രൂപ്പ് ആഡ് ചെയ്യലുകളും ബ്ലോക്ക് ചെയ്ത കോൺടാക്റ്റുകളും ഇവിടെ ക്രമീകരിക്കാവുന്നതാണ്.
സന്ദേശങ്ങൾ തനിയെ മാഞ്ഞുപോകാൻ (Disappearing Messages): ഫോൺ മറ്റൊരാളുടെ കൈവശം കിട്ടിയാലും ചാറ്റുകൾ വായിക്കപ്പെടാതിരിക്കാൻ ഈ ഫീച്ചർ സഹായിക്കും. 24 മണിക്കൂർ മുതൽ 90 ദിവസം വരെയുള്ള നിശ്ചിത സമയപരിധിക്ക് ശേഷം സന്ദേശങ്ങൾ താനേ ഇല്ലാതാകുന്ന ഈ ഓപ്ഷൻ സെറ്റിംഗ്‌സിൽ പോയി എനേബിൾ ചെയ്യാം.
രണ്ടാംഘട്ട സുരക്ഷ (Two-Factor Authentication): അക്കൗണ്ട് ഹാക്കിങ് തടയാൻ ‘ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ’ അത്യാവശ്യമാണ്. ഒരു നിശ്ചിത പിൻ നമ്പറും ഒപ്പം ഇമെയിൽ വിലാസവും നൽകി അക്കൗണ്ട് സുരക്ഷ ഇരട്ടിയാക്കാം. ഇപ്പോൾ ‘പാസ്‌കീ’ സൗകര്യവും ലഭ്യമാണ്.
ലോക്ക് ഫീച്ചറുകൾ: വാട്‌സ്ആപ്പ് ആപ്പ് മൊത്തമായും അല്ലെങ്കിൽ പ്രത്യേക ചാറ്റുകൾ മാത്രമായും ലോക്ക് ചെയ്യാം. ഫിംഗർപ്രിന്റ്, ഫേസ് ഐഡി എന്നിവ ഉപയോഗിച്ച് ‘ആപ്പ് ലോക്ക്’ ചെയ്യാനും, കൂടുതൽ സ്വകാര്യത വേണ്ട ചാറ്റുകൾക്ക് മാത്രമായി ‘ചാറ്റ് ലോക്ക്’ സെറ്റ് ചെയ്യാനും സാധിക്കും.
അഡ്വാൻസ്ഡ് സെക്യൂരിറ്റി: ഐപി അഡ്രസ് മറച്ചുവെക്കാനും, അപരിചിതരിൽ നിന്നുള്ള കോളുകൾ നിയന്ത്രിക്കാനും ലിങ്ക് പ്രിവ്യൂകൾ ഒഴിവാക്കാനും സെറ്റിംഗ്‌സിലെ ‘അഡ്വാൻസ്ഡ്’ വിഭാഗം പ്രയോജനപ്പെടുത്താം. ഇത് സൈബർ തട്ടിപ്പുകളെ തടയാൻ സഹായിക്കും.
അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി: വ്യക്തിഗത ചാറ്റുകളിൽ ഈ ഫീച്ചർ ഓൺ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഡാറ്റ എഐ പരിശീലനങ്ങൾക്കോ മറ്റ് ബാഹ്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നത് തടയാം. മീഡിയ ഫയലുകൾ തനിയെ ഡൗൺലോഡ് ആകുന്നതും ഇതിലൂടെ നിയന്ത്രിക്കാം.
ഒറ്റത്തവണ മാത്രം കാണാവുന്ന സന്ദേശങ്ങൾ (View Once): ചിത്രങ്ങളും വോയ്‌സ് നോട്ടുകളും അയക്കുമ്പോൾ സ്വീകർത്താവിന് അത് ഒരു തവണ മാത്രം കാണാനോ കേൾക്കാനോ കഴിയുന്ന രീതിയിൽ അയക്കാം. ഇതിനായി സന്ദേശം അയക്കുന്നതിന് മുൻപ് ക്യാപ്ഷൻ ബോക്സിലെ ‘1’ എന്ന ഐക്കണിൽ ക്ലിക്ക് ചെയ്താൽ മതി.
















