അമേരിക്കൻ സൈന്യം പിടികൂടുന്നതിനിടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കും ഭാര്യ സീലിയ ഫ്‌ളോറസിനും പരിക്കേറ്റതായി യുഎസ് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയപ്പോൾ ഇരുവരുടെയും ശരീരത്തിൽ പരിക്കുകൾ കണ്ടതിനെത്തുടർന്നാണ് അധികൃതർ വിശദീകരണം നൽകിയത്.
മുറിയ്ക്കുള്ളിലെ ഉരുക്ക് കവാടത്തിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കവേ, ഇരുവരുടെയും തല കവാടത്തിലിടിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. കവാടത്തിന്റെ ഉയരക്കുറവാണ് അപകടത്തിന് കാരണമായതെന്നും ഉദ്യോഗസ്ഥര്‍ കോടതിയിൽ പറഞ്ഞു.
സീലിയ ഫ്ളോറസിന്റെ വാരിയെല്ലിന് ഒടിവോ ചതവോ സംഭവിച്ചിട്ടുള്ളതായി സംശയിക്കുന്നതായി ഫ്ളോറസിന്റെ അഭിഭാഷക കോടതിയെ അറിയിക്കുകയും ചെയതു. തലയില്‍ ബാൻഡേജുകളോടെയാണ് കോടതി മുറിയില്‍ സീലിയ ഇരുന്നത്.
മഡൂറോയ്ക്കും പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമായതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മഡൂറോയെ പിടികൂടാനുള്ള ശ്രമത്തിനിടെ 32 ക്യൂബന്‍ സൈനികരും 23 വെനസ്വേലന്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു.
വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസിലും മിറാണ്ടയിലും അര്വാഗയിലും ലാ ഗ്വെയ്റയിലും ആക്രമണം നടത്തിയാണ് അമേരിക്ക മഡൂറോയേയും ഭാര്യയേയും അറസ്റ്റ് ചെയ്തത്.
















