വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന XUV 3XO EV മഹീന്ദ്ര പുറത്തിറക്കി. 13.89 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് വിപണിയിൽ എത്തുന്നത്. XUV 400 -യ്ക്ക് പകരക്കാരനായ 3XO ഇവി, രണ്ട് വേരിയന്റുകളിലും ഒറ്റ ബാറ്ററി പായ്ക്ക് ഓപ്ഷനിൽ ആണ് വരുന്നത്.
ഡിസൈന്റെ കാര്യത്തിൽ, ഇവി മോഡൽ നോർമൽ 3XO -യുടെ അതേ സ്റ്റൈലിംഗാണ് സ്വീകരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങൾ ബോഡി കളർ ഗ്രില്ലും ബോഡി കളർ ഇൻസേർട്ടുകളുള്ള ബമ്പറിലെ പുതുക്കിയ സെൻട്രൽ എയർ വെന്റുമാണ്. XUV 400 വരുന്നതുപോലെ, 3XO ഇവിയിലും കോപ്പർ-ഫിനിഷ്ഡ് ട്രിം ഇൻസേർട്ടുകളും എക്സ്റ്റേണൽ ബാഡ്ജിംഗും ലഭിക്കുന്നു, കൂടാതെ ‘ട്വിൻ പീക്ക്സ്’ മഹീന്ദ്ര ലോഗോയും കോപ്പറിൽ പൂർത്തിയാക്കിയിരിക്കുന്നു.
അകത്തളങ്ങളിലേക്ക് നീങ്ങുമ്പോൾ, ക്യാബിൻ ഡിസൈൻ ഏറെ കുറേ ഒരേ രീതിയിലാണ്, ഇന്റീരിയർ കളർ ഓപ്ഷനുകൾ മാത്രമാണ് മാറ്റമായി വരുന്നത്. ഡാഷ്‌ബോർഡ്, ഡോറുകൾ, സെന്റർ കൺസോൾ എന്നിവയിൽ കോപ്പർ ഇന്റീരിയർ ഇൻസേർട്ടുകളും കാണാം.
AX5, AX7 L എന്നീ രണ്ട് വേരിയന്റുകൾ മുകളിൽ സൂചിപ്പിച്ചതു പോലെ 39.4 kWh എന്ന ഒറ്റ ബാറ്ററി പായ്ക്കോടെ വരുന്നു, XUV 400 ഇവിയുടെ അതേ കപ്പാസിറ്റിയാണിത്. 148 bhp പവറും, 310 Nm ടോർക്കുമായി ഇലക്ട്രിക് മോട്ടോർ ഔട്ട്‌പുട്ടും സമാനമാണ്. ഫുൾ ചാർജിൽ 285 കിലോമീറ്റർ വരെ റിയൽ വേൾഡ് ഡ്രൈവിംഗ് റേഞ്ച് മഹീന്ദ്ര അവകാശപ്പെടുന്നു.
ഫീച്ചറുകളുടെ കാര്യത്തിൽ AX5 മൂന്ന് ഡ്രൈവ് മോഡുകൾ, ഫ്രീക്വൻസി സെലക്ടീവ് ഡാംപറുകൾ, ഒരു സൺറൂഫ്, ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, അലക്‌സ ബിൽറ്റ്-ഇൻ അഡ്രിനോക്‌സ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ കമ്പാറ്റിബിലിറ്റി, 16 ഇഞ്ച് അലോയി വീലുകൾ, LED പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി & ഗോ, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, വയർലെസ് ചാർജിംഗ് പാഡ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ESP, 6 എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് തുടങ്ങിയ സവിശേഷതകൾ ഉൾക്കൊള്ളുന്നു.
പനോരമിക് സൺറൂഫ്, ലെതറെറ്റ് അപ്ഹോൾസ്റ്ററി, വലിയ 17 ഇഞ്ച് അലോയി വീലുകൾ, ഫോഗ് ലാമ്പ്, ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, 360-ഡിഗ്രി ക്യാമറകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഓട്ടോ ഡിമ്മിംഗ് IRVM, കൂൾഡ് ഗ്ലൗവ്ബോക്സ്, കൂടാതെ ലെവൽ 2 ADAS സാങ്കേതികവിദ്യ എന്നിവയാണ് AX7 L -ൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. 2026 ഫെബ്രുവരി 23 മുതൽ 3XO ഇവിയുടെ ഡെലിവറികൾ ആരംഭിക്കുമെന്നാണ് മഹീന്ദ്ര വ്യക്തമാക്കുന്നത്, ടാറ്റ നെക്‌സോൺ ഇവിക്കും സമാനമായ വിലയ്ക്ക് എത്തുന്ന എംജി വിൻഡ്‌സറിനും എതിരെയാണ് 3XO ഇലക്ട്രിക് എസ്‌യുവി മത്സരിക്കുക.
















