ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് മധുരക്കിഴങ്ങ്. ആന്റിഓക്സിഡന്റുകളുടെയും ഫൈബറിന്റെയും ഉറവിടമാണ് മധുരക്കിഴങ്ങ്. ശരിയായി പാചകം ചെയ്ത് മിതമായ അളവിൽ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
പ്രിഡയബറ്റിക് അവസ്ഥയിലുള്ളവർക്കും പ്രമേഹം ഉള്ളവർക്കും മികച്ച ഒരു ഭക്ഷണമാണ് മധുരക്കിഴങ്ങ് അഥവാ സ്വീറ്റ് പൊട്ടറ്റോ. സ്റ്റാർച്ച് അടങ്ങിയ മറ്റു ഭക്ഷണങ്ങള്‍ വളരെ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുമ്പോൾ മധുരക്കിഴങ്ങ് വളരെ സാവധാനത്തില്‍ മാത്രമേ പഞ്ചസാരയെ റിലീസ് ചെയ്യുകയുള്ളൂ. ഇവയിൽ ഭക്ഷ്യനാരുകളും റസിസ്റ്റന്റ് സ്റ്റാർച്ചും അടങ്ങിയതിനാലാണിത്. ഇത് ഗ്ലൂക്കോസിന്റെ ആഗിരണവും ദഹനവും സാവധാനത്തിലാക്കും. ഇതിന്റെ ഫലമായി ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ കൂടാതെ വളരെ കുറച്ചു മാത്രമേ കൂടുകയുള്ളൂ. ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലുള്ള ഉരുളക്കിഴങ്ങിനെക്കാളും സംസ്കരിച്ച ധാന്യങ്ങളെക്കാളും മികച്ചത് മധുരക്കിഴങ്ങാണ്.
ദഹനത്തിന് സഹായകം
ഇടത്തരം വലുപ്പമുള്ള ഒരു മധുരപ്പഴങ്ങളിൽ 4 ഗ്രാം ഫൈബർ ഉണ്ട്. ഇത് ദഹനം സാവധാനത്തിലാക്കുകയും ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും െചയ്യും. മധുരക്കിഴങ്ങിലെ റസിസ്റ്റന്റ് സ്റ്റാർച്ച് ചെറുകുടലിൽ പെട്ടെന്നുള്ള ദഹനത്തെ തടയുകയും കുടലിലെത്തുമ്പോൾ ഉദരത്തിലെ ബാക്ടീരിയകൾ ഇതിനെ ഫെർമെന്റ് ചെയ്യുകയും ചെയ്യും. ഈ പ്രക്രിയ ഷോർട്ട് ചെയ്ൻ ഫാറ്റി ആസിഡുകളെ പുറന്തള്ളും. ഇത് ഉപാപചയപ്രവർത്തനം ആരോഗ്യകരമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുകയും ചെയ്യും.
പ്രമേഹം നിയന്ത്രിക്കും
മധുരക്കിഴങ്ങിൽ പോഷകങ്ങൾ ധാരാളമുണ്ട്. വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ബി 6, പൊട്ടാസ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കൾ ഇവയെല്ലാം മധുരക്കിഴങ്ങിലുണ്ട്. ഉപാപചയപ്രവർത്തനം (metabolism) മെച്ചപ്പെടുത്താനും ഓക്സീകരണ സമ്മർദവും ഇൻഫ്ലമേഷനും കുറയ്ക്കാനും ഇത് സഹായിക്കും. മധുരക്കിഴങ്ങിലടങ്ങിയ ആന്റിഓക്സിഡന്റുകൾ സ്ട്രെസ്സ് കുറയ്ക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിയന്ത്രിക്കാനും മധുരക്കിഴങ്ങ് സഹായിക്കും.
പാൻക്രിയാസിന്റെ ആരോഗ്യം
മധുരക്കിഴങ്ങിലടങ്ങിയ ചില സംയുക്തങ്ങൾ ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തും. അതായത് ശരീരം ഇൻസുലിനോട് മെച്ചപ്പെട്ട രീതിയിൽ പ്രതികരിക്കുകയും കൂടുതൽ ഫലപ്രദമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. മധുരക്കിഴങ്ങ് പതിവായി കഴിച്ച ടൈപ്പ് 2 പ്രമേഹമുള്ള രോഗികളിൽ ഫാസ്റ്റിങ്ങ് ബ്ലഡ് ഗ്ലൂക്കോസിന്റെ അളവ് മെച്ചപ്പെട്ടതായി പഠനത്തിൽ കണ്ടു.
















