മൂന്നര പതിറ്റാണ്ടു മുമ്പ് ഹിന്ദി സിനിമാ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടി ദിവ്യ ഭാരതിയുടെ ദുരൂഹത നിറഞ്ഞ മരണം. പത്തൊന്‍പതാം വയസ്സില്‍ തന്നെ ഇന്ത്യന്‍ സിനിമയുടെ കൊടുമുടിയില്‍ എത്തി നില്‍ക്കുമ്പോഴായിരുന്നു ജീവിതത്തിനോട് യാത്ര പറഞ്ഞത്. 1993 ഏപ്രില്‍ 5ന് രാത്രി മുംബൈയിലെ വെര്‍സോവയിലുള്ള തന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്കു വീണാണ് ദിവ്യ മരിക്കുന്നത്. ആ സമയത്ത് പ്രശസ്ത ഡിസൈനര്‍ നീത ലുല്ലയും ഭര്‍ത്താവും ദിവ്യയുടെ വീട്ടിലുണ്ടായിരുന്നു. അവര്‍ ലിവിംഗ് റൂമില്‍ സംസാരിച്ചു കൊണ്ടിരിക്കെ ബാല്‍ക്കണിയിലേക്ക് പോയ ദിവ്യ കാല്‍ തെറ്റി താഴേക്ക് വീഴുകയായിരുന്നു എന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍, ദിവ്യ ഭാരതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, കാല്‍തെറ്റി വീഴാന്‍ സാധ്യത ഇല്ലെന്നുമാണ് ദിവ്യ ഭാരതിയുമായി കൂടുതല്‍ ബന്ധമുള്ളവര്‍ ഇന്നും വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ ദിവ്യയുടെ മരണത്തെക്കുറിച്ച് ഇന്നും പല ദുരൂഹതകളും നിലനില്‍ക്കുന്നുണ്ട്. ഇത് ഒരു അപകടമാണെന്ന് പോലീസ് വിധിയെഴുതിയെങ്കിലും, അതൊരു ആത്മഹത്യയോ അല്ലെങ്കില്‍ ആരെങ്കിലും തള്ളിയിട്ടതോ ആണെന്ന് വിശ്വസിക്കുന്നവര്‍ ധാരാളമാണ്. അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ സുരക്ഷാ ഗ്രില്ലുകള്‍ ഇല്ലാതിരുന്നത് അപകടത്തിന്റെ ആക്കം കൂട്ടിയെന്ന് പറയപ്പെടുന്നു. എന്നാല്‍, മരണസമയത്ത് ദിവ്യയുടെ സ്വകാര്യ ജീവിതത്തില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു.
ഇത് ആത്മഹത്യ എന്ന നിഗമനത്തിലേക്ക് പലരെയും നയിച്ചിട്ടുണ്ട്. പ്രശസ്ത നിര്‍മ്മാതാവ് സാജിദ് നദിയാദ്‌വാലയുമായി ദിവ്യ രഹസ്യമായി വിവാഹം കഴിച്ചിരുന്നു. വിവാഹത്തിന് ശേഷം ദിവ്യ ഭാരതി ഇസ്ലാം മതം സ്വീകരിക്കുകയും ‘സന’ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇത് അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍, ഈ ബന്ധത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ക്ക് സംഭവം അറിയാമായിരുന്നു. ഈ ബന്ധത്തിലെ തര്‍ക്കങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നും ചിലര്‍ ആരോപിച്ചു. പക്ഷെ, ചിലര്‍ കരുതുന്നത്, ദിവ്യയെ കൊലപ്പെടുത്തിയതാണെന്നാണ്. കാരണം, മതം മാറ്റവും, പേര് മാറ്റവും വലിയൊരു വിഷയമായി എടുത്തവരും കുറവല്ല. അതിന്റെ പേരില്‍ ഫ്‌ളാറ്റില്‍ വെച്ചു തന്നെ ദിവ്യ ഭാരിയുമായി കുടുംബത്തിലുള്ളവരും മറ്റുള്ള ചിലരും തര്‍ക്കിച്ചിരുന്നു.
മറ്റൊരു പ്രധാന ആരോപണം ദിവ്യയുടെ അധോലോക ബന്ധങ്ങളാണ്. തൊണ്ണൂറുകളില്‍ ബോളിവുഡില്‍ അധോലോകത്തിന് വലിയ സ്വാധീനമുണ്ടായിരുന്നു. പണം വെളുപ്പിക്കല്‍ തൊട്ട്, സിനിമകള്‍ക്ക് പണിമിറക്കുന്നതും, തിരിച്ചു പിടിക്കുന്നതുമെല്ലാം അധോലോകത്തിന്റെ സ്വാധീനത്തിലായിരുന്നു. ദിവ്യയുടെ ഭര്‍ത്താവ് സാജിദിന് അധോലോക നേതാക്കളുമായി ബന്ധമുണ്ടെന്നും അതിന്റെ ഭാഗമായി നടന്ന ഗൂഢാലോചനയാണ് ഇതിനു കാരണമെന്നും ചില അഭ്യൂഹങ്ങള്‍ അന്നേ പരന്നിരുന്നു. എന്നാല്‍ ഇതിനൊന്നും വ്യക്തമായ തെളിവുകള്‍ ഇല്ലായിരുന്നതിനാല്‍, കൂടുതല്‍ അന്വേഷണങ്ങളും നടന്നില്ല. മാത്രമല്ല, അധോലോക ബന്ധം ആരോപിക്കപ്പെടുമ്പോള്‍ തെളികളുടെ അഭാവവും ഉണ്ടാവുക സ്വാഭാവികമാണ്.
ദിവ്യയുടെ മരണസമയത്ത് ഒപ്പമുണ്ടായിരുന്ന നീത ലുല്ലയുടെയും വേലക്കാരിയുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് ചിലര്‍ വാദിക്കുന്നു. എന്നാല്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ പറയുന്നത് ദിവ്യ മദ്യപിച്ചിരുന്നുവെന്നും ബാല്‍ക്കണിയുടെ അരികില്‍ നില്‍ക്കുമ്പോള്‍ ബാലന്‍സ് തെറ്റി വീണതാണെന്നുമാണ്. അപകടത്തിന് മുന്‍പ് ദിവ്യ വളരെ സന്തോഷവതിയായിരുന്നുവെന്നും പുതിയ സിനിമകളെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, അഞ്ച് വര്‍ഷത്തോളം നീണ്ട അന്വേഷണത്തിന് ശേഷം 1998ല്‍ മുംബൈ പോലീസ് ഈ കേസ്ഫയല്‍ അടച്ചു. കൃത്യമായ തെളിവുകളുടെ അഭാവത്തില്‍ ഇതൊരു അപകടമരണം ആയി രേഖപ്പെടുത്തി. എങ്കിലും ദിവ്യയുടെ ആരാധകര്‍ക്കിടയില്‍ ഈ സംഭവം ഇന്നും തീരാത്ത വേദനയും ഉത്തരം കിട്ടാത്ത ചോദ്യവുമായി അവശേഷിക്കുന്നു.
ദിവ്യ ഭാരതിയുടെ മരണം കഴിഞ്ഞ് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു താരത്തിനും ആ വിടവ് നികത്താന്‍ കഴിഞ്ഞിട്ടില്ല. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച ആ നടി ഇന്നും സിനിമാ പ്രേമികളുടെ മനസ്സില്‍ ഒരു നൊമ്പരമായി നിലനില്‍ക്കുന്നു. ദിവ്യ ഭാരതിയുടെ സിനിമാ ജീവിതത്തിലെ വളര്‍ച്ച അത്ഭുതകരമാം വിധം വേഗത്തിലായിരുന്നു. വെറും 3 വര്‍ഷം (1990-1993) കൊണ്ട് അവര്‍ നേടിയെടുത്ത പ്രശസ്തി ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ്. 1990ല്‍ തന്റെ 16-ാം വയസ്സില്‍ തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ദിവ്യ, വെറും 3 വര്‍ഷത്തിനുള്ളില്‍ തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തി. ഈ കുറഞ്ഞ കാലയളവിനുള്ളില്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം 20-ഓളം സിനിമകളില്‍ അവര്‍ അഭിനയിച്ചു.
ഷാരൂഖ് ഖാന്‍, സുനില്‍ ഷെട്ടി, റിഷി കപൂര്‍, ഗോവിന്ദ, സണ്ണി ഡിയോള്‍, ചിരഞ്ജീവി തുടങ്ങിയ വമ്പന്‍ താരങ്ങള്‍ക്കൊപ്പം ചുരുങ്ങിയ കാലം കൊണ്ട് നായികയായി അഭിനയിക്കാന്‍ അവര്‍ക്ക് സാധിച്ചു. 1992-ല്‍ മാത്രം ദിവ്യയുടെ 10-ലധികം സിനിമകളാണ് പുറത്തിറങ്ങിയത്. ബോളിവുഡിലെ ഒട്ടുമിക്ക മുന്‍നിര നിര്‍മ്മാതാക്കളും സംവിധായകരും ദിവ്യയുടെ ഡേറ്റിനായി അന്ന് കാത്തുനില്‍ക്കുമായിരുന്നു.
CONTENT HIGH LIGHTS; Did actress Divya Bharathi die because she converted to Islam?: Was she murdered or committed suicide?; Are there still people who don’t believe the story of her falling from the fifth floor?
















