ഇന്ന് വിറകടുപ്പുള്ള അടുക്കള കുറവാണ്. ഭൂരിഭാഗം ആളുകളും ഗ്യാസ് ഉപയോഗിക്കുന്നവരാണ്. ഗ്യാസ് ഇല്ലാതെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ പാടാണ്. ഗ്യാസ് സുരക്ഷിതമായും കാര്യക്ഷമമായും ഉപയോഗിക്കാൻ അറിയാത്തവരാണ് മിക്കയാളുകളും. എന്നാൽ ഇനി മുതൽ ഗ്യാസ് എങ്ങനെ ലാഭിക്കാമെന്ന് നോക്കാം.
1. പാത്രങ്ങളിലെ ഈർപ്പം മാറ്റുക
നമ്മൾ സാധാരണയായി കഴുകിയ ഉടനെ തന്നെ പാത്രം അടുപ്പത്ത് വയ്ക്കും. പാത്രത്തിന്റെ അടിയിലുള്ള വെള്ളം വറ്റി വരാൻ തന്നെ കുറഞ്ഞത് ഒന്ന് രണ്ട് മിനിറ്റ് തീ കൂട്ടി വയ്ക്കേണ്ടി വരും. ഇത്രയും നേരം കത്തുന്ന ഗ്യാസ് വെറുതെ പാഴാവുകയാണ്. അതുകൊണ്ട് ഒരു ഉണങ്ങിയ തുണി കൊണ്ട് പാത്രം തുടച്ച് ഈർപ്പം മാറ്റിയ ശേഷം മാത്രം പാചകം തുടങ്ങുക.
2. പാചകത്തിന് മുൻപ്
അടുപ്പ് കത്തിച്ച ശേഷം ഉള്ളി അരിയുന്നതും മല്ലിപ്പൊടി തപ്പാന്‍ പോകുന്നതുമെല്ലാം ഗ്യാസ് പാഴാക്കുന്ന പരിപാടിയാണ്! പാചകത്തിന് വേണ്ട പച്ചക്കറികൾ അരിഞ്ഞും മസാലകൾ എടുത്തും എല്ലാം റെഡിയാക്കി വച്ച ശേഷം മാത്രം തീ കത്തിക്കുക. എല്ലാം കൈയെത്തും ദൂരത്ത് ഉണ്ടെങ്കിൽ പാചകം വേഗത്തിൽ തീരും, ഗ്യാസും ലാഭിക്കാം.
3. ഫ്ലെയിം കൂട്ടേണ്ട
ഉയര്‍ന്ന തീയിൽ വെച്ചാൽ ഭക്ഷണം വേഗം വേവുമെന്ന് വിചാരിക്കുന്നത് തെറ്റാണ്. വശങ്ങളിലൂടെ പുറത്തേക്ക് വരുന്ന തീ പാത്രത്തെയല്ല, പകരം വായുവിനെയാണ് ചൂടാക്കുന്നത്. പാത്രത്തിന്റെ അടിവട്ടത്തിന് ഉള്ളിൽ മാത്രം നിൽക്കുന്ന രീതിയിൽ തീ ക്രമീകരിച്ചു പാകം ചെയ്താൽ ഏകദേശം 20% വരെ ഗ്യാസ് ലാഭിക്കാം.
4. മൂടി വച്ച് വേവിക്കുക
ഭക്ഷണം പാകം ചെയ്യുമ്പോൾ ഉണ്ടാകുന്ന ചൂടും നീരാവിയും പാത്രത്തിന് പുറത്തേക്ക് പോകാതെ നോക്കിയാൽ പാചകം പകുതി സമയം കൊണ്ട് തീരും. പാത്രം മൂടി വയ്ക്കുമ്പോൾ ഉള്ളിലെ താപനില ഉയരുകയും വിഭവങ്ങൾ വേഗത്തിൽ വെന്ത് കിട്ടുകയും ചെയ്യും.
5. പ്രഷർ കുക്കര്‍ ഉപയോഗിക്കാം
ഗ്യാസ് ലാഭിക്കാൻ സഹായിക്കുന്ന ഏറ്റവും വലിയ ഉപകരണം കുക്കറാണ്. സാധാരണ പാത്രത്തിൽ വേവിക്കുന്നതിനേക്കാൾ നാലിലൊന്ന് സമയം കൊണ്ട് കുക്കറിൽ പരിപ്പും ഇറച്ചിയുമൊക്കെ വേവിച്ചെടുക്കാം. പ്രഷർ കുക്കർ ഉപയോഗിക്കുന്നത് വഴി വലിയൊരു അളവ് ഇന്ധനം ലാഭിക്കാൻ സാധിക്കും.
6. കുതിർത്ത് വയ്ക്കാം
വൻപയർ, കടല, പരിപ്പ് തുടങ്ങിയവ പാചകം ചെയ്യുന്നതിന് ഒരു മണിക്കൂർ മുൻപ് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ഇത് അവയുടെ കാഠിന്യം കുറയ്ക്കുകയും വേഗത്തിൽ വെന്ത് കിട്ടാൻ സഹായിക്കുകയും ചെയ്യും. അരി പോലും 15 മിനിറ്റ് കുതിർത്ത് വച്ച ശേഷം വേവിച്ചാൽ ഗ്യാസ് ലാഭിക്കാം.
7. ഫ്രിജിലെ സാധനങ്ങൾ ആദ്യം പുറത്തുവയ്ക്കുക
ഫ്രിഡ്ജിൽ നിന്ന് നേരിട്ട് എടുക്കുന്ന പാൽ, കറികൾ എന്നിവയ്ക്ക് നല്ല തണുപ്പുണ്ടാകും. ഇത് നേരിട്ട് അടുപ്പത്ത് വച്ചാൽ ആ തണുപ്പ് മാറാൻ തന്നെ ഒരുപാട് ഗ്യാസ് വേണ്ടി വരും. അതുകൊണ്ട് പാചകത്തിന് ഒരു മണിക്കൂർ മുൻപെങ്കിലും സാധനങ്ങൾ പുറത്തെടുത്തു വച്ച് സാധാരണ ഊഷ്മാവിൽ എത്തിയ ശേഷം മാത്രം ചൂടാക്കുക.
8. ബർണർ വൃത്തിയാക്കി വയ്ക്കുക
സ്റ്റൗവിലെ തീയിന്റെ നിറം ശ്രദ്ധിക്കുക. നീലനിറത്തിന് പകരം മഞ്ഞയോ ഓറഞ്ചോ നിറത്തിലാണ് കത്തുന്നതെങ്കിൽ ബർണറിൽ അഴുക്ക് കുടുങ്ങിയിട്ടുണ്ടെന്ന് ഉറപ്പിക്കാം. ഇത് കൂടുതൽ ഗ്യാസ് കത്തിത്തീരാൻ കാരണമാകും. ആഴ്ചയിലൊരിക്കൽ ബർണർ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുന്നത് തീ നന്നായി കത്താൻ സഹായിക്കും.
9. പാത്രത്തിന് അനുയോജ്യമായ ബർണർ തിരഞ്ഞെടുക്കുക
ചെറിയ പാത്രങ്ങൾ വലിയ ബർണറിൽ വയ്ക്കുമ്പോൾ വശങ്ങളിലൂടെ തീ പാഴാകും. ചെറിയ പാൽപ്പാത്രം ചൂടാക്കാനും ചായ വയ്ക്കാനും ചെറിയ ബർണർ ഉപയോഗിക്കുക. പാത്രത്തിന്റെ വലിപ്പത്തിന് അനുയോജ്യമായ ബർണർ തിരഞ്ഞെടുക്കുന്നത് ഗ്യാസ് നഷ്ടം ഒഴിവാക്കും.
10. പാചകം നിര്‍ത്തേണ്ട
ഒരു വിഭവം കഴിഞ്ഞ് അടുപ്പ് ഓഫ് ചെയ്ത് കുറേ നേരം കഴിഞ്ഞ് അടുത്തത് ഉണ്ടാക്കുമ്പോൾ സ്റ്റൗവും പാത്രവുമെല്ലാം തണുത്തു പോയിട്ടുണ്ടാകും. വീണ്ടും ചൂടാകാൻ കൂടുതൽ ഗ്യാസ് വേണം. അതിനു പകരം ഒന്നിലധികം വിഭവങ്ങൾ തുടർച്ചയായി തയ്യാറാക്കിയാൽ ആ ചൂട് നിലനിൽക്കുന്നത് കൊണ്ട് പാചകം എളുപ്പമാകും.
















