കൊളസ്‌ട്രോൾ നിയന്ത്രിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും കാരറ്റ് ജ്യൂസ് നല്ലതാണ്. വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ പാനീയമാണ് കാരറ്റ് ജ്യൂസ്. ചർമ്മം തിളക്കമുള്ളതാക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കാരറ്റ് ജ്യൂസ് സഹായിക്കുന്നു.
ദിവസവും ഫ്രഷ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് എന്തെല്ലാം ഗുണങ്ങളാണ് ശരീരത്തിന് നൽകുന്നത് എന്ന് നോക്കാം.കാരറ്റിൽ ബീറ്റാ കരോട്ടിൻ, ആൽഫാ കരോട്ടിൻ പോലുള്ള കരോട്ടിനോയിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നുവെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ വ്യക്തമാക്കുന്നു. കാരറ്റ് ജ്യൂസ് കുടിക്കുന്നത് ശരീരത്തിന്റെ ആന്റിഓക്‌സിഡന്റ് ശേഷി വർധിപ്പിക്കുന്നു. ഇത് കോശങ്ങളെ നശിപ്പിക്കാനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകാനും സാധ്യതയുള്ള ദോഷകരമായ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
കാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തക്കുഴലുകളെ സംരക്ഷിക്കാനും ഹൃദ്‌രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കാരറ്റ് ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് സിസ്റ്റോളിക് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയത്തെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കും.
വിറ്റാമിൻ എ,സി,ഇ, പൊട്ടാസ്യം പോലുള്ള ധാതുക്കൾ കാരറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കാഴ്ച, പ്രതിരോധശേഷി, ചർമത്തിന്റെ ആരോഗ്യം, ശരീരത്തിന്റെ ശരിയായ പ്രവർത്തനം എന്നിവയ്ക്ക് ഈ പോഷകങ്ങൾ സഹായകമാണ്.
പുരുഷന്മാർക്ക് പലപ്പോഴും ഉയർന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ഉണ്ടാകാറുണ്ടെന്നും അതേസമയം സ്ത്രീകൾക്ക് കൊഴുപ്പ്, ലെപ്റ്റിൻ അളവ് എന്നിവ കൂടുന്ന അവസ്ഥയും ഉണ്ടാകുന്നതായും പഠനങ്ങൾ പറയുന്നു. കാരറ്റ് ജ്യൂസ് കുടിക്കുന്നത് പുരുഷന്മാരിലെ ദോഷകരമായ കൊഴുപ്പിന്റെ വിഘടനം കുറയ്ക്കാൻ സഹായിക്കും.
















