ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠര് രാജീവര് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുന്നു. മെഡിസിൻ കാർഡിയോളജി വിഭാഗം ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് ഐസിയുവിലേക്ക് മാറ്റിയത്.
ഇന്നലെ രാവിലെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ വച്ച് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് തന്ത്രിയെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക പരിശോധനകൾ നടത്തിയതിന് ശേഷം വിദഗ്ദ പരിശോധനക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഡോക്ടർമാർ പരിശോധിച്ച് ആരോഗ്യ നില തൃപ്തികരമാണെന്ന് അറിയിച്ചാൽ ഉടനെ തന്ത്രിയെ പൂജപ്പുര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. ശേഷം നാളെ കൊല്ലം വിജിലൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കം.
ആലപ്പുഴയിലെ തന്ത്രിയുടെ വീട്ടിലെ പരിശോധന 8 മണിക്കൂർ നീണ്ടു. രാത്രി വൈകി അവസാനിപ്പിച്ച പരിശോധന ഇന്നും തുടരാനാണ് സാധ്യത. ദേവന്റെ അനുവാദം വാങ്ങാതെയും താന്ത്രിക നടപടികൾ പാലിക്കാതെയുമാണ് പാളികൾ കൈമാറുന്നതെന്നു തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിനെ അറിയിച്ചില്ലെന്നാണ് SIT റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
















