കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനെതിരേ കേരളം പ്രതിഷേധിക്കുകയാണ്. സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോഴും പ്രതിസന്ധികളില്‍ ഊര്‍ജ്വം ശേഖരിച്ച് മുന്നോട്ടു പോകാന്‍ ശ്രമിക്കുകയാണ് കേരള സര്‍ക്കാര്‍. എന്നാല്‍, അര്‍ഹതയുള്ള സാമ്പത്തികം പോലും നല്‍കാന്‍ കൂട്ടാക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ തെരുവില്‍ പ്രതിഷേദിക്കാതെ വയ്യ. സത്യാഗ്രഹം നടത്തുന്നത്, കേരളത്തിലെ മന്ത്രിസഭ ഒന്നടങ്കമാണ്. ഇടതുപക്ഷത്തിന്റെ പ്രതിശേധമാണെങ്കിലും അത്, കേരളത്തിലെ മന്ത്രിസഭയുടേതാകുമ്പോള്‍ കേരളത്തിന്റെ ശബ്ദമാവുകയാണ്. മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിക്കുകയും ചെയ്തു. അക്കമിട്ടു നിരത്തിയുള്ള അദ്ദേഹത്തിന്റെ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗം പൂര്‍ണ്ണ രൂപത്തില്‍ വായിക്കാം.
നമ്മുടെ സംസ്ഥാനം ഒരു പോരാട്ടത്തിലാണ്. ഈ നാടിന്റെയും ജനതയുടെയും അതിജീവനത്തിന്റെ പോരാട്ടമാണിത്. ഇന്ത്യാ രാജ്യത്തിലെ ഒരു സംസ്ഥാനമെന്ന നിലയില്‍ നമുക്ക് ഭരണഘടനാ പരമായി അര്‍ഹതപ്പെട്ട പലതും നമ്മില്‍ നിന്ന് തട്ടിപ്പറിക്കുന്നു. സ്വന്തം കയ്യിലാണ് അമിതാധികാരം എന്ന് ധരിക്കുന്ന കേന്ദ്ര ഭരണാധികാരികള്‍ വിവേചനപരമായി പിടിച്ചുപറിക്കുന്ന നമ്മുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സമരം ചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന അസാധാരണ സാഹചര്യമാണ് ഇന്നുള്ളത്. ഈ മാസം മുതല്‍ മാര്‍ച്ചുവരെ മൂന്നുമാസക്കാലയളവില്‍ സംസ്ഥാനത്തിന് വിനിയോഗിക്കാന്‍ ലഭിക്കേണ്ട തുകയുടെ പകുതിയിലധികം തുകയാണ് കേന്ദ്രം ഏറ്റവും ഒടുവില്‍ വെട്ടിക്കുറച്ചത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തെ മൂന്നുമാസത്തേയ്ക്ക് 12,000 കോടി രൂപയാണ് ലഭിക്കേണ്ടിരുന്നത്. തനത് വരുമാനങ്ങള്‍ക്കുപുറമെ ഈ വായ്പയുംകൂടി എടുത്താണ് അവസാന മാസത്തെ ചെലവുകള്‍ നിര്‍വഹിക്കേണ്ടത്. ഇതില്‍ 5,900 കോടി രൂപ ഒരു നീതീകരണവും ഇല്ലാതെ നിഷേധിച്ചിരിക്കുന്നു. കേന്ദ്ര പദ്ധതികളില്‍ കേരളത്തിന് ലഭിക്കേണ്ട തുകകളിലെ 2025 സെപ്റ്റംബര്‍ വരെയുള്ള കുടിശിക മാത്രം 5783.69 കോടി രൂപയുടേതാണ്.
- ദേശീയ ആരോഗ്യ ദൗത്യം (എന്‍.എച്ച്.എം) 636.88 കോടി.
- യു.ജി.സി ആനുകൂല്യങ്ങള്‍ 750.93 കോടി.
- ക്ഷേമ പെന്‍ഷന്‍ അതില്‍ ചിലതില്‍ കേന്ദ്ര വിഹിതം ഉണ്ട്, 324 കോടി.
- ഭക്ഷ്യ സുരക്ഷ 54.19 കോടി.
- എ.എ.വൈ കുടുംബങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്ന ഗരീബ് കല്യാണ്‍ അന്ന യോജന 43.44 കോടി.
- നെല്ല് സംഭരണം 1,206.69 കോടി
- മൃഗ സംരക്ഷണ, ക്ഷീര വികസന മേഖലകളിലെ പദ്ധതികള്‍ 37.4 കോടി.
- സമഗ്ര ശിക്ഷ കേരള 1,148.13 കോടി.
- ഡയറ്റുകളെ മികവിന്റെ കേന്ദ്രമാക്കി വികസിപ്പിക്കല്‍ 21.44 കോടി.
- ജലജീവന്‍ മിഷന്‍ 974.68 കോടി.
- പോഷണ്‍ അഭിയാന്‍ 200.2 കോടി.
- വനിത, ശിശു വികസന പദ്ധതികള്‍ 55.51 കോടി.
- ഫിഷറീസ് വികസനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ 161.63 കോടി.
- പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് 25.43 കോടി.
- സാമൂഹ്യ നീതിയും ശാക്തീകരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ 30.9 കോടി.
ഇങ്ങനെയാണ് പിടിച്ചുപറി.
എങ്ങനെയൊക്കെ കേരളത്തെ സാമ്പത്തികമായി ഞെരുക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ നോക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന രീതിയില്‍ കേരളത്തെ ഞെരുക്കണം എന്ന നിര്‍ബന്ധത്തോടെ തീരുമാനിക്കപ്പെട്ട കണക്കുകള്‍ ആണിതെന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല. ആരോഗ്യ രംഗത്തെയും വിദ്യാഭ്യാസ മേഖലയിലെയും അടക്കം വിവിധ മേഖലകളിലെ നമ്മുടെ അഭിമാന നേട്ടങ്ങള്‍ ഇല്ലാതാക്കുക; ക്ഷേമ പദ്ധതികള്‍ തകര്‍ക്കുക, കര്‍ഷകരെയും തൊഴിലാളികളെയും ജനങ്ങളെയാകെയും പ്രയാസപ്പെടുത്തുക. അങ്ങനെ വരിഞ്ഞു മുറുക്കി കേരളത്തെ ശിക്ഷിക്കുക. ഫലത്തില്‍ ഈ പാതകമാണ് സംഭവിക്കുന്നത്. പ്രധാന മന്ത്രിയുടെ പേരില്‍ ആഘോഷപൂര്‍വ്വം പ്രഖ്യാപിച്ച പദ്ധതികളുടെ ഫണ്ട് പോലും കേരളത്തിന് തടയപ്പെടുകയാണ്.
സ്വതന്ത്ര ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം കേന്ദ്ര സര്‍ക്കാരിലുള്ള അമിതമായ അധികാര കേന്ദ്രീകരണമാണ്. 1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടില്‍ ഉണ്ടായിരുന്ന പല കേന്ദ്രീകരണ പ്രവണതകളും ഇപ്പോഴും തുടരുന്നു. നമ്മുടെ രാജ്യം നേരിടുന്ന സംസ്ഥാനങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണിത്. നിയമനിര്‍മ്മാണ സഭകള്‍ പാസ്സാക്കുന്ന ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവയ്ക്കുന്നു. സംസ്ഥാന വിഷയങ്ങളില്‍ കയറി നിയമനിര്‍മ്മാണം നടത്തുന്നതുള്‍പ്പെടെയുള്ള ജനാധിപത്യവിരുദ്ധ നടപടികള്‍ അഭംഗുരം തുടരുകയാണ്. ഇതിനെതിരെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പരമോന്നത നീതിപീഠത്തെ സമീപിച്ചിട്ടുണ്ട്.
തങ്ങള്‍ക്ക് ഇഷ്ടമുള്ള സര്‍ക്കാരാണ് സംസ്ഥാനങ്ങളില്‍ അധികാരത്തിലുള്ളതെങ്കില്‍ വിവേചനാധികാരം ഉപയോഗിച്ച് അവര്‍ക്ക് ഗ്രാന്റുകള്‍ വാരിക്കോരി നല്‍കുകയാണ്. ഗ്രാന്റുകള്‍ നല്‍കുന്നതില്‍ എതിര്‍പ്പില്ല – എന്നാല്‍ മാനദണ്ഡാനുസൃതമായാണ് നല്‍കേണ്ടത് – തങ്ങള്‍ക്ക് രാഷ്ട്രീയമായി യോജിപ്പില്ലാത്ത രാഷ്ട്രീയ കക്ഷികള്‍ നയിക്കുന്ന സര്‍ക്കാരുകള്‍ക്കുമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നു. 2018 ലെ പ്രളയകാലത്ത് കേരളത്തിന് ലഭിക്കുമായിരുന്ന വിദേശ സഹായത്തിന് അനുമതി നിഷേധിച്ചതും വയനാട് പ്രകൃതി ദുരന്തത്തിന് അര്‍ഹമായ സഹായം നിഷേധിച്ചതും നമ്മുടെ മുന്നിലെ ഉദാഹരണങ്ങളാണ്. നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു ഇപ്പോഴത്തെ പ്രധാനമന്ത്രി… അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് ഗുജറാത്തില്‍ വലിയൊരു ദുരന്തം വന്നത്. ആ ദുരന്തത്തില്‍പ്പെട്ട നാടിനെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായി. അതോടൊപ്പം രാജ്യത്തിന് പുറത്തു നിന്നുള്ള സഹായങ്ങളും സ്വീകരിച്ചു.
അന്ന് അത് ആകാം. അദ്ദേഹം പ്രധാന മന്ത്രിയായ ശേഷം നൂറ്റാണ്ടിലെ മഹാ പ്രളയം നേരിട്ട കേരളത്തിന് പാടില്ല. ഇപ്പോള്‍ മഹാരാഷ്ട്രയുടെ കാര്യം വന്നു, ഉടനെ നയം മാറ്റി മഹാരാഷ്ട്രയ്ക്ക് വിദേശ സഹായം സ്വീകരിക്കാം എന്ന നില സ്വീകരിച്ചു. ഇതാണ് കേന്ദ്രത്തിന്റെ നയം. വയനാട് ദുരന്തത്തിലും നമുക്ക് അര്‍ഹതപ്പെട്ട സഹായം നിഷേധിക്കുന്ന സമീപനം. ഒരു നാടിനു നേരെ എത്രമാത്രം ക്രൂരമായ സമീപനം സ്വീകരിക്കാം എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഉന്നതവിദ്യാഭ്യാസ മേഖല കരുത്താര്‍ജിക്കുകയാണ്. ഇവിടെ ഈ മേഖല ഗൗരവമായ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. സംസ്ഥാനങ്ങളുടെ ഫണ്ടിംഗില്‍ ആരംഭിക്കുന്ന സര്‍വ്വകലാശാലകളുടെ ഒരു കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായം പോലും പറയരുത് എന്ന രീതിയാണ് ആര്‍ എസ് എസ് സംഘപരിവാര്‍ ശക്തികളായ അവരുടെ നോമിനികളിലൂടെ അവലംബിക്കുന്നത്. ഇതിനെതിരെയും അതിശക്തമായ രാഷ്ട്രീയനിയമ പോരാട്ടങ്ങള്‍ നടന്നുവരികയാണ്.
രാജ്യത്തിന്റെ ചരിത്രം തിരുത്തണം. കുട്ടികള്‍ അത് അറിയാന്‍ പാടില്ല. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ കുടുതല്‍ മനസിലാക്കരുത്. മനസിലാക്കിയാലുള്ള കുഴപ്പെമെന്താ സ്വതന്ത്ര്യ സമരത്തില്‍ ആരൊക്കെ പങ്കെടുത്തു. ആര് പങ്കെടുത്തില്ല, സ്വതന്ത്ര്യ സമരത്തെ എതിര്‍ത്തതാര്, അന്ന് ബ്രിട്ടീഷ് വൈസ്രോയിയുടെ അടുത്തു പോയി ഞങ്ങള്‍ നിങ്ങള്‍ക്ക് ഒപ്പമാണ് എന്ന് പറഞ്ഞുകൊണ്ട് ബ്രിട്ടീഷുകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതാര്. ജയിലില്‍പ്പെട്ടു പോയപ്പോള്‍ മാപ്പു എഴുതികൊടുത്ത് ഇനിയുള്ള കാലം ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ വിശ്വസ്ത സേവകനായിരുന്നുകൊള്ളം എന്ന് പ്രതിജ്ഞ എഴുതി കൊടുത്തതാര് ഇങ്ങനെയെല്ലാം ഉള്ള കാര്യം വിദ്യാര്‍ത്ഥികള്‍ അറിയും. അതെല്ലാം മാറണം, അതെല്ലാം മാറ്റണം, ഇതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. ആ ചരിത്രം തിരുത്തണം. വ്യാജ ചരിത്രം സൃഷ്ടിക്കണം. അതുനുവേണ്ടിയുള്ള നടപടികളുമായി മുന്നോട്ട് പോകുന്നു. ഇതാണ് വിദ്യാഭ്യാസ രംഗം എന്ന് നമ്മള്‍ ഓര്‍ക്കണം.
കേന്ദ്ര ഗവണ്‍മെന്റ് ഈ ചരിത്ര വസ്തുതകള്‍ നിഷേധിക്കാന്‍ തയ്യാറായപ്പോള്‍, അവ പാഠാപുസ്തകങ്ങളില്‍ നിന്ന് എടുത്ത് മാറ്റാന്‍ തയ്യാറായപ്പോള്‍ നമ്മുടെ കേരളം മാത്രമാണ് ഗന്ധിജിയെക്കുറിച്ചടക്കം പാഠാഭാഗത്ത് ഉള്‍പ്പെടുത്തിയത്. ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു ഭാഗമാണ് മുഗള്‍ കാലഘട്ടം. അങ്ങനെയൊരു ചരിത്ര ഘട്ടമേ വേണ്ട, അത് കുട്ടികള്‍ അറിയാന്‍ പാടില്ല എന്ന നിലപാടാണ് ഉണ്ടായത്. ചരിത്രം കുട്ടികള്‍ മനസ്സിലാക്കട്ടെ എന്ന നിലപാട് ഇന്ത്യാ രാജ്യത്ത് സ്വീകരിച്ച ഏക സംസ്ഥാനം കേരളമാണ്. അത് നാം അറിഞ്ഞു പോകേണ്ടതുണ്ട്. അപ്പോള്‍ സംഘപരിവാര്‍ ബോധപൂര്‍വം തന്നെ അവരുടെ നോവലുകളിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൈവശപ്പെടുത്തി തങ്ങളുടെതായ ആശയം നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ ശക്തമായ നിലപാട് മതനിരപേക്ഷത സംരക്ഷിക്കുന്ന എല്ലാവരില്‍ നിന്നും ഉണ്ടാകണം.
ഞങ്ങള്‍ എപ്പോഴും അതിന്റെ കൂടെ ഉണ്ടാകും. എല്ലാ ഘട്ടത്തിലും ഞങ്ങള്‍ അതിന് മുന്നില്‍ നിന്നിട്ടുണ്ട്. ഒരു സന്ദര്‍ഭത്തിലും ഞങ്ങള്‍ പിറകോട്ട് പോകില്ല. പക്ഷേ മതനിരപേക്ഷമാണെന്ന് അവകാശപ്പെടുന്ന ഒട്ടേറെ പേര്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ ഇത്തരം കാര്യങ്ങളില്‍ പലപ്പോഴും മൃദു സമീപനം സ്വീകരിക്കുകയാണ്. മതനിരപേക്ഷതയുടെ സംരക്ഷണം എന്നത് വര്‍ഗീയതയോടുള്ള സമീപനം എന്ത് എന്നുള്ളതാണ്. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാന്‍ ആകണം. തങ്ങളുടെ വര്‍ഗീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെതിരെ കര്‍ക്കശമായ, വിട്ടുവീഴ്ചയില്ലാത്ത നിലപാട് മതനിരപേക്ഷ ശക്തികള്‍ സ്വീകരിക്കണം. അവിടെ ചില്ലറ വോട്ട്, നാല് സീറ്റ്, അല്ലെങ്കില്‍ ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനം ഇതൊക്കെയാണ് പ്രധാനം എന്ന് കണ്ടുകൊണ്ട് വര്‍ഗീയതയുമായി സമരസപ്പെടാന്‍ തയ്യാറാകരുത്. നാണംകെട്ട രീതിയിലുള്ള അത്തരം നീക്കങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നു എന്നതാണ് ഇപ്പോള്‍ നമ്മുടെ കണ്‍മുന്നില്‍ ഉള്ളത്. ഇത് നമുക്ക് തിരിച്ചറിയാന്‍ കഴിയണം.
കേരളം ജനസംഖ്യ നിയന്ത്രണത്തില്‍ ഉള്‍പ്പെടെ കൈവരിച്ച ഗണ്യമായ നേട്ടങ്ങള്‍ കാരണം ധനകാര്യ കമ്മീഷനില്‍ നിന്ന് ലഭിക്കുന്ന നികുതി വിഹിതം നമുക്ക് ക്രമാനുഗതമായി കുറഞ്ഞു വരികയാണ്. 2000 – 05 കാലത്ത നമ്മുടെ നികുതി വിഹിതം 3.05 ശതമാനം ആയിരുന്നു. അത് 2020 – 26 ല്‍ 1.92 ആയി കുറഞ്ഞു. ഈ സാമ്പത്തിക സമ്മര്‍ദ്ദം സംസ്ഥാനം നേരിടുമ്പോഴാണ് ഗ്രാന്റുകളുടെ കാര്യത്തിലും വായ്പാ പരിധിയുടെ ടെ കാര്യത്തിലും കേന്ദ്രത്തിന്റെ വിവേചനസമീപനം കൂടി ഉണ്ടാവുന്നത്.
ജനാധിപത്യവിരുദ്ധ സമീപനങ്ങള്‍ കൈക്കൊള്ളുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ബഹുജനാഭിപ്രായം ഉയര്‍ന്നുവരേണ്ടത് ഫെഡറല്‍, ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളുടെ സംരക്ഷണത്തിന് അനിവാര്യമാണ്. നിര്‍ഭാഗ്യവശാല്‍ ഇക്കാര്യത്തില്‍ പോലും ഒരു അഭിപ്രായ സമന്വയമുണ്ടാക്കാന്‍ കോണ്‍ഗ്രസ്സും യു.ഡി.എഫും തയ്യാറാകുന്നില്ല. തീര്‍ത്തും സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുങ്ങുന്നു എങ്കില്‍ തങ്ങള്‍ക്ക് അതില്‍ നിന്ന് എന്ത് ലാഭം എന്ന കാഴ്ചപ്പാടാണ് ഇവിടത്തെ പ്രതിപക്ഷത്തിനുള്ളത്. ഇത് സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്ക് തീര്‍ത്തും എതിരായ സമീപനമാണ്. കേരളം നേരിടുന്ന വിവേചനത്തിനെതിരെ മുഴുവന്‍ ജനവിഭാഗങ്ങളേയും അണിനിരത്തി അതിശക്തമായി ശബ്ദമുയര്‍ത്തുക എന്ന കടമയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ഈ അവസരത്തില്‍ നിറവേറ്റുന്നത്.
നേരത്തെ വടകര പാര്‍ലമെന്റ് സീറ്റിലും ബേപ്പൂര്‍ അസംബ്ലി സീറ്റിലും കോലീബി സഖ്യം ഉണ്ടായത് നമുക്ക് മറക്കാവുന്ന കാര്യമല്ല. അന്നും ആര്‍എസ്എസ് തന്നെയാണ് നേതൃത്വത്തില്‍. അന്നും ആര്‍എസ്എസ് ഈ നിലപാടില്‍ തന്നെയാണ്. കേന്ദ്ര ഭരണം ഇല്ലെന്ന് മാത്രം. അന്ന് അവരോട് കൂട്ടുകൂടാന്‍ കോണ്‍ഗ്രസിന് മടി ഉണ്ടായിട്ടില്ല. പിന്നീടുള്ള നിരവധി ഘട്ടങ്ങള്‍ അത്തരത്തിലുള്ള കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും ലീഗും തയ്യാറായിട്ടുണ്ട്. ഇതൊക്കെ നമ്മുടെ അനുഭവത്തിലുള്ള കാര്യമാണ് അവര്‍ക്ക് നാല് വോട്ട് വരുമ്പോള്‍ മതനിരപേക്ഷത ദുര്‍ബലപ്പെട്ടാലും കുഴപ്പമില്ല. സ്വയം വിനാശകരമായ നിലപാടാണ് അത് എന്ന് അനുഭവത്തിലൂടെ തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇന്ന് ബിജെപിയുടെ നേതൃത്വത്തില്‍ പഴയ കോണ്‍ഗ്രസ് നേതാക്കള്‍, എഐസിസി നേതാക്കള്‍, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, സംസ്ഥാന കോണ്‍ഗ്രസ് കോണ്‍ഗ്രസിന്റെ അധ്യക്ഷന്മാര്‍ അങ്ങനെ വലിയൊരു നിരയെ ബിജെപി നേതൃസ്ഥാനത്ത് നമുക്ക് കാണാന്‍ കഴിയും.
ഈ സമീപനത്തിന്റെ ഭാഗമായാണ് അത്തരമൊരു നിലയിലേക്ക് കാര്യങ്ങള്‍ എത്തിയത് എന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാനോ തിരിച്ചറിയാനോ കഴിയുന്നില്ല. അനുഭവത്തില്‍നിന്ന് ഒരു തിരുത്തും വരുത്താന്‍ തയ്യാറാകുന്നില്ല. ആവശ്യം വരുമ്പോള്‍ ബിജെപിയുടെ ആര്‍എസ്എസിന്റെ ആടയാഭരണങ്ങള്‍ എടുത്ത് അണിയാനും ആ ഒരു പ്രതീതി സൃഷ്ടിക്കാനും മടിയില്ലാത്തവരായി അവര്‍ മാറുകയാണ്. കേന്ദ്രത്തിന്റെ വിവേചനപരമായ സാമ്പത്തിക സമീപനം കാരണം നാം നേരിടുന്ന പ്രതിസന്ധി സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തുകൊണ്ടാണെന്നാണ് വ്യാജ പ്രചരണം അഴിച്ചുവിടുന്നത്. കേരളത്തില്‍ ധൂര്‍ത്ത് കാരണം കടക്കെണിയാണെന്നാണ് പ്രചരണം. ഈ പ്രചരണത്തിന് മറുപടി ഞങ്ങള്‍ പ്രത്യേകം പറയേണ്ട ആവശ്യം തന്നെ വരുന്നില്ല. സി&എ.ജി ഏറ്റവും ഒടുവില്‍ (2025 ഡിസംബറില്‍) പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ പട്ടിക 5.2 പ്രകാരം 2023-24 ലെ കടമെടുപ്പിന്റെ 56.29 ശതമാനം മൂലധന ചെലവുകള്‍ക്കായാണ് വിനിയോഗിച്ചിട്ടുള്ളത്. കേരളം നിത്യനിദാന ചെലവുകള്‍ക്കായി കടമെടുത്ത് മുടിയുന്ന സംസ്ഥാനമാണെന്നുള്ള ദുഷ്പ്രചാരണം ഇതിലൂടെ പൊളിയുകയാണ്.
കമ്പോള വായ്പയുടെ വളര്‍ച്ചാ നിരക്കിനെപ്പറ്റിയും സി& എ.ജി വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്. 2014-15 മുതല്‍ 2023-24 വരെയുള്ള കാലയളവിലെ സംസ്ഥാനങ്ങളുടെ കമ്പോള വായ്പാ വളര്‍ച്ചാ ശതമാനത്തില്‍ കേരളം 18-ാം സ്ഥാനത്താണ്. ഇത് സൂചിപ്പിക്കുന്നത് കേരളത്തിന്റെ ആഭ്യന്തര കടം വളരെ മിതമായ രീതിയില്‍ മാത്രമേ വളര്‍ന്നിട്ടുള്ളൂ എന്നാണ്. നമ്മുടെ ആകെ കടബാധ്യത കോവിഡ് കാലത്ത് ആഭ്യന്തര വരുമാനത്തിന്റെ 38 ശതമാനമായി ഉയര്‍ന്നത് 2024-25 ല്‍ 34 ശതമാനത്തോളമായി താഴ്ന്നിട്ടുണ്ട്. തനത് വരുമാനം ഗണ്യമായി വര്‍ദ്ധിപ്പിച്ചുകൊണ്ടും ചെലവുകള്‍ ക്രമീകരിച്ചുകൊണ്ടുമാണ് കേന്ദ്ര വിവേചനത്തിനിടയിലും നമ്മള്‍ സാമ്പത്തികമായി പിടിച്ചുനില്‍ക്കുന്നത്. കേരളത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 72.84 ശതമാനം തനത് റവന്യൂ വരുമാനമാണ്. ഇക്കാര്യങ്ങളില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ശരാശരി 57.77 ശതമാനം മാത്രമാണ്. കേരളത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 59.71 ശതമാനം തനത് നികുതി വരുമാനമാണ്. ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ശരാശരി ഇക്കാര്യത്തില്‍ 49.55 ശതമാനമാണ്.
കേരളത്തില്‍ നികുതി പിരിവില്ല, കടക്കെണിയാണ് എന്നീ ദുഷ്പ്രചരണങ്ങള്‍ ഈ കണക്കുകളിലൂടെ പൊളിഞ്ഞുവീഴുകയാണ്. സമൂഹത്തില്‍ സര്‍ക്കാരിനെതിരെ നടത്തുന്ന വ്യാജനിര്‍മ്മിതിയുടെ ആഴം എത്രയാണെന്ന് തെളിയിക്കുന്ന അനുഭവമാന് ഇത്.
ഇവിടെ നിന്നുകൂടി പിരിഞ്ഞുകിട്ടുന്ന നികുതിയാണ് കേന്ദ്രത്തിന്റെ വരുമാനം. അതിന്റെ ഒരു ഭാഗം നികുതി വിഹിതമായും ഗ്രാന്റുകളായും സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ടത് കേന്ദ്രത്തിന്റെ ഭരണഘടനാ ബാധ്യതയാണ്. ഇത് ഒരു തരത്തിലും ഔദാര്യമല്ല. വസ്തുത ഇതായിരിക്കെ കേന്ദ്രാവിഷ്‌കൃത പദ്ധതികളെ രാഷ്ട്രീയ പ്രചരണായുധമായി ഉപയോഗിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നത്. ബ്രാന്റിംഗ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പറഞ്ഞുകൊണ്ട് സംസ്ഥാനത്തിനുള്ള സഹായം തടഞ്ഞുവയ്ക്കുകയാണ്.
നെല്ല് സംഭരണത്തിന്റെ ഇന്‍സെന്റീവ് ഇനത്തിലും എസ് എസ് എ ഇനത്തിലും ജലജീവന്‍ മിഷന്‍ പദ്ധതിക്കുള്ള സഹായത്തിന്റെ ഭാഗമായും തുകകള്‍ ഒട്ടേറെ ലഭിക്കാനുണ്ട്. മഹാത്മാഗാന്ധി ദേശീയ തൊഴില്‍ ഉറപ്പ് പദ്ധതി കോര്‍ ഓഫ് കോര്‍ എന്ന വിഭാഗത്തില്‍പ്പെട്ട കേന്ദ്രാവിഷ്‌കൃത പദ്ധതിയായിരുന്നു. ഇതില്‍ വേതനത്തിനായുള്ള കേന്ദ്രസഹായം 100 ശതമാനമായിരുന്നു. പുതിയ VBG RAM G (വി.ബി.ജി റാം ജി) പദ്ധതി പ്രകാരം കേന്ദ്രസഹായം 60 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതിനുപുറമെ VBG RAM G യില്‍ ഓരോ സംസ്ഥാനത്തിലും ഉല്‍പ്പാദിപ്പിക്കേണ്ട തൊഴില്‍ ദിനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിഹിതത്തിനുള്ളില്‍ ആകണമെന്നുള്ളതുകൊണ്ട് സംസ്ഥാനത്തിന് വരാവുന്ന ആകെ നഷ്ടം 3,544 കോടി രൂപയാണ്. ഈ തടഞ്ഞുവയ്ക്കല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുകയാണ്. ഗ്രാന്റുകള്‍ തടഞ്ഞുവച്ചതിനു പുറമെയാണ് 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ (ജനുവരി-മാര്‍ച്ച്, 2026) ലഭിക്കേണ്ട വായ്പയില്‍ നിന്നും 5,944.67 കോടി രൂപയുടെ വെട്ടിക്കുറവ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്.
കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവ (പ്രധാനമായും കിഫ്ബി) എടുത്ത കമ്പോള വായ്പയാണ് ഈ വെട്ടിക്കുറവിന് കാരണമായി പറയുന്നത്. കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിന് വലിയ കുതിപ്പ് സൃഷ്ടിച്ച മൂലധന ചെലവുകളാണ് കിഫ്ബി വഴി നടപ്പാക്കിവരുന്നത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കാലവിളംബം വരാതെ നല്‍കുവാനാണ് പെന്‍ഷന്‍ കമ്പനി വഴി ശ്രമം നടത്തിയിട്ടുള്ളത്. ഇതൊന്നും മുന്നോട്ടു പോകരുത് എന്ന വാശിയാണ് കാണിക്കുന്നത്. നമ്മുടെ പശ്ചാത്തല സൗകര്യ വികസനത്തെയും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളെയും തുരങ്കം വയ്ക്കുക;
ഗ്രാന്റുകള്‍ തടഞ്ഞുവച്ചിട്ടും വായ്പാ പരിധി വെട്ടിക്കുറച്ചിട്ടും മതിവരാതെ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും 3,323 കോടി രൂപയുടെ വെട്ടിക്കുറവ് കൂടി വായ്പാ പരിധിയില്‍ വരുത്തിയിട്ടുണ്ട്. ഗ്യാരണ്ടി റിഡംപ്ഷന്‍ ഫണ്ടുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടാണിത്. വായ്പാപരിധിയിലെ വെട്ടിക്കുറവ് പുനഃപരിശോധിക്കണമെന്ന് കേന്ദ്ര ധനമന്ത്രിയോട് സംസ്ഥാന ധനമന്ത്രി നേരില്‍ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ അനുകൂല സമീപനം ഉണ്ടാകുന്നതിനായും ശക്തമായ ബഹുജനാഭിപ്രായം സംസ്ഥാനത്തിനകത്തും പുറത്തും ഉയര്‍ന്നുവരേണ്ടതുണ്ട്.
ഇതൊന്നുംകൊണ്ട് കേരളത്തെ തകര്‍ക്കാനോ തളര്‍ത്താനോ പറ്റുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരിനും കേരളത്തിലെ പ്രതിപക്ഷത്തിനുമൊക്കെ ബോധ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വിഹിതങ്ങളില്‍ ഇത്രയേറെ കുറവുണ്ടായിട്ടും കേരളത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ വ്യവസായങ്ങള്‍ ഉറപ്പാക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കൂടുതല്‍ പണം ചെലവഴിക്കാന്‍ സംസ്ഥാനത്തിന് കഴിയുന്നുണ്ട്.
ക്ഷേമാനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, വനിതകള്‍ക്ക് വരുമാനം ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷ പദ്ധതി, യുവജനതയ്ക്കായുള്ള കണക്ട് ടുവര്‍ക്ക് പദ്ധതി ഉള്‍പ്പെടെയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണം, ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി.എ/ ഡി.ആര്‍ കുടിശ്ശിക അനുവദിക്കല്‍ തുടങ്ങിയ തീരുമാനങ്ങള്‍ പ്രതിപക്ഷത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഈ ജനപക്ഷ നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് വായ്പാനുമതി വെട്ടിക്കുറയ്ക്കലില്‍ പ്രകടമായത്.
ഒരു വശത്തുകൂടി നൂണപ്രചാരണം നടത്തുക മറുഭാഗത്ത് സാമ്പത്തികമായി ഞെരുക്കുകയെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഈ കേരള വിരുദ്ധ സമീപനത്തിലെ യു.ഡി.എഫിന്റെ പങ്കാളിത്തത്തിന് ഉദാഹരണമാണ് കോഴിക്കോട്ടേയും കൊല്ലത്തേയും എം.പിമാര്‍ കേരളത്തിലെ റേഷന്‍ മുടക്കാനും സഹകരണ മേഖലയെ തകര്‍ക്കാനും കഴിയുമോ എന്നനിലയിലുള്ള ഇടപെടല്‍ നടത്താന്‍ പാര്‍ലമെന്റില്‍ ശ്രമിച്ചത്. അതിനായി ചോദ്യോത്തര വേളയെ ഉപയോഗിക്കാനും ഇവര്‍ മടിച്ചില്ല.
കേരളത്തിലെ മൂന്നര കോടി ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പണം ഏകപക്ഷീയമായി തടയുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരായി ഒറ്റക്കെട്ടായി നില്‍ക്കാന്‍ കേരളത്തിന് കഴിയണം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍തൊട്ട് പാര്‍ലമെന്റുവരെ വ്യത്യസ്തമായ പാര്‍ട്ടികള്‍ക്ക് പങ്കാളിത്തമുള്ള സംസ്ഥാനമാണ് കേരളം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുംപ്പെട്ട കേരളീയര്‍ക്ക് അവകാശപ്പെട്ട പണമാണ് നിഷേധിക്കപ്പെടുന്നത്. മറ്റ് പല സംസ്ഥാനങ്ങള്‍ക്കും വിപുലമായ ആനുകൂല്യങ്ങള്‍ കിട്ടുമ്പോള്‍ കേരളത്തിന് അര്‍ഹമായതുകൂടി നിഷേധിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്.
പലതവണ കേന്ദ്ര ഭരണാധികാരികളെകണ്ട് ഈ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഡിസംബര്‍ 24?ന് കേന്ദ്ര ധനകാര്യ മന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം സമര്‍പ്പിച്ചതുമാണ്. ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കലിന് കേരളം നല്‍കിയ 6,000 കോടി രൂപയ്ക്ക് പകരം വായ്പ എടുക്കാന്‍ അനുവദിക്കണമെന്നും, ഐ.ജി.എസ്.ടി റിക്കവറി എന്നപേരില്‍ പിടിച്ച 965 കോടി രൂപ സംസ്ഥാനത്തിന് തിരിച്ചുതരണമെന്നും ഗ്യാരണ്ടി നിക്ഷേപത്തിന്റെ പേരില്‍ വെട്ടിക്കുറച്ച 3,300 കോടി രൂപയുടെ വായ്പയ്ക്ക് അനുമതി ലഭ്യമാക്കണമെന്നതും അടക്കമുള്ള ആവശ്യങ്ങളും മുന്നോട്ടുവച്ചിരുന്നു. എന്നിട്ടും അനുകൂലമായ ഒരു നിലപാടും ഉണ്ടായിട്ടില്ല.
ഇവിടെ നടത്തുന്ന ഈ പ്രക്ഷോഭം ആദ്യത്തേതല്ല നമ്മുടെ അവകാശങ്ങള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സമരം നടത്തി. സുപ്രീം കോടതിയെ സമീപിച്ചു. നമ്മുടെ ആവശ്യങ്ങളില്‍ വസ്തുത ഉണ്ടെന്നുകണ്ട സുപ്രീം കോടതി ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളതുപോലെ കേന്ദ്രത്തിന് വഴങ്ങുന്ന ഒരു നയസമീപനമല്ല സംസ്ഥാനം സ്വീകരിച്ചിട്ടുള്ളത്. ബദല്‍ നയമാണ് നാം ഇവിടെ നടപ്പാക്കുന്നത്. ബിജെപി സര്‍ക്കാരിനെതിരെ കോടതിയില്‍ പോകാനും ശക്തമായ പ്രക്ഷോഭം നടത്താനും കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മാത്രമേ തയ്യാറായിട്ടുള്ളൂ.
അതുകൊണ്ടുതന്നെ ഈ വിഷയങ്ങള്‍ ഗൗരവമായി തന്നെ കേരളം ചര്‍ച്ച ചെയ്യേണ്ടതാണ്. സ്ത്രീ സുരക്ഷ പദ്ധതിയും കണക്ട് ടു വര്‍ക്ക് പരിപാടിയും ക്ഷേമ പെന്‍ഷന്‍, ശമ്പളം, പെന്‍ഷന്‍ വിതരണവുമൊക്കെ തടസപ്പെടുത്തലിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട പണം നിഷേധിക്കുന്നത്. ഇത് കേരളത്തിനെ പിന്നില്‍നിന്ന് കുത്തുന്ന അനുഭവമാണ്. അതില്‍ ബി.ജെ.പിയ്‌ക്കൊപ്പം കേരളത്തിലെ പ്രതിപക്ഷവും ചേര്‍ന്നിരിക്കുകയാണ്. ഈ
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളായ ഫെഡറലിസത്തെയും ജനാധിപത്യ മൂല്യങ്ങളെയും മതനിരപേക്ഷതയെയും കടന്നാക്രമിക്കുന്ന സംഘപരിവാര്‍ ശക്തികളുടെ വികലമായ നയങ്ങള്‍ ലോകത്തിനു മുന്നില്‍ അനിതരസാധാരണമായ നേട്ടങ്ങള്‍ കാഴ്ചവച്ച കേരളത്തിന്റെ വികസന പരിപ്രേക്ഷ്യത്തെ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ്. കോണ്‍ഗ്രസ്സിന്റെയും യു.ഡി.എഫിന്റെയും പൂര്‍ണ്ണ സമ്മതത്തോടുകൂടി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ എല്ലാ അഭിപ്രായവ്യതാസങ്ങളും മാറ്റിവച്ചുകൊണ്ടുള്ള ജനകീയ പ്രതിഷേധം സംസ്ഥാനത്തുടനീളം ഉയര്‍ന്നുവരുന്നതിന്റെ മുന്നറിയിപ്പാണ് നാം ഇവിടെ നടത്തുന്ന സമരം.
- അമിത് ഷായ്ക്കുള്ള മറുപടി
മോദി സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് മുന്‍ കാലങ്ങളെക്കാള്‍ വലിയ തോതില്‍ വിഹിതം നല്‍കി എന്നാണ് ഇന്നലെ കേന്ദ്ര ആദ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞുകേട്ടത്. ധനകാര്യകമ്മീഷനുകള്‍ വഴിയുള്ള വിഹിത വിതരണം ആരുടെയും ഔദാര്യമല്ല; ഭരണഘടനാപരമായി സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്നതാണ്.
ധനകാര്യ കമീഷന്റെ പരിഗണനാ വിഷയങ്ങളിലും മാനദണ്ഡങ്ങളിലും കൈകടത്തി, കേരളത്തിന് ലഭിക്കേണ്ട അര്‍ഹതപ്പെട്ട തുക നിഷേധിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നതാണ് നാം ഉന്നയിക്കുന്ന പ്രശ്‌നം.
14 -ാം കമ്മിഷന്റെ കാലയളവില്‍ 2017-18, 2018-19 എന്നീ വര്‍ഷങ്ങളില്‍ യഥാക്രമം 16,833 കോടി രൂപയും 19,038 കോടി രൂപയും 15 -ാം കമ്മിഷന്റെ കാലയളവില്‍ 2020-21 ല്‍ 11,560 കോടി രൂപയുമാണ് കേരളത്തിന് ലഭ്യമായത്. 2021-22, 2022-23 എന്നീ വര്‍ഷങ്ങളില്‍ 17,890 കോടി രൂപയും 18,961 കോടി രൂപയും ആണ് ലഭിച്ചത്. അതായത് മുന്‍ കമ്മിഷന്റെ കാലയളവിനെക്കാള്‍ നികുതി വിഹിതം കുറയുകയാണ് ഉണ്ടായത്. ഇത് ഒരു കാലത്തും സംഭവിച്ചിട്ടില്ലാത്ത കുറവ് വരുത്തലാണ്.
ഇവിടെ മനസ്സിലാക്കേണ്ട കാര്യം, 15 -ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ പ്രധാനപങ്കും റവന്യുക്കമ്മി നികത്താനുള്ള പ്രത്യേക ധനസഹായമായ റവന്യു കമ്മി ഗ്രാന്റാണ് എന്നതാണ്.
15 -ാംധനകാര്യ കമ്മീഷനെ നിയമിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ പരിഗണനാ വിഷയങ്ങളില്‍ പ്രത്യേകം എടുത്തു പറഞ്ഞ ഒരു കാര്യം റവന്യുക്കമ്മി നേരിടുന്ന സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക ഗ്രാന്റ് നല്‍കേണ്ടതില്ല എന്നാണ്. ഇതിനെ കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളും എതിര്‍ത്തു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ തികച്ചും വിവേചനപരമായ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ സമ്മേളനമുള്‍പ്പെടെ കേരളം വിളിച്ചു കൂട്ടി. ഒടുവില്‍ സംസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പിനു കമ്മീഷന് വഴങ്ങേണ്ടി വരികയായിരുന്നു. അങ്ങനെയാണ് ഈ കാലയളവില്‍ റവന്യു കമ്മി ഗ്രാന്റ് കേരളത്തിന് കിട്ടിയത്. ഈ റവന്യു കമ്മി ഗ്രാന്റും സംസ്ഥാനത്തിന്റെ അവകാശമാണ്, ആരുടെയും ഔദാര്യമല്ല. റവന്യു കമ്മി ഗ്രാന്റ് ഇല്ലായിരുന്നുവെങ്കില്‍ സംസ്ഥാനങ്ങള്‍ക്കു കിട്ടിയ വിഹിതത്തില്‍ ഇനിയും കുറവു വരുമായിരുന്നു. റവന്യു കമ്മി ഗ്രന്റിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ തങ്ങളുടെ ന്യായമായ അവകാശം സമ്മര്‍ദം ചെലുത്തി ചോദിച്ചു വാങ്ങിയതാണ്. ആരും ഔദാര്യമായി തന്നതല്ല.
2014 ല്‍ പ്രധാനമന്ത്രിയായയുടനെ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കാന്‍ നരേന്ദ്രമോദി പ്രധാനമന്ത്രി എന്ന നിലക്ക് ധനകാര്യ കമ്മീഷനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് നിലവിലെ നീതി ആയോഗ് സ.ഇ.ഒ ആയ ബിവിആര്‍ സുബ്രഹ്മണ്യം പറഞ്ഞത്. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തില്‍ സ്വതന്ത്ര തീരുമാനം എടുക്കാന്‍ അധികാരമുള്ള ഭരണഘടനാ സ്ഥാപനമാണ് ധനകാര്യ കമ്മീഷനുകള്‍. എന്നാല്‍ ഈ ഭരണഘടനാ മാനദണ്ഡം ലംഘിച്ചാണ് പ്രധാനമന്ത്രി ധനകാര്യ കമ്മീഷനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് എന്നാണ് ഇവിടെ കാണേണ്ടത്.
സംസ്ഥാനങ്ങള്‍ക്ക് 42 ശതമാനം കേന്ദ്ര നികുതി വിഹിതം നല്‍കണമെന്നായിരുന്നു വൈ.വി. റെഡ്ഢിയുടെ നേതൃത്വത്തിലുള്ള ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. ഇത് 33 ശതമാനമായി വെട്ടി കുറയ്ക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. ഇത് ഇടതുപക്ഷമോ മറ്റോ ഉന്നയിച്ച ആരോപണമല്ല. പ്രധാന മന്ത്രി മോദിയുടെ ഓഫീസില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന, ഇന്ന് നീതി ആയോഗ് സി.ഇ.ഓ ആയി തുടരുന്ന ബി.വി.ആര്‍ സുബ്രഹ്മണ്യം വെളിപ്പെടുത്തിയതാണ്. അത് നരേന്ദ്ര മോദി ഇതുവരെ നിഷേധിക്കാന്‍ തയ്യാറായിട്ടുമില്ല. കണക്കുകള്‍ പറഞ്ഞു സംസാരിക്കുമ്പോള്‍ അമിത് ഷാ ഈ കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്തണം.
ഏതായാലും നമ്മുടെ സംസ്ഥാനത്തെക്കുറിച്ച് പറയുമ്പോള്‍, വിദൂര ഭാവിയെക്കുറിച്ചുള്ള സ്വപ്നം അദ്ദേഹം കാണുന്നതായി കണ്ടിട്ടുണ്ട്. കേരളത്തെ ശ്വാസംമുട്ടിച്ച് നശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറാണ് അദ്ദേഹവും കേന്ദ്ര സര്‍ക്കാരും തയ്യാറാകേണ്ടത്. അദ്ദേഹം കാണുന്ന സ്വപ്നമൊന്നും കേരള മണ്ണില്‍ യാഥാര്‍ത്ഥ്യമാകുന്ന ഒന്നല്ല എന്നത് അദ്ദേഹം കാണണം. സ്വപ്ന ലോകത്ത് നിന്ന് ഇറങ്ങി വന്ന് ഈ തെറ്റായ നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാകണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. ഇവിടെ നമ്മുടെ സംസ്ഥാനത്തിന്റെ ഇത്തരത്തിലുള്ള പ്രത്യേകതകള്‍ കണ്ടുകൊണ്ട് കേരളത്തെ തകര്‍ക്കാന്‍ കൂട്ടു നില്‍ക്കുന്ന മനോഭാവം കോണ്‍?ഗ്രസും യുഡിഎഫും ഉപേക്ഷിക്കുകയാണ് വേണ്ടത്.
നിര്‍ഭാ?ഗ്യവശാല്‍ കോണ്‍?ഗ്രസിന്റെയും യുഡിഎഫിന്റെയും പൂര്‍ണ സമ്മതത്തോടു കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളമാകെ, ജനങ്ങളാകെ, ഇതിനെതിരെയുള്ള ശക്തമായ പ്രതിഷേധം ഉര്‍ത്തിക്കൊണ്ടു വരേണ്ടതായിട്ടുണ്ട്. ഇതെല്ലാം ചെയ്തപ്പോഴും നമ്മുടെ സംസ്ഥാനം തളരുകയോ തകരുയോ അല്ല ഉണ്ടായത്. നല്ല രീതിയിലുള്ള അഭിമാനകരമായ നേട്ടങ്ങള്‍ വിവിധ മേഖകളില്‍ നമ്മുക്ക് ആര്‍ജിക്കാന്‍ സാധിച്ചിട്ടുണ്ട്. നമ്മുടെ നാടിനെ തകര്‍ക്കാനും തളര്‍ത്താനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കങ്ങള്‍ക്കെതിരെ എല്ലാവരും ഒറ്റ മനസ്സോടോ യോജിച്ച് അണിനിരക്കണം എന്ന് മാത്രം അഭ്യര്‍ത്ഥിച്ചുകൊണ്ട്, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഈ പ്രതിഷേധ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.
CONTENT HIGHT LIGHTS; The Centre is taking over, Kerala is struggling to hold on: LDF Satyagraha strike against the central government’s economic discrimination towards Kerala; Chief Minister lashes out
















