കേരളത്തിന്റെ രാഷ്ട്രീയ ഭൂമി ചൂടേറി വരികയാണ്. നിയമസഭാ തെരഞ്ഞെടുപ്പാണ് വേദി. വരാനിരിക്കുന്നതേ ഉള്ളൂവെങ്കിലും അതി നിര്‍ണ്ണായകമാണ് ഈ തെരഞ്ഞെടുപ്പ്. കേരളത്തില്‍ ഇടതു വലതു കക്ഷികള്‍ക്കൊപ്പം വളര്‍ന്നിരിക്കുന്ന ബി.ജെ.പി എന്നതു തന്നെയാണ് പ്രധാന വിഷയം. എന്നാല്‍, മലയാളത്തിന്റെ മനസ്സില്‍ കാവി അധികം പടര്‍ന്നിട്ടില്ലാത്തു കൊണ്ട് ഇടതിനും വലതിനും ഇത് പരീക്ഷണ ഘട്ടം തന്നെയാണ്. മൂന്നാം ടേമിലും പിണറായിയും ഇടതുപക്ഷവും എത്തുമെന്ന് കണക്കു കൂട്ടിയുള്ള 110 എന്ന വിജയ സംഖ്യ പ്രഖ്യാപിച്ചു കഴിഞ്ഞു. രണ്ടു തവണയും ജനത്തിന് തെറ്റു പറ്റിയെങ്കിലും മൂന്നാം തവണ തെറ്റില്ലെന്നുറപ്പിച്ചിരിക്കുകയാണ് വലതുപക്ഷവും. 100 സീറ്റില്‍ കുറയില്ലെന്ന ആത്മവിശ്വാസം തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലൂടെ നേടിയാണ് അവരുടെ വെല്ലുവിളി. കണക്കുമില്ല, അവകാശ വാദങ്ങളുമില്ല. പക്ഷെ അത്ഭുതങ്ങള്‍ കാണാനിരിക്കുന്നതേ ഉള്ളൂവെന്ന് ബി.ജെ.പിയും പറയുമ്പോള്‍ ഒന്നുറപ്പാണ് നിയമസഭാ തെരഞ്ഞെടുപ്പ് തീ പാറും.
ഇനി അറിയാനുള്ളത്, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ തന്നെ സ്ഥാനാര്‍ത്ഥികളാകാന്‍ സാധ്യതയുള്ളവരുടെ മുഖങ്ങളാണ്. മണ്ഡലങ്ങളില്‍ ആരൊക്കെ, ഏതൊക്കെ നേതാക്കളാണ് അതിരില്‍ കവിഞ്ഞ ആര്‍ഭാടങ്ങള്‍ കാണിക്കുന്നത് എന്നതു മുതല്‍ സ്ഥിരം മുഖമാകുന്നു എന്നതു വരെ ജനങ്ങള്‍ ശ്രധ്ധിക്കുന്ന സമയമാണ് ഇനി. തങ്ങള്‍ക്ക് ചേരുന്നതാണോ, അതോ നിന്നാല്‍ അമ്പേ തോല്‍ക്കുമോ എന്നൊക്കെ ജനമാണ് വിലയിരുത്തുക. പക്ഷെ, അവിടെയൊക്കെ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പു സ്ട്രാറ്റജികള്‍, ഇവന്റ് മാനേജ്‌മെന്റ്, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എന്നിവയെല്ലാം വലിയ കാര്യങ്ങളാണ്. മണ്ഡലം നോക്കി, സ്ഥാനാര്‍ത്ഥിയെ ഇറക്കുക എന്നതാണ് പ്രധാനം. മാത്രമല്ല, നിലവിലെ രാഷ്ട്രീയ-സാമൂഹിക-മതപര-സമുദായിക സാഹചര്യങ്ങളെല്ലാം ഇതിന്റെ ഭാഗമാവുകയും ചെയ്യും.
ഇവിടെയാണ് ഇടതുപക്ഷത്തിന്റെ മാജിക് ഉണ്ടാകാന്‍ സാധ്യത ഏറുന്നത്. ഓരോ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന്റെ പ്ലാന്‍ പ്രശംസകള്‍ പിടിച്ചു പറ്റാറുണ്ട്. അതുപോലെ ഇത്തവണയും പ്രത്യേക പ്ലാന്‍ ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. അതിന്റെ ആദ്യ പടിയണ് മന്ത്രിമാരെല്ലം മത്സരിക്കട്ടെ എന്ന തീരുമാനം. അതായത്, അവര്‍ ജയിച്ച മണ്ഡലങ്ങലില്‍ അവരല്ലാതെ മറ്റാരെയും പരിഗണിക്കേണ്ടതില്ല എന്നു തന്നെയാണ്. മന്ത്രിമാരെല്ലാം തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ വീണ്ടും മന്ത്രിമാരാകും എന്ന പ്രതീതി ജനിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. മറ്റൊന്നാണ് സ്ത്രീ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുക്കല്‍. ഇതാണ് ഇടതുപക്ഷത്തിന്റെ തുറുപ്പു ചീട്ടാകാന്‍ പോകുന്നത്. മലയാളികളുടെ പ്രിയ താരം ഭാവനയെ സ്ഥാനാര്‍ഥിയാക്കുമെന്ന സൂചനകള്‍ വരുന്നുണ്ട്.
രാഷ്ട്രീയത്തിനതീതമായി വലിയ ജനപിന്തുണയുള്ള ഭാവനയെ മത്സരരംഗത്തിറക്കുന്നതിലൂടെ കേരളമാകെ വലിയ സ്വാധീനം ചെലുത്താനാകുമെന്ന പാര്‍ട്ടി വിലയിരുത്തലാണ് ഇതിനു പിന്നില്‍. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഭാവനയുടെ അഭിപ്രായം ചോദിക്കുമെന്നും സൂചനയുണ്ട്. മുന്‍ എം.എല്‍.എ. ഐഷാ പോറ്റി സി.പി.എം. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിനെ വിസ്മയം എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. അതിലും വലിയ വിസ്മയം ഒരുക്കുമെന്നാണ് സി.പി.എം. കേന്ദ്രങ്ങള്‍ അനൗദ്യോഗികമായി പറയുന്നത്. ഏറ്റവും സുരക്ഷിതമായ മണ്ഡലം തന്നെ ഭാവനയ്ക്ക് നല്‍കണമെന്നാണ് പാര്‍ട്ടിയിലെ പൊതുധാരണയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
മുഖ്യമന്ത്രി ഒരുക്കിയ ക്രിസ്മസ് വിരുന്നിലും മുഖ്യാതിഥി ഭാവനയായിരുന്നു. വിവിധ സാമൂഹിക വിഷയങ്ങളില്‍ താരം ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ക്ക് ഇടതുപക്ഷം വലിയ പിന്തുണയാണ് നല്‍കിയിരുന്നത്. മുഖ്യമന്ത്രിയുമായി വലിയ അടുപ്പവും ഭാവനയ്ക്കുണ്ട്. ഈ സാഹചര്യത്തില്‍ ഭാവന മത്സരിക്കാന്‍ സമ്മതം മുളുമെന്നാണ് പ്രതീക്ഷ. ഭാവന ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തത് മന്ത്രി വി. ശിവന്‍കുട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആഘോഷമാക്കിയിരുന്നു. നടന്‍ മുകേഷ് അടക്കമുള്ളവരെ ഇത്തവണ സി.പി.എം. മത്സര രംഗത്തുനിന്നു മാറ്റിനിര്‍ത്തുന്നതും മറ്റുള്ളവര്‍ക്ക് അവസരമൊരുക്കാനാണ്. ഈ സാഹചര്യത്തിലാണ് ഭാവനയെ പ്രധാനമായും പരിഗണിക്കുന്നത്. പ്രത്യേകിച്ച് സ്ത്രീ വിഷയങ്ങളില്‍ അകപ്പെട്ട വേട്ടക്കാര്‍ക്കെതിരേ ഇടതുപക്ഷം പൊരുതുന്നു എന്ന ആശയം പ്രചരിപ്പിക്കുക എന്നതു കൂടി ഈ നീക്കത്തിനു പിന്നിലുണ്ട്.
ഇരകളെല്ലാം സ്ഥാനാര്‍ത്ഥികളായാല്‍ അത്, വേട്ടക്കാര്‍ക്ക് വലിയ തിരിച്ചടിയാണ്. സമാന രീതിയില്‍ തന്നെയാണ് ഇടതുപക്ഷത്തിലെ സ്ത്രീ വിഷയങ്ങളില്‍ പെട്ടവര്‍ക്ക് സീറ്റ് നല്‍കാതിരിക്കുക എന്നതും, ഇത് വലിയൊരു മെസ്സേജ് കൂടിയാണ് സമൂഹത്തില്‍ നല്‍കുന്നതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഈ തെരഞ്ഞെടുപ്പിലെ ഇടതു സ്ട്രാറ്റജി ഇറകളുടെ സാഥ്‌നാര്‍ത്ഥിത്വമാണെങ്കില്‍ അതിന് കൂടുതല്‍ പിന്തുണ കേരളം നല്‍കുമെന്നതില്‍ തര്‍ക്കമില്ല.
CONTENT HIGH LIGHTS;
‘ഇരകള്‍’ സ്ഥാനാര്‍ത്ഥികളാകുമോ ?: തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വേട്ടയ്ക്കിറങ്ങുന്നത് സ്ത്രീ വേട്ടക്കാര്‍ക്കെതിരേ വെല്ലുവിളി ഉയര്‍ത്തിയോ ?; സസ്‌പെന്‍സ് നിലനിര്‍ത്തി പോരാട്ടഭൂമിയാകുമോ കേരളം ?
















