പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പ്രതിരോധിച്ച് സുഹൃത്തും കെഎസ്‌യു നേതാവുമായ ഫെനി നൈനാൻ. മൂന്നാമത്തെ ബലാത്സംഗക്കേസിലെ അതിജീവിതയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകളെന്ന് അവകാശപ്പെട്ട് ഫെനി ചില സ്‌ക്രീൻഷോട്ടുകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
കഴിഞ്ഞദിവസവും രാഹുലിനെ ന്യായീകരിച്ച് ഫെനി നൈനാൻ സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് വ്യാഴാഴ്ച ചില സ്‌ക്രീൻഷോട്ടുകളും പങ്കുവെച്ചത്. 2024-ൽ രാഹുൽ ബലാത്സംഗംചെയ്‌തെന്ന് പറയുന്ന പരാതിക്കാരി, 2025 ഒക്ടോബറിൽ രാഹുലിനെ കാണാനായി അവസരം ഒരുക്കണമെന്ന് അഭ്യർഥിച്ചിരുന്നതായാണ് ഫെനിയുടെ വാദം. പലവട്ടം ഒഴിവാക്കാൻ നോക്കിയെങ്കിലും നിർബന്ധം പിടിച്ചപ്പോൾ പാലക്കാട് എംഎൽഎ ഓഫീസിൽ പോയാൽ കാണാമെന്ന് പറഞ്ഞു. എന്നാൽ, അതുപോരെന്നും സ്വകാര്യത വേണമെന്നുമാണ് അവർ പറഞ്ഞത്. ഫ്‌ളാറ്റിൽവെച്ച് കാണാമെന്നും മൂന്ന് നാല് മണിക്കൂറെങ്കിലും സമയം വേണമെന്നും പറഞ്ഞു. ഫ്‌ളാറ്റിൽ അസൗകര്യമാണെങ്കിൽ കാറിൽ ഡ്രൈവ് പോകാമെന്ന് പറഞ്ഞതായും എംഎൽഎ ബോർഡ് വെച്ച വണ്ടിവേണ്ടെന്നും തന്റെ കാറിൽ പോകാമെന്നും പരാതിക്കാരി പറഞ്ഞതായും ഫെനി പറയുന്നു.
2024 ഏപ്രിലിൽ മൂന്നുമണിക്കൂർ ബലാത്സംഗം ചെയ്‌തെന്ന് പറയുന്ന അതേ ആളെ 2025 ഒക്ടോബറിൽ മൂന്ന് മണിക്കൂർ ഒറ്റയ്ക്ക് കാണണമെന്ന് പറയുന്നതിന്റെ യുക്തി എന്താണെന്നാണ് ഫെനി ചോദിക്കുന്നത്. ഇക്കാര്യങ്ങൾ എല്ലാവർക്കും ബോധ്യമാകാനാണ് സ്‌ക്രീൻഷോട്ടുകൾ പങ്കുവെയ്ക്കുന്നതെന്നും ഫെനി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
















