വെറുതെ പുഴുങ്ങി കഴിക്കുന്ന മുട്ട മതിയാകും ആവശ്യത്തിലേറെ സ്നാക്സ് തയ്യാറാക്കാൻ. ഈ വ്യത്യസ്ത മുട്ട റെസിപ്പി പരിചയപെടാം.
ചേരുവകൾ
മുട്ട- 4
അരിപ്പൊടി- 1/4 കപ്പ്
കടലമാവ്- 1 കപ്പ്
സവാള- 1 എണ്ണം
പച്ചമുളക്- 1 എണ്ണം
കാരറ്റ്- 1
ഇഞ്ചി
വെളുത്തുള്ളി
കറിവേപ്പില
മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
മുളകുപൊടി- 1/2 ടീസ്പൂൺ
ഗരംമസാല- 1/4 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നാല് മുട്ട പുഴുങ്ങിയെടുക്കാം. ചൂടാറിയതുനു ശേഷം അതിൻ്റെ വെള്ള ഭാഗം പ്രത്യേകം എടുത്ത് അരയ്ക്കാം. അതിലേക്ക് ഒരു കപ്പ് കടലമാവ്, കാൽ കപ്പ് അരിപ്പൊടി, ഇടത്തരം വലിപ്പമുള്ള സവാള ചെറുതായി അരിഞ്ഞത്, ഒരു പച്ചമുളക് അരിഞ്ഞത്, ഒരു കാരറ്റ് അരിഞ്ഞത് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കാം. കുറച്ച് വെളുത്തുള്ളിയും, ഇഞ്ചിയും അരച്ചെടുത്തത് ഒരു ടീസ്പൂണും, കറിവേപ്പിലയും, ചേർത്തോളൂ. മസാലകളായി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ ഗരംമസാല എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാൻ മറക്കേണ്ട. മാറ്റി വച്ചിരിക്കുന്ന മുട്ടയുടെ മഞ്ഞ ഇതിലേക്ക് ഉടച്ചു ചേർക്കാം.
തയ്യാറാക്കിയ മാവ് ചെറിയ ഉരുളകളാക്കാം. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്ക് ഉരുളകൾ ചേർത്ത് വറുക്കാം. ഇരു വശങ്ങളും വെന്തതിനു ശേഷം എണ്ണയിൽ നിന്ന് മാറ്റാം. ചൂട് ചായക്കൊപ്പം കഴിച്ചു നോക്കൂ.
















