തിരുവനന്തപുരം നാവായിക്കുളത്ത് ഭാര്യയെ മർദ്ദിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു കടന്നുകളഞ്ഞ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാവായിക്കുളം വെള്ളൂർക്കോണം സ്വദേശി ബിനുവിനെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ബിനുവിന്റെ ഭാര്യ മുനീശ്വരി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
ഇക്കഴിഞ്ഞ 13ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ബിനുവും മുനീശ്വരിയും തമ്മിൽ വഴക്കാവുകയും ഇതിനെ തുടർന്ന് ബിനു ചുറ്റിക കൊണ്ടും കാറ്റാടിക്കഴ കൊണ്ടും മുനീശ്വരിയെ ക്രൂരമായി മർദിക്കുകയും മർദനത്തിൽ അവശയായ മുനീശ്വരിയെ മുറിയിൽ പൂട്ടിയിട്ട ശേഷം ജനൽ വഴി ഇന്ധനം ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. തീ കൊളുത്തിയ ശേഷം തന്റെ ഇരുചക്ര വാഹനത്തിൽ ബിനു രക്ഷപെടുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി വാതിൽ ചവിട്ടിത്തുറന്ന്, തീയണച്ച് മുനീശ്വരിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആക്രമണത്തിൽ കൈയ്ക്കും കാലിനും പൊട്ടൽ സംഭവിക്കുകയും പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്. അപകട നില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
സംഭവത്തിൽ ഒളിവിൽ പോയ ബിനുവിനെ കഴിഞ്ഞ ദിവസം കൊല്ലത്തുള്ള ബന്ധു വീട്ടിൽ നിന്ന് പോലീസ് പിടികൂടുകയായിരുന്നു. പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















