വീടുകളിലും വാഹനങ്ങളിലും വ്യവസായശാലകളിലും പ്രകൃതിവാതകത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (BPCL) പുതിയ രാജ്യവ്യാപക ക്യാംപെയ്‌ന് തുടക്കമിട്ടു. ‘പിഎൻജി 2.0’ (PNG Drive 2.0) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ പൈപ്പ്ഡ് നാചുറൽ ഗ്യാസ് (PNG), കംപ്രസ്ഡ് നാചുറൽ ഗ്യാസ് (CNG) എന്നിവയുടെ ഗുണഫലങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.
പെട്രോളിയം ആൻഡ് നാചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ (PNGRB) മേൽനോട്ടത്തിൽ, നഗര ഗ്യാസ് വിതരണ മേഖലയിലെ വിവിധ കമ്പനികളെ ഏകോപിപ്പിച്ചുകൊണ്ടാണ് ബിപിസിഎൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സിറ്റി ഗ്യാസ് വിതരണക്കാരെയും ഒരു പ്ലാറ്റ്‌ഫോമിൽ അണിനിരത്തും. ക്യാംപെയ്‌നിന് കരുത്തുപകരാൻ വിവിധ മേഖലകളിലെ പ്രമുഖർ അണിനിരക്കുന്ന പരസ്യചിത്രങ്ങളും ഉടൻ പുറത്തിറക്കും.
സുരക്ഷിതവും ലാഭകരവുമായ ഇന്ധനം എല്ലാവരിലേക്കും എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിപിസിഎൽ മാർക്കറ്റിംഗ് വിഭാഗം ഡയറക്ടർ ശുഭാങ്കർ സെൻ വ്യക്തമാക്കി. ഉപഭോക്താക്കളുടെ ജീവിതസൗകര്യം വർദ്ധിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദമായ ഒരു ഊർജ്ജ സംസ്കാരം വളർത്തിയെടുക്കാനും ഈ ക്യാംപെയ്ൻ സഹായിക്കും. സൈബറിടങ്ങളിലും പ്രാദേശിക കൂട്ടായ്മകളിലും സജീവമായ പ്രചാരണ പരിപാടികളാണ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്.
രാജ്യത്തെ ആകെ ഊർജ്ജ ഉപയോഗത്തിൽ നിലവിൽ 6.5 ശതമാനം മാത്രമാണ് പ്രകൃതിവാതകത്തിന്റെ പങ്ക്. ഇത് 2030-ഓടെ 15 ശതമാനമായി ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായിരിക്കും ബിപിസിഎല്ലിന്റെ ഈ പുതിയ സംരംഭം. കുറഞ്ഞ ചിലവിൽ തടസ്സമില്ലാത്ത ഇന്ധന ലഭ്യത ഉറപ്പാക്കുന്നത് രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് കൂടുതൽ കരുത്തേകുമെന്നും കമ്പനി അറിയിച്ചു.
















