കൂടുതൽ പോഷകഗുണമുള്ള ചേരുവകൾ ഉപയോഗിച്ച് ബിരിയാണിയുടെ അതേ രുചിയിൽ ഒരു വിഭവം തയ്യാറാക്കിയാലോ. അത്തരത്തിൽ വേറിട്ടൊരു പരീക്ഷണമാണ് ‘റൈസ്‌ലെസ്സ് ബിരിയാണി’ അഥവാ ഓട്‌സ് ചിക്കൻ ബിരിയാണി. ഇത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
ഓട്‌സ് – 3/4 കപ്പ്
ചിക്കൻ (ചെറിയ കഷണങ്ങളാക്കിയത്)- 1 കപ്പ്
വെളിച്ചെണ്ണ – ആവശ്യത്തിന്
സവാള – 1 എണ്ണം
പച്ചമുളക് – 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
തക്കാളി – പകുതി
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
ഗരം മസാല – അര ടീസ്പൂൺ
കുരുമുളക് പൊടി – അര ടീസ്പൂൺ
മല്ലിയില – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
ചൂടുവെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പത്തുവെച്ച് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടാകുമ്പോൾ അരിഞ്ഞുവെച്ച സവാള ചേർത്തു വഴറ്റാം. സവാള ഒന്ന് വാടിവരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കാം. ഇതിലേക്ക് തക്കാളി ചേർത്ത് നന്നായി ഉടയുന്നത് വരെ വഴറ്റണം. മസാലകൾ ചേർക്കാനുള്ള സമയമാണിനി. മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, ഗരം മസാല, കുരുമുളക് പൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ ഇളക്കാം. ഇതിലേക്ക് ചിക്കൻ കഷണങ്ങളും പാകത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കാം. ചിക്കൻ വേവാൻ ആവശ്യമായ അല്പം വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിക്കാം. ചിക്കൻ മുക്കാൽ ഭാഗം വെന്തുകഴിയുമ്പോൾ ഇതിലേക്ക് മുക്കാൽ കപ്പ് ഓട്‌സ് ചേർക്കാം. ഓട്‌സും മസാലയും നന്നായി പിടിച്ചുകഴിഞ്ഞാൽ ആവശ്യത്തിന് ചൂടുവെള്ളം ഒഴിക്കാം. കുറഞ്ഞ തീയിൽ അടച്ചുവെച്ച് 5 മിനിറ്റ് വേവിക്കാം. ഓട്‌സ് വെള്ളമെല്ലാം വറ്റി പരുവമായി വരുമ്പോൾ മല്ലിയില തൂവി അടുപ്പിൽ നിന്നും വാങ്ങാം. രുചികരവും പോഷകഗുണമുള്ളതുമായ ‘റൈസ്‌ലെസ്സ് ബിരിയാണി’ തയ്യാർ! തൈര് പച്ചടിയോടൊപ്പമോ സലാഡിനൊപ്പമോ ഇത് ചൂടോടെ വിളമ്പാം.
















