മൃഗങ്ങളേക്കാൾ ക്രൂരമായി മനുഷ്യൻ മാറുന്ന കാഴ്ചയാണ് നാമിന്ന് ചുറ്റും കാണുന്നത്. കൊച്ചുകുട്ടികൾ മുതൽ വയോധികർ വരെ ഭയത്തോടെ കഴിയേണ്ടി വരുന്ന ഈ കാലം മാനവികതയുടെ മരവിപ്പിനെയാണ് സൂചിപ്പിക്കുന്നത്. ഒരുപക്ഷേ, കാട്ടിലെ മൃഗങ്ങൾ പോലും കാണിക്കാത്ത അത്രയും പൈശാചികതയാണ് ഇന്ന് മനുഷ്യൻ സഹജീവികളോട് കാട്ടുന്നത്.
ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ കേട്ട് മനസ്സാക്ഷി മരവിച്ചു നിൽക്കുകയാണ് നാമെല്ലാവരും. ഇത്തരത്തിൽ മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ ഒരു ദാരുണ സംഭവമായിരുന്നു 2025 ഡിസംബറിൽ ഫരീദാബാദിൽ നടന്നത്.
ഭർത്താവിന്റെ ക്രൂരതകളിൽ നിന്ന് രക്ഷതേടി സ്വന്തം വീട്ടിൽ മക്കളോടൊപ്പം അഭയം പ്രാപിച്ച ഒരു സ്ത്രീ. എന്നാൽ ജീവിതത്തിലെ പ്രതിസന്ധികളും പ്രിയപ്പെട്ടവരുടെ കുത്തുവാക്കുകളും അവളെ വീണ്ടും തളർത്തി. മനസ്സിനൊരു ആശ്വാസം തേടി സുഹൃത്തിനെ കണ്ടു മടങ്ങിയ അവൾക്ക് നേരിടേണ്ടി വന്നത് മരണത്തേക്കാൾ ഭയാനകമായ നിമിഷങ്ങളായിരുന്നു.
ഡിസംബർ 29-ന് രാത്രി 11:30-ന് സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇറങ്ങിയ അവൾ വണ്ടി കാത്തുനിൽക്കുമ്പോൾ, വെളുത്ത നിറത്തിലുള്ള ഒരു വാൻ അവളുടെ മുന്നിൽ വന്നുനിന്നു. “ഞങ്ങളും ആ വഴിക്കാണ്, സുരക്ഷിതമായി എത്തിക്കാം” എന്ന ആ വാഗ്ദാനം വിശ്വസിച്ച് അവൾ അതിൽ കയറി. പക്ഷേ, ആംബുലൻസ് എന്ന പുണ്യവാഹനം ഒരു മരണക്കെണിയാണെന്ന് അവൾ അറിഞ്ഞില്ല.
വഴിമാറി ഓടുന്ന വണ്ടി കണ്ട് അവൾ ചതി മനസിലാക്കി സഹോദരിയെ ഉടൻ തന്നെ വിളിച്ചു. എന്നാൽ ഒരു നിലവിളി മാത്രം ആയിരുന്നു അവളുടെ സഹോദരി കേട്ടത്. ഉടൻ തന്നെ സഹോദരി അവളുടെ കുട്ടുകാരിയയെ വിളിച്ചപ്പോഴാണ് അവൾ അവിടെ നിന്ന് പുറപ്പെട്ടു എന്നു അറിയുന്നത്.
നിലവിളിച്ച അവളെ ആംബുലൻസ് ഡ്രൈവർ മധുവും സഹായി ജാൻസിയും ചേർന്ന് ക്രൂരമായി കീഴ്പ്പെടുത്തി. ഹനുമാൻ ക്ഷേത്രത്തിന് സമീപമുള്ള വിജനമായ സ്ഥലത്ത് വെച്ച് രണ്ട് മണിക്കൂറോളം അവർ ആ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചു. ആ വേദനയേക്കാൾ അവളെ തളർത്തിയത് തന്നെ രക്ഷിക്കേണ്ടവർ തന്നെ ശത്രുക്കളായി മാറിയെന്ന തിരിച്ചറിവായിരുന്നു.
ഒടുവിൽ, പുലർച്ചെ മൂന്ന് മണിയോടെ തെളിവുകൾ നശിപ്പിക്കാനെന്നോണം, 90 കിലോമീറ്റർ വേഗതയിൽ പായുന്ന വണ്ടിയിൽ നിന്നും അവർ അവളെ പുറത്തേക്ക് വലിച്ചെറിഞ്ഞു. കല്ലും മണ്ണും നിറഞ്ഞ റോഡിൽ മുഖമിടിച്ചു വീണ ആ പെൺകുട്ടിയുടെ ബോധം മറഞ്ഞുപോയി. സഹോദരി പരിഭ്രാന്തയായ എല്ലാവരെയും വിളിച്ചു പറയുകയും അവരുടെ അന്വേഷണത്തിൽ രാവിലെ രാജാ ചൗക്കിന് സമീപം ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിലാണ് അവളെ വീട്ടുകാർ കണ്ടെത്തുകയുമായിരുന്നു.
അവളുടെ മുഖത്ത് 21 ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു, താടിയെല്ല് തകർന്നിരുന്നു. ആശുപത്രിയിൽ ബോധം തെളിഞ്ഞപ്പോൾ അവൾ ആ ക്രൂരതയുടെ ചുരുളഴിച്ചു. സുമതിയെ പീഡിപ്പിച്ച ശേഷം അവളുടെ ഫോണിലേക്ക് ഗൂഗിൾ പേ വഴി 600 രൂപ അയച്ചുകൊടുത്ത് പ്രതികൾ അവളെ അപമാനിക്കുകയും ചെയ്തു. പണം കൊണ്ട് അവളുടെ അഭിമാനത്തെ വിലപേശാൻ ശ്രമിച്ച ആ നരാധമന്മാരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് കുടുക്കി.
അവളുടെ ശരീരത്തിന് ഏറ്റ മുറിവുകൾ കാലക്രമേണ ഉണങ്ങിയേക്കാം, എന്നാൽ ആ നരാധമന്മാർ അവളുടെ ആത്മാവിലേറ്റിച്ച ആഴത്തിലുള്ള മുറിവ് മരണം വരെ ഒരു നീറ്റലായി കൂടെയുണ്ടാകും. മനുഷ്യൻ മൃഗമാകുന്നതിന്റെ ക്രൂര ദൃശ്യമായിരുന്നു അത്
















