കഠിനംകുളം വില്ലേജിലെ സര്‍ക്കാര്‍ പുറമ്പോക്കു ഭൂമിയായ കായല്‍, കയ്യേറി മണ്ണിട്ടു നികത്തുന്നത് നിരുപാധികം നടക്കുന്നത് തടയാന്‍ പോലീസിനോ വില്ലേജ് ഓഫീസ് അധികൃതര്‍ക്കോ റവന്യൂ വകുപ്പിനോ കഴിയുന്നില്ല. വകുപ്പുമന്ത്രി അറിഞ്ഞാണോ അതോ, അധികൃതര്‍ രഹസ്യമായി അനുമതി നല്‍കിയിട്ടാണോ ഈ കയ്യേറ്റം നടക്കുന്നത് എന്നാണ് നാട്ടുകാരുടെ സംശയം. കാരണം, കായല്‍ ദിനംപ്രതി ചെറുതായി വരികയും, കയ്യേറ്റക്കാരുടെ സ്വകാര്യ ഭൂമി വലുതാവുകയും ചെയ്യുകയാണ്. കായല്‍ സ്വന്തമായി ഉള്ള ഒരാളുപോലും കേരളത്തിലില്ല. അപ്പോള്‍ കായല്‍ മണ്ണിട്ടു നികത്തുന്നത് നിയമപരമായി തെറ്റാണ് എന്നിരിക്കെ, ഇതിനെതിരേ പോലീസോ, റവന്യൂ അധികൃതരോ നടപടി എടുക്കാത്തത് ഒത്താശ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് ആക്ഷേപം.

റവന്യൂ മന്ത്രി ഇത് നേരിട്ട് കണ്ട് ബോധ്യപ്പെടണമെന്നും, കായല്‍ സംരക്ഷിക്കണമെന്നും, സര്‍ക്കാര്‍ പുറമ്പോക്കു ഭൂമി അന്യാധീനപ്പെടാതെ നോക്കണമെന്നും ആവശ്യപ്പെട്ട് റവന്യൂമന്ത്രി കെ. രാജന് നാട്ടുകാര്‍ ഒപ്പിട്ട പരാതി അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിസാമുദ്ദീന്‍ എന്ന സ്വകാര്യ വ്യക്തിയാണ് കഠിനംകുളം വില്ലേജിലും, വേലൂര്‍ വില്ലേജിലും ഉള്ള തന്റെ ഭൂമിയോടൊപ്പം സര്‍ക്കാര്‍ പുറമ്പോക്കും മണ്ണിട്ടു നികത്തുന്നത്. രണ്ടേക്കര്‍ പതിനഞ്ചുസെന്റ് ഭൂമി കായലും, കരയുമായ പ്രദേശത്തിന്റെ 65 സെന്റ് ഭൂമിയാണ് സര്‍ക്കാര്‍ പുറമ്പോക്ക്. ബാക്കി വസ്തു സ്വകാര്യ ഉടമയുടേതാണ്. ഇതില്‍ ഭൂരിഭാഗം സ്ഥലവും നേരത്തെ കായല്‍ ആയിരുന്നു. ഇതെല്ലാം കരഭൂമിയാക്കി മാറ്റിയതാണ്.

ഇപ്പോള്‍ സര്‍ക്കാരിന്റെ പുറമ്പോക്ക് ഭൂമി നികത്തി എടുക്കാനുള്ള ശ്രമം നടക്കുന്നുണ്ടായിരുന്നു. നേരത്തെ കായല്‍ നികത്തി കരയാക്കിയ ഭൂമിയില്‍ പുറത്തു നിന്നും ഫ്‌ളാറ്റിനൊക്കെ പൈലിംഗ് നടത്തുമ്പോള്‍ കിട്ടുന്ന മണ്ണ് ടിപ്പറിന് എത്തിച്ച് സൂക്ഷിക്കും. അവധി ദിവസങ്ങളിലും, രാത്രി കാലങ്ങളിലുമായി ഈ മണ്ണ് ജെ.സി.ബി കൊണ്ടുവന്ന് കായലിലലേക്ക് തള്ളിയിടും. ഇങ്ങനെയാണ് നികത്തല്‍ പുരോഗമിക്കുന്നത്. കരഭാഗമുള്ള സ്ഥലത്ത് വലിയ മതില്‍ കെട്ടി കോമ്പൗണ്ട് തിരിച്ചതു കൊണ്ട് ഉള്ളില്‍ നടക്കുന്നകാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാനാകില്ല. മിക്ക രാത്രിയും ഇവിടെ മണ്ണുകൊണ്ടു വരുന്നതും, ജെ.സി.ബി പ്രവര്‍ത്തിക്കുന്ന ശബ്ദവും നാട്ടുകാര്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍, ആ പ്രദേശത്ത് കെട്ടിട നിര്‍മ്മാണമോ സമാന രീതിയിലുള്ള മറ്റൊന്നും ഇല്ലെന്നതാണ് സംശയത്തിന് ഇടയായത്.

കഴിഞ്ഞ ദിവസം കായല്‍ നികത്താന്‍ മണ്ണിടുന്നത്, റോഡില്‍ നിന്നുകണ്ട ഒരു വ്യക്തി ഈ നടപടി ചോദ്യം ചെയ്തു. ഇതിനെ തുടര്‍ന്ന് അവിടെ സംഘര്‍ഷമുണ്ടാവുകയും, ചോദ്യം ചെയ്ത വ്യക്തിയെ നിസ്സാമുദ്ദീനും മകന്‍ ആഷിഖും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ അവിടെ പോലീസ് എത്തുകയായിരുന്നുവെന്ന് നാട്ടുകാരനായ അജികുമാര്‍ പറയുന്നു. പോലീസ് അടുത്തു നില്‍ക്കെയാണ് വധഭീഷണി മുഴക്കിക്കൊണ്ട് അജികുമാര്‍ എന്ന വ്യക്തിയെ അവര്‍ മര്‍ദ്ദിച്ചത്. എന്നാല്‍, എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ കായല്‍ നികത്തുന്ന നിസസാമുദ്ദീന് അനുകൂലമായി നിലപാടെടുത്തത് വലിയ ആശങ്കയാണ് അവിടെ ഉണ്ടാക്കിയിരിക്കുന്നത്. നിയമപരമായി തടയേണ്ട സംഭവത്തെ അനുകൂലിക്കുന്ന നിയമപാലകര്‍, എങ്ങനെ സാധാരണക്കാര്‍ക്ക് സുരക്ഷ നല്‍കുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

നിസാമുദ്ദീനും മകന്‍ ആഷിഖും നാട്ടുകാരനായ അജികുമാറിനെ മര്‍ദ്ദിക്കുമ്പോള്‍ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ മാറി നിന്ന് ഫോണ്‍ ചെയ്യുകയായിരുന്നു. പോലീസ് ഡ്രൈവറാണ് അജികുമാറിനെ രക്ഷിക്കാന്‍ മുന്നോട്ടു വന്നതെന്നും പറയുന്നു. മാത്രമല്ല, കായല്‍ നികത്താന്‍ ഉപയോഗിച്ച ജെ.സി.ബി കസ്റ്റഡിയിലെടുക്കാതെ ഇരുന്നതും അജികുമാര്‍ ചോദ്യം ചെയ്തു. എന്നാല്‍, തനിക്കു ലഭിച്ച നിര്‍ദ്ദേശം ജെ.സി.ബി കസ്റ്റഡിയിലെടുക്കണ്ടെന്നായിരുന്നു എന്നാണ് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ജെ.സി.ബികള്‍ക്ക് പോകാന്‍ വഴിയൊരുക്കിയതും പോലീസ് തന്നെയാണ്. ഇതോടെ പരാതികള്‍ മംഗലപുരം പോലീസ്‌റ്റേഷനിലെത്തി. ഇരുകൂട്ടരെയും സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി. അജികുമാര്‍, നിസാമുദ്ദീനെയും മകനെയും മര്‍ദ്ദിച്ചെന്നുകാട്ടിയുള്ള പരാതിയും, വാപ്പയും മകനും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്ന പരാതിയുമായി അജികുമാറും സ്റ്റേഷനിലെത്തി.
വിഷയം കായല്‍ കയ്യേറ്റവും, അനധികൃത നികത്തലും, സര്‍ക്കാര്‍ പുറമ്പോക്കു ഭൂമി കയ്യേറ്റവുമാണ്. എന്നാല്‍, പോലീസ്‌റ്റേഷനില്‍ പരാതി വന്നത്, മര്‍ദ്ദനവും. തമ്മില്‍ത്തല്ലും കൊലവിളിയും പരസ്പരം പറഞ്ഞു തീര്‍ത്തു. ഇനി അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് എഴുതി ഒപ്പിട്ട് ഇരുകൂട്ടരെയും വിട്ടു. എന്നാല്‍, അജികുമാറിനെ മര്‍ദ്ദിച്ച നിസാമുദ്ദീന്റെ മകന്‍ ആഷിഖ് സ്റ്റേഷില്‍ വന്നില്ല. ഇത് പോലീസിലെ സ്വാധീനം കൊണ്ടാണെന്നാണ് അജികുമാറിന്റെ പരാതി. തന്നെ തല്ലിയതില്‍ ആഷിഖിനും പങ്കുണ്ടായിട്ട്, എന്തുകൊണ്ടാണ് അയാള്‍ സ്റ്റേഷനില്‍ വരാത്തത് എന്നും അജികുമാര്‍ ചോദിക്കുന്നു. നിസാമുദ്ദീനും, അജികുമാറും, ഇനി പ്രശ്‌നമുണ്ടാക്കില്ലെന്ന് എഴുതി ഒപ്പിട്ടു. എന്നാല്‍, തന്നെ മര്‍ദ്ദിച്ച ആഷിഖ് അതു ചെയ്യാത്തിടത്തോളം കാലം തനിക്ക് ജീവന്‍ ഭയമുണ്ടെന്ന് അജികുമാര്‍ പറയുന്നു. പോലീസ് എന്തുകൊണ്ടാണ് ആഷിഖിനെ വിളിപ്പിച്ച് എഴുതി വെയ്ക്കാന്‍ തയ്യാറാകാത്തത് എന്നും അജി ചോദിക്കുന്നു.

കയ്യാങ്കളിയും വെല്ലുവിളിയും മാത്രമാണ് സ്റ്റേഷനില്‍ തീര്‍പ്പായത്. എന്നാല്‍, കയ്യേറ്റം തടയാന്‍ എന്തു നടപടി എടുത്തു എന്നത് ആര്‍ക്കും നിശ്ചയമില്ല. എങ്കിലും നാട്ടുകാര്‍ ശക്തമായി ഇടപെട്ടതോടെ കഠിനംകുളം വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി നിസാമുദ്ദീന് സ്റ്റോപ്പ് മെമ്മോ നല്‍കി. വില്ലേജ് ഓഫീസില്‍ നിന്നും ഇതിനു മുമ്പും നിരവധി സ്റ്റോപ്പ് മെമ്മോകള്‍ നല്‍കിയിട്ടുണ്ട്. അത് നിലനില്‍ക്കുമ്പോഴാണ് നികത്തല്‍ നിര്‍ബാധം നടന്നതും. ഇപ്പോള്‍ ലഭിച്ച സ്‌റ്റോപ്പ് മെമ്മോയും പഴയപടി ആകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍ മന്ത്രിക്കു പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ, സ്ഥലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിന് തയ്യാറെടുക്കുകയാണ്. ബി.ജെ.പി കൗണ്‍സിലര്‍ ഭരിക്കുന്ന വാര്‍ഡിലാണ് ഈ അനധികൃത കയ്യേറ്റവും ഭൂമി നികത്തലും നടക്കുന്നത്. ബി.ജെ.പി ഇന്നുമുതല്‍ സമരം തുടങ്ങുകയാണെന്നും അറിയിച്ചിരിക്കുകയാണ്.
- അജികുമാറിന് വധിഭീഷണി: അധികകാലം വാഴില്ലെന്ന്
ഗേറ്റിനു മുമ്പില്‍ കാറ് കൊണ്ടിട്ട്, കായല്‍ നികത്തലിന് വിഘാതം സൃഷ്ടിച്ച അജികുമാറിന് നിസാമുദ്ദീന്‍ വക വധഭീഷണി. അദികകാലം വാഴില്ല എന്നാണ് നിസാമുദ്ദീന്റെ വെല്ലുവിളി. കയലിനോടു ചേര്‍ന്നു കിടക്കുന്ന കരഭൂമിയില്‍ മണ്ണുകൊണ്ടിട്ട്, കായല്‍ നികത്തുന്നതും, കോമ്പൗണ്ടിലേക്ക് ജെ.സി.ബി കൊണ്ടുവരുന്നതും ഫോട്ടോയും വീഡിയോയും എടുത്തതാണ് നിസാമുദ്ദീനെ ചൊടിപ്പിച്ചത്. അജികുമാറിന്റെ കാറില്‍ പോറല്‍ വരുത്തിയും, കാറ് മാറ്റിയിടാന്‍ വിളിച്ചു വരുത്തി മര്‍ദ്ദിച്ചുമാണ് നിസാമുദ്ദീനും മകന്‍ ആഷിഖും പകരം വീട്ടിയത്. ഇതിനോടൊപ്പമാണ് വധ ഭീഷണിയും വെല്ലുവിളിയും നടത്തിയത്. ഇതെല്ലാം പോലീസ് സംഘം നില്‍ക്കുമ്പോഴായിരുന്നു എന്നതാണ് ഭയാനകം. കായല്‍ നികത്തിയതിനെ ചോദ്യം ചെയ്തവര്‍ക്ക് മര്‍ദ്ദനവും കായല്‍ നികത്തുന്നവര്‍ക്ക് സംരക്ഷണവും കിട്ടുന്ന നടപടി എതിര്‍ക്കപ്പെടണമെന്നാണ് നാട്ടുകാരും പറയുന്നത്. ഈ വിഷയത്തില്‍ റവന്യൂമന്ത്രിയുടെ അടിയന്ത്രിക ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കഠിനംകുളത്തുകാര്‍.
CONTENT HIGH LIGHTS; Does the Revenue Minister know about the encroachment of land on the outskirts of the government lake in Kadinamkulam? Those who questioned the encroachment by a private person were beaten up; Authorities are also cooperating in filling the lake.
















