കൊച്ചി: എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പരാതിയുമായി നടി ഗായത്രി അരുണ്‍. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പണം അടച്ച് മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും തന്റെ ചിത്രമാണ് സ്ഥാപനം മാര്‍ക്കറ്റിംഗിന് ഉപയോഗിക്കുന്നതെന്നും ഗായത്രി അരുണ്‍ പറഞ്ഞു.
ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടി വിദ്യാഭ്യാസ തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കിയത്. പറ്റിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ നിയമപരമായി മുന്നോട്ടുപോകണമെന്നും തട്ടിപ്പ് നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഗായത്രി അരുണ്‍ പറഞ്ഞു. സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്താതെയാണ് നടി ഇക്കാര്യം പറഞ്ഞത്. അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചതിന് സ്ഥാപനത്തിന് നോട്ടീസയച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
















