ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍ ഹൃദയപൂര്‍വ്വം കേരളപ്പിറവി ദിനാശംസകള്‍ നേര്‍ന്നു. 1956ല്‍ ഭാഷയുടെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട സംസ്ഥാനം തനതായ വ്യക്തിത്വത്തോടെ എഴുപതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, സാക്ഷരത എന്നീ രംഗങ്ങളില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തിന് മുഴുവന്‍ പ്രചോദനമാണ്. ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമികള്‍ തുടങ്ങിയ നവോത്ഥാന നായകരെ അനുസ്മരിച്ച അദ്ദേഹം അവരുടെ സമത്വത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശം എക്കാലവും സംസ്ഥാനത്തിന് മാര്‍ഗദര്‍ശകമാണെന്ന് കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ ഭാഷ, കല, സംസ്കാരം, പ്രകൃതിഭംഗി, സഹവര്‍ത്തിത്വത്തിന്റെ പാരമ്പര്യം എന്നിവയോടൊപ്പം ലോകമെമ്പാടുമുള്ള കേരളീയരുടെ സംഭാവനകളെയും പ്രശംസിച്ചു. ഐക്യവും സാഹോദര്യവും വികസനവും കൂടുതല്‍ ശക്തിപ്പെടുത്താന്‍ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജനങ്ങള്‍ക്കൊപ്പം ലോക്ഭവന് എപ്പോഴുമുണ്ടാകുമെന്ന ഉറപ്പും ഗവര്‍ണര്‍ നല്കി.
കേരള പോലീസിന്റെ 70-ാമത് രൂപീകരണവും കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ചുളള പരേഡ് നാളെ നടക്കും. തിരുവനന്തപുരത്ത് എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ രാവിലെ എട്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന് പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. മികച്ച സേവനത്തിനുളള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ച 281 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, മറ്റു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. പരിപാടിയുടെ തല്‍സമയ സംപ്രേഷണം സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ ഫെയ്സ് ബുക്ക് പേജില്‍ രാവിലെ 7.50 മുതല്‍ ലഭിക്കും.















