കുന്നംകുളത്തു ആശുപത്രി ജീവനക്കാരുടെ പിഴവുമൂലം അഞ്ചു ദിവസം പ്രായമായ കുഞ്ഞിന്റെ വിരൽ പാതി മുറിഞ്ഞുപോയതായി പരാതി. പന്നിത്തടം സ്വദേശികളായ ജിത്തു-ജിഷ്മ ദമ്പതികളുടെ പെൺകുഞ്ഞിന്റെ വലതുകൈയിലെ തള്ളവിരലാണ് അറ്റുപോയത്. പ്ലാസ്റ്റർ വെട്ടിയപ്പോൾ അറിയാതെ വിരൽ അറ്റുപോയി എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്ന് ബന്ധുക്കൾ പറയുന്നത്.
ജനുവരി 16-നാണ് പ്രസവം നടന്നത്. 21-ാം തീയതി ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ആണ് ആന്റിബയോട്ടിക് ഇൻജക്ഷൻ നൽകാൻ എന്നുപറഞ്ഞത് കുഞ്ഞിനെ കൊണ്ടുപോകുന്നത്. സമയം ഏറെ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ കിട്ടാതെ വന്നതോടെ ആശങ്കയിലായ ബന്ധുക്കൾ എൻഐസിയുവിന്റെ മുന്നിലെത്തി അന്വേഷിച്ചു. പക്ഷെ കുട്ടിയ കാണാൻ സാധിച്ചില്ല.
പിന്നീട് ഒരു മെയിൽ നഴ്‌സ് റൂമിലേക്ക് വന്നു. ബൈസ്റ്റാൻഡർ ആയിരുന്ന പെൺകുട്ടിയുടെ അമ്മയെ വിളിച്ചുകൊണ്ടുപോയാണ് പ്ലാസ്റ്റർ വെട്ടിയപ്പോൾ ബ്ലെയ്ഡ് കൊണ്ട് കുഞ്ഞിന്റെ കൈയിൽ ഒരു ചെറിയ മുറിവ് സംഭവിച്ചു എന്ന് പറയുന്നത്. ഡോക്ടർ എത്തി സ്റ്റിച്ച് ചെയ്യണം എന്നും പറഞ്ഞു.
ഏറെ നേരം ആയിട്ടും ഡോക്ടർ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ വീണ്ടും ചെന്ന് കുട്ടിയെ കാണണം എന്ന് നിർബന്ധം പിടിച്ചപ്പോഴാണ് കുട്ടിയെ കാണിക്കുന്നത്. കുഞ്ഞിന്റെ കൈ പ്ലാസ്റ്റർ ചെയ്തിരിക്കുകയായിരുന്നു അത് മാതാപിതാക്കൾ അഴിച്ചു കാണിക്കാൻ പറഞ്ഞപ്പോഴാണ് കുട്ടിയുടെ വിരൽ മുരിഞ്ഞത് മാതാപിതാക്കൾ കാണുന്നത്.
കുഞ്ഞിന്റെ വിരലിന് പ്ലാസ്റ്റിക് സർജറി ചെയ്യണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. എന്നാൽ, ആശുപത്രിയിലെ ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചമൂലമാണ് ഇങ്ങനെ സംഭവിച്ചത് എന്ന് സമ്മതിച്ചുകൊണ്ടുള്ള സാക്ഷ്യപത്രത്തിൽ ഒപ്പിട്ട് നൽകാൻ അവർ തയ്യാറായില്ലെന്നും കുഞ്ഞിന്റെ മാതാപിതാക്കൾ പറയുന്നു. വിഷയത്തിൽ ആശുപത്രി അധികൃതർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രി അധികൃതർ പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല.
















