കോട്ടയം : തമിഴ്നാട്ടിൽനിന്നു മോഷ്ടിച്ച് കോട്ടയത്തു വിറ്റെന്ന് കരുതുന്ന പൂച്ചയെത്തേടി ഉടമസ്ഥർ കോട്ടയത്ത്. തേനി വീരലക്ഷ്മി നഗറിലെ വീടിനുള്ളിൽ നിന്ന് മോഷണം പോയ ‘ഓറിയോ’ എന്ന പെൺപൂച്ചയെ അന്വേഷിച്ചാണ് ഉടമസ്ഥർ കേരളത്തിലെത്തിയത്. ഓറിയോയെ ക്രിസ്മസ് ദിനത്തിൽ ആരോ മോഷ്ടിച്ചതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഇപ്പോൾ ഓസ്ട്രേലിയയിൽ വിദ്യാർത്ഥിയായ വർഷിനി രാധാകൃഷ്ണൻ കിർഗിസ്ഥാനിൽ പഠിക്കുമ്പോൾ കൂടെക്കൂട്ടിയതാണ് ഓറിയോയെ. മൂന്നര വർഷം മുമ്പാണ് പൂച്ചയെ വർഷിനിക്ക് ലഭിക്കുന്നത്. പഠനകാലത്ത് ഏറ്റെടുത്ത പൂച്ചയുമായി അഭേദ്യമായ ബന്ധമുണ്ടായതോടെ പാസ്പോർട്ടും മറ്റു രേഖകളും തയാറാക്കി കഴിഞ്ഞ വർഷം ഓറിയോയെ നാട്ടിലെത്തിക്കുകയായിരുന്നു.
















