ടിവികെ (തമിഴക വെട്രി കഴകം) അധ്യക്ഷൻ വിജയ് പങ്കെടുക്കുന്ന നിർണ്ണായകമായ ഭാരവാഹി യോഗം ഇന്ന് രാവിലെ 10:30-ന് മഹാബലിപുരത്ത് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെ, ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയ് പാർട്ടി യോഗത്തിനെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിക്ക് ‘വിസിൽ’ ചിഹ്നം അനുവദിച്ചതിന് ശേഷമുള്ള ആദ്യ യോഗമാണിത്. ഈറോഡ് റാലിക്ക് ശേഷം വിജയ് രാഷ്ട്രീയ വിഷയങ്ങളിൽ പുലർത്തുന്ന മൗനം ഈ യോഗത്തോടെ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.
കരൂർ കേസുമായി ബന്ധപ്പെട്ട സിബിഐ ചോദ്യം ചെയ്യലുകളും പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയുമെങ്കിലും നിയമപോരാട്ടം സുപ്രീം കോടതിയിലേക്ക് നീങ്ങാനാണ് സാധ്യത.
സിബിഐ അന്വേഷണത്തിലും സിനിമയുടെ റിലീസ് തടസ്സപ്പെട്ടതിലും വിജയ് മൗനം പാലിക്കുന്നത് അണികൾക്കിടയിൽ ചെറിയ രീതിയിലുള്ള ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. അതിനാൽ ഇന്നത്തെ യോഗത്തിൽ ഈ വിഷയങ്ങളിൽ അദ്ദേഹം നടത്തുന്ന പ്രതികരണം ടിവികെ പ്രവർത്തകർക്ക് നിർണ്ണായകമാണ്.
















