മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ചതിന്റെ സന്തോഷകരമായ വാർത്തയ്ക്ക് പിന്നാലെ സിനിമാലോകത്തെ യുവതാരങ്ങൾക്കിടയിലെ രസകരമായ നിമിഷം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിനിടെയാണ് നടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ച വിവരം താരങ്ങൾ അറിയുന്നത്. ഇതോടെ അദ്ദേഹത്തെ നേരിട്ട് അനുമോദിക്കാൻ താരങ്ങളായ ടൊവീനോ തോമസും ആസിഫ് അലിയും എത്തി.
ടൊവീനോ ഉടൻ തന്നെ തന്റെ സുഹൃത്തായ ബേസിൽ ജോസഫിനെ വിഡിയോ കോൾ വിളിച്ച് മമ്മൂട്ടിയെ കാണിച്ചുകൊടുക്കുകയായിരുന്നു. വിഡിയോ കോളിലൂടെ മമ്മൂട്ടിയെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിക്കുന്ന ബേസിലിന്റെയും, ബേസിലിന്റെ രസകരമായ മറുപടികൾ കേട്ട് പൊട്ടിച്ചിരിക്കുന്ന മമ്മൂട്ടി, ടൊവീനോ, ആസിഫ് അലി എന്നിവരുടെയും ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഈ രസകരമായ നിമിഷം ടോവീനോ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘‘കൊച്ചുങ്ങൾ എന്നായേലും ആഗ്രഹം പറഞ്ഞാൽ സാധിച്ചുകൊടുക്കണം, വലുതായാൽ ഈ കൊച്ചുങ്ങൾക്ക് ചെറിയ ആഗ്രഹങ്ങളൊന്നും ഉണ്ടാവുകേലടാ ഉവ്വേ’’ എന്ന സിദ്ദിഖിന്റെ ഹിറ്റ് സിനിമാ ഡയലോഗ് പശ്ചാത്തലമായി ചേർത്താണ് ടൊവീനോ ബേസിലിനെ ട്രോളിയത്.
വിഡിയോയ്ക്ക് താഴെ മറുപടി കമന്റുമായി ബേസിലും എത്തിയതോടെ ആരാധകർക്കിടയിൽ ഇത് വലിയ ആവേശമായി. ടോവീനോയും ബേസിലും തമ്മിലുള്ള രസകരമായ സൗഹൃദവും പരസ്പരമുള്ള ട്രോളുകളും മുൻപും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിയെന്ന ഇതിഹാസ താരത്തിനൊപ്പം യുവതലമുറയിലെ താരങ്ങൾ പങ്കിട്ട ഈ സ്നേഹനിമിഷം മലയാള സിനിമാ ലോകത്തിന് തന്നെ വലിയൊരു സന്തോഷക്കാഴ്ചയായി മാറി.
















