രണ്ട് പതിറ്റാണ്ടിലേറെയായി ബോളിവുഡിലെ നിറസാന്നിധ്യമാണ് നടൻ ഇമ്രാൻ ഹഷ്മി. ഒരുകാലത്ത് ആഷിക് ബനായാ എന്ന ഒറ്റ ഗാനത്തിലൂടെ യുവാക്കളുടെ ഹരമായി മാറിയ നടനാണ് ഇമ്രാൻ ഹഷ്മി. വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് തന്റെ കഴിവ് തെളിയിച്ച താരം പക്ഷേ പ്രേക്ഷകർക്കിടയിൽ കൂടുതൽ പ്രശസ്തനായത് ചുംബനവീരൻ പ്രതിച്ഛായയിലാണ്. ഇപ്പോഴിതാ ആ പ്രതിച്ഛായ താൻ പരമാവധി ഉപയോഗിച്ചിരുന്നു എന്ന് പറയുകയാണ് നടൻ.
‘ചുംബനരംഗമുള്ള ചിത്രങ്ങളെല്ലാം വലിയ വാണിജ്യവിജയങ്ങളായിരുന്നു. ആ പ്രതിച്ഛായ ഞാനും പരമാവധി ഉപയോഗിച്ചു. മാർക്കറ്റിങ്ങിലൂടെ ഞങ്ങൾ അതിനോട് പൊരുത്തപ്പെട്ടു. മാധ്യമങ്ങളും അതിൽ വളരെയധികം ശ്രദ്ധിച്ചിരുന്നു.’ -ഇമ്രാൻ ഹഷ്മി പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരേതരം വേഷങ്ങളിൽ തളച്ചിടപ്പെട്ടതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘ഒരു നടനെന്ന നിലയിൽ വലിയ പ്രത്യേകതയുള്ള കാര്യമല്ല ഇത്. പടിഞ്ഞാറൻ രാജ്യങ്ങളിലെ അഭിനേതാക്കൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് ഇത് സംഭവിച്ചിട്ടുണ്ട്. ജിം കാരി അതിന് ക്ലാസിക് ഉദാഹരണമാണ്. നിങ്ങളെ ഒരു സ്ലോട്ടിൽ കാണാൻ ആളുകളും ഇഷ്ടപ്പെടുന്നു എന്നാണ് ഞാൻ കരുതുന്നത്.’ -അദ്ദേഹം പറഞ്ഞു.
‘ഒരു പതിറ്റാണ്ടോളം അങ്ങനെ തുടർന്നശേഷം പ്രേക്ഷകർ മാറുന്നതായി ഞാൻ തിരിച്ചറിഞ്ഞു. പത്തോ പതിനാലോ വർഷം കൂടുമ്പോൾ അവർ മാറുമെന്നാണ് പറയപ്പെടുന്നത്. അടുത്ത തലമുറ തിയേറ്ററുകളിലെത്തി. പുതിയ പ്രേക്ഷകരെത്തുമ്പോൾ നിങ്ങൾ സ്വയം പുനർനിർവചിക്കണം. ഓരോ കഥാപാത്രവും, ഓരോ അച്ചും അതിന്റെ പരിപൂർണതയിലെത്തുന്നു. അത് പരമാവധി ഉപയോഗിക്കുക എന്നത് മാത്രമാണ് നിങ്ങൾക്ക് ചെയ്യാനുള്ളത്. ഞാൻ അത് ചെയ്തുവെന്ന് തിരിച്ചറിഞ്ഞു. അതിനാൽ മാറ്റം എന്നെ സംബന്ധിച്ച് പ്രധാനമായിരുന്നു.’ -ഇമ്രാൻ ഹഷ്മി തുടർന്നു.
2003-ൽ ഇറങ്ങിയ ഫുട്പാത്ത് എന്ന ചിത്രത്തിലൂടെയാണ് ഇമ്രാൻ ഹഷ്മി അഭിനയരംഗത്തേക്ക് കടന്നുവരുന്നതെങ്കിലും അടുത്തവർഷം ഇറങ്ങിയ മർഡർ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. ചിത്രത്തിൽ ഇമ്രാൻ ഹഷ്മിയും മല്ലികാ ഷെരാവത്തും തമ്മിലുള്ള ചുംബനരംഗം അന്ന് വലിയ തലക്കെട്ടുകളായിരുന്നു.
















