സ്നേഹത്തിന്റെ ഇഴയടുപ്പങ്ങളാൽ പടുത്തുയർത്തേണ്ട കുടുംബജീവിതം പലപ്പോഴും ചോരയിൽ കുതിർന്ന വാർത്തകളായി മാറുന്നത് നമ്മൾ നടുക്കത്തോടെയാണ് കേൾക്കാറുള്ളത്. അവിഹിത ബന്ധങ്ങളും മാറാരോഗമായി മാറുന്ന സംശയപ്രകൃതവും ഒരു മനുഷ്യനെ എത്രത്തോളം ക്രൂരനാക്കാം എന്നതിന്റെ ഏറ്റവും ഭീകരമായ ഉദാഹരണമാണ് പടിയൂരിലെ കൊലപാതക പരമ്പര. സ്നേഹിച്ചവന്റെ കൈകളാൽ മരണമടയേണ്ടി വന്ന മൂന്ന് നിഷ്കളങ്കരായ സ്ത്രീകൾ.
2025-ൽ കേരളം കണ്ട ഏറ്റവും ഭീകരമായ കൊലപാതക പരമ്പരയുടെ ആഴം അളക്കുമ്പോൾ, അത് കേവലം ഒരു ക്രൈം സ്റ്റോറിയല്ല, മറിച്ച് പ്രണയത്തെയും വിവാഹത്തെയും ആയുധമാക്കി മാറ്റിയ ഒരു വേട്ടക്കാരന്റെ കഥയായി മാറുന്നു. സ്വന്തം മോഹങ്ങൾക്കായി തടസ്സങ്ങളെ ഇല്ലാതാക്കാൻ മടിക്കാത്ത, സംശയത്തിന്റെ മുനയിൽ പ്രിയപ്പെട്ടവരുടെ ജീവനെടുത്ത പ്രേംകുമാർ എന്ന കൊലയാളി നമ്മൾക്ക് മുന്നിൽ അവശേഷിപ്പിക്കുന്നത് ഭീതിയുടെ കനൽ ബാക്കിയാക്കിയ ഒരുപിടി ചോദ്യങ്ങളാണ്.
സാധാരണക്കാരിലെ സാധാരണക്കാരനായി നമുക്കിടയിൽ അയാൾ ജീവിച്ചു. തിരുവനന്തപുരത്തെ തിരക്കേറിയ തെരുവുകളിലും, എറണാകുളത്തെ മാളുകളിലും, കോഴിക്കോട്ടെ റെസ്റ്റോറന്റുകളിലും ഒരു പുഞ്ചിരിയോടെ അയാൾ നമുക്ക് മുന്നിലെത്തിയിട്ടുണ്ടാകാം. എന്നാൽ ആ മാന്യതയുടെ മുഖംമൂടിക്കുള്ളിൽ ഒളിപ്പിച്ചിരുന്നത് മൂന്ന് സ്ത്രീകളുടെ ജീവനെടുത്ത ഒരു വേട്ടക്കാരന്റെ ക്രൂരതയായിരുന്നു. പ്രേംകുമാർ എന്ന ആ പേര് ഇന്ന് കേരളത്തിന് ഭീതിയുടെ പര്യായമാണ്.
2025 ജൂൺ 4. തൃശ്ശൂർ ജില്ലയിലെ പടിയൂർ ഗ്രാമം. പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ആ വാടകവീട്ടിൽ നിന്ന് വമിച്ച അസഹ്യമായ ദുർഗന്ധം ദുരന്തത്തിന്റെ സൂചനയായിരുന്നു. ആ വീട്ടിൽ മാണിയും മകൾ രേഖയും രേഖയുടെ ഭർത്താവ് പ്രേംകുമാറും ആയിരുന്നു താമസിച്ചിരിക്കുന്നത്. ആസഹനീയമായ ദുർഗന്ധം സഹിക്കവയ്യാതെ നാട്ടുകാർ മണിയുടെ മൂത്തമകൾ സിന്ധുവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി.
വിവരമറിഞ്ഞെത്തിയ സിന്ധു ആ വീടിന്റെ പിൻവാതിൽ തുറന്നപ്പോൾ കണ്ടത് ഹൃദയഭേദകമായ കാഴ്ചയാണ്; സ്വന്തം അമ്മ മണിയും സഹോദരി രേഖയും അഴുകിത്തുടങ്ങിയ നിലയിൽ കിടക്കുന്നു.
പ്രേംകുമാർ എന്ന മനുഷ്യന്റെ വികലമായ മാനസികാവസ്ഥയുടെ തെളിവുകളായിരുന്നു ആ മുറിയിലുടനീളം. രേഖയെ കൊലപ്പെടുത്തിയ ശേഷം അവളുടെ മൃതദേഹത്തിന് ചുറ്റും പുരുഷ സുഹൃത്തുക്കളുടെ ഫോട്ടോകളും അധിക്ഷേപകരമായ കത്തുകളും അയാൾ വിതറിയിരുന്നു. സംശയരോഗം തലയ്ക്കുപിടിച്ച ഒരു കൊലയാളി തന്റെ ഇരയെ മരണശേഷവും അപമാനിക്കാൻ ശ്രമിച്ച ക്രൂരത. മൂന്ന് മണിക്കൂർ ഇടവേളയിലാണ് അയാൾ ഭാര്യയെയും അമ്മായിയമ്മയെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
സംശയരോഗത്തിന്റെ പേരിൽ വീട്ടിൽ പ്രശ്നമായിരുന്നതിനാൽ രേകഖ പോലീസിൽ പരാതി നൽകിയിരുന്നു. പരാതി നൽകിയതിന്റെ പക തീർക്കാൻ ആയി കൗൺസിലിംഗിന് ശേഷം മടങ്ങിയെത്തിയ അതേ രാത്രി തന്നെ അയാൾ ആ കൃത്യം നിർവഹിച്ചു.
അന്വേഷണം മുറുകിയതോടെയാണ് പ്രേംകുമാറിന്റെ ചോരപുരണ്ട ഭൂതകാലം പോലീസിന് മുന്നിൽ തെളിഞ്ഞത്. പടിയൂരിലെ കൊലപാതകങ്ങൾ അയാളുടെ ആദ്യത്തെ ക്രൂരതയായിരുന്നില്ല. 2019-ൽ സ്വന്തം ഭാര്യയായിരുന്ന വിദ്യയെ അയാൾ ഇല്ലാതാക്കിയത് തന്റെ പഴയ കാമുകി സുനിത ബേബിക്കൊപ്പം ജീവിക്കാനായിരുന്നു. തിരുവനന്തപുരത്തെ ഒരു വില്ലയിൽ വെച്ച് മദ്യം നൽകി ബോധം കെടുത്തിയ ശേഷം വിദ്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച ആ ദമ്പതികൾ, ഒടുവിൽ കയർ മുറുക്കിയാണ് ആ ജീവനെടുത്തത്.
മൃതദേഹം കഷണങ്ങളാക്കാൻ സർജിക്കൽ ബ്ലേഡുകൾ കരുതിയിരുന്നെങ്കിലും ചോര കണ്ടപ്പോൾ ഭയന്ന അവർ വിദ്യയുടെ മൃതദേഹം തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ഉപേക്ഷിച്ചു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വിദ്യയുടെ ഫോൺ ട്രെയിനിൽ ഉപേക്ഷിച്ച അവരുടെ ബുദ്ധി കുറച്ചുകാലം നിയമത്തെ കബളിപ്പിച്ചെങ്കിലും സത്യം ഒടുവിൽ പുറത്തുവന്നു. ആ കേസിൽ ജയിലിലായ പ്രേംകുമാർ ജാമ്യത്തിലിറങ്ങിയാണ് രേഖയെ വിവാഹം കഴിച്ചതും പടിയൂരിലെത്തിയതും.
പടിയൂരിലെ ഇരട്ടക്കൊലപാതകത്തിന് ശേഷം രാജ്യം വിടാൻ ശ്രമിച്ച പ്രേംകുമാറിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേരളക്കര ഒന്നടങ്കം ആ കൊലയാളിക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. എന്നാൽ, ഒടുവിൽ വിധി അയാൾക്കായി കരുതിവെച്ചത് മറ്റൊരു അന്ത്യമായിരുന്നു. 2025 ജൂൺ 12-ന് ഉത്തരാഖണ്ഡിലെ മഞ്ഞുമൂടിയ കേദാർനാഥിലെ ഒരു വിശ്രമകേന്ദ്രത്തിൽ പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. നിയമത്തിന്റെ കൈകളിൽ എത്തുന്നതിന് മുൻപേ അയാൾ സ്വയം ജീവനൊടുക്കി.
മൂന്ന് സ്ത്രീകളുടെ ജീവിതം തകർത്ത, കേരളത്തെ നടുക്കിയ ആ വേട്ടക്കാരന്റെ അധ്യായം അവിടെ അവസാനിച്ചു. കോടതിയിൽ അയാൾക്ക് ലഭിക്കേണ്ടിയിരുന്ന കഠിനശിക്ഷകളിൽ നിന്ന് അയാൾ രക്ഷപ്പെട്ടിരിക്കാം, പക്ഷേ ഇരകളായ ആ സ്ത്രീകളുടെ നിലവിളികൾ ഇന്നും നീതിക്കായി അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു.
















