രാവിലെ സ്മൂത്തി കുടിക്കുന്നവരാണ് മിക്ക ആളുകളും. സ്മൂത്തിയെ ഒരു ഹെല്‍ത്തി ഭക്ഷണമായി കാണുന്നവരാണ് നമ്മൾ പലരും. ബ്രേക്ക്ഫാസ്റ്റിനായി വളരെ വേഗത്തില്‍ തയ്യാറാക്കാനാകുന്ന ഒരു ഓപ്ഷനാണ് സ്മൂത്തി. ഇതിൽ പഴങ്ങൾ, നട്സ്, ഡ്രൈഫ്രൂട്ട്സ്, പാൽ എന്നിവ ചേർക്കുന്നു. സ്മൂത്തികൾ ആരോഗ്യകരമാണെന്ന് പലരും കരുതുന്നു. എന്നാൽ ദിവസേന ഡയറ്റിൽ സ്മൂത്തി ഉൾപ്പെടുത്തുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

ആയുർവേദം പ്രകാരം സ്മൂത്തി ഒരു തണുത്ത ഭക്ഷണവിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുകയും ശരീരത്തിൽ പോഷകങ്ങളുടെ ആഗിരണം കുറയാൻ കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ, പഴങ്ങൾ ചാറാക്കുകയോ ഉടയ്ക്കുകയോ ചെയ്യുന്ന സമയത്ത് അവയിൽ അടങ്ങിയ നാരുകളുടെ 30 മുതൽ 40 ശതമാനം വരെ നഷ്ടപ്പെടുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, ഒരു വാഴപ്പഴം മുഴുവനായി കഴിക്കുമ്പോൾ അതിന്റെ ഗ്ലൈസെമിക് സൂചിക 45 ആയിരിക്കും. എന്നാൽ അതിനെ സ്മൂത്തിയാക്കിയാൽ ഈ സൂചിക 60 വരെ ഉയരും.

ഇത്തരം ശീലം തുടർച്ചയായി പിന്തുടരുന്നത് പ്രമേഹം, കരൾ സംബന്ധമായ പ്രശ്നങ്ങൾ, പൊണ്ണത്തടി എന്നിവയ്ക്ക് കാരണമായേക്കാം. ഒന്നിലധികം പഴങ്ങൾ ചേർത്ത് സ്മൂത്തി തയ്യാറാക്കുമ്പോൾ ഈ അപകടസാധ്യത കൂടി വർധിക്കുന്നു. പഴങ്ങൾ സാധാരണയായി അതേ രൂപത്തിൽ ചവച്ച് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. പഴങ്ങൾ ചവയ്ക്കുമ്പോൾ വായിൽ ഉമിനീർ ഉത്പാദിക്കപ്പെടുകയും അത് ദഹനത്തിനും പോഷകങ്ങളുടെ നല്ല ആഗിരണത്തിനും സഹായിക്കുകയും ചെയ്യുന്നു.
















