‘ദൃശ്യം 3’ നെ കുറിച്ച് ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്‍റെ പുതിയ ചിത്രം വലതുവശത്തെ കള്ളന്റെ റിലീസിന് ശേഷമുള്ള പ്രസ് മീറ്റില്‍ പങ്കെടുത്തപ്പോഴായിരുന്നു പ്രതികരണം. ആദ്യ ഭാഗം പോലെയോ രണ്ടാം ഭാഗം പോലെയോ അല്ല ദൃശ്യം 3 എന്ന് അദ്ദേഹം പറഞ്ഞു. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളില്‍ക്കൂടിയാണ് ചിത്രം പോകുന്നത് അതിനാൽ ജഗപൊഗ പ്രതീക്ഷിച്ചാല്‍ നിരാശയായിരിക്കു മെന്ന് അദ്ദേഹം പറഞ്ഞു.
ജീത്തു പറയുന്നു
“ഒരു പ്രതീക്ഷയും ഇല്ലാതെ വരിക. ആദ്യ ഭാഗം പോലെയോ രണ്ടാം ഭാഗം പോലെയോ അല്ല ദൃശ്യം 3. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളില്‍ക്കൂടിയാണ് അതില്‍ യാത്ര ചെയ്യുന്നത്. അങ്ങനത്തെ ഒരു സിനിമയാണ്. അതുകൊണ്ട് നിങ്ങള്‍ ഒരു ഭയങ്കര ജഗപൊഗ സിനിമ പ്രതീക്ഷിച്ചുവന്നാല്‍ നിരാശയായിരിക്കും. പക്ഷേ അതൊരു നല്ല സിനിമ ആണെന്നുള്ള കോണ്‍ഫിഡന്‍സ് എനിക്കുണ്ട്. പിന്നെ ഇതിനെ ആദ്യത്തെയും രണ്ടാമത്തെയും ഭാഗങ്ങളുമായി താരതമ്യം ചെയ്യാന്‍ വന്നാല്‍ എനിക്കറിയില്ല. കാരണം ഞാന്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം അതാണ്. കാരണം വലതുവശത്തെ കള്ളനെയും പലരും താരതമ്യം ചെയ്യുന്നത് മെമ്മറീസും ദൃശ്യവും ഒക്കെയായിട്ടാണ്. മുന്‍വിധികളില്ലാതെ വന്ന് സിനിമ കാണുക”, ജീത്തു പറഞ്ഞു.
ദൃശ്യം 4 ഉണ്ടാവുമോ എന്നൊരു ചോദ്യവും അദ്ദേഹം നേരിട്ടു. അതിനുള്ള മറുപടി ഇങ്ങനെ- “ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. ഞാന്‍ ഇതുകൊണ്ട് ഒന്ന് അവസാനിപ്പിക്കാനുള്ള ശ്രമമാണ്. കാരണം ആള്‍ക്കാര്‍ തന്നെ ചോദിക്കും, എന്തുവാടെ ഇത്, നിര്‍ത്തിക്കൂടേ എന്ന്. അതുകൊണ്ടാണ്”, ജീത്തു ജോസഫ് പറഞ്ഞവസാനിപ്പിക്കുന്നു.
















