‘പ്രകമ്പനം’ ആണ് കലാഭവൻ നവാസ് ഏറ്റവും ഒടുവിലായി അഭനയിച്ച ചിത്രം. നവാസിനെ അവസാനമായി സ്‌ക്രീനില്‍ കണ്ടതിനെക്കുറിച്ച് പറയുകയാണ് നടനും സഹോദരനുമായ നിയാസ് ബക്കര്‍. ഫെയ്‌സ്ബുക്കിലൂടെയാണ് നിയാസ് നവാസിനെ ഓര്‍ത്തത്. വാപ്പിച്ചിയുടെ അനായാസമായ അഭിനയ ശൈലി അവനിലെത്തിയതായി തോന്നിയെന്ന് അദ്ദേഹം കുറിച്ചു.
നിയാസിന്റെ വാക്കുകൾ
‘ഞങ്ങളെത്ര നന്നായി അഭിനയിച്ചാലും ഞങ്ങളുടെ വാപ്പിച്ചിയെ ( actor അബൂബക്കർ late ) അടുത്തറിയുന്നവർ വാപ്പിച്ചിയുടെ പഴയകാല നാടകങ്ങളും സിനിമകളും കണ്ടിട്ടുള്ളവർ പറയും, കൊള്ളാം, എങ്കിലും അബൂബക്കറിനോളം വന്നില്ല എന്ന്. അങ്ങിനെ ആവുക എളുപ്പമല്ലെന്ന് ഞങ്ങൾക്കും അറിയാം. എന്നാൽ ഇന്നലെ ‘പ്രകമ്പനം’ എന്ന സിനിമയിലെ നവാസിന്റെ അഭിനയം കണ്ടപ്പോൾ പല സീനുകളിലും വാപ്പിച്ചിയുടെ അനായാസമായ അഭിനയ ശൈലി അവനിലെത്തിയതായി എനിക്ക് തോന്നി. ഇനിയായിരുന്നു ഏറെ നല്ല കഥാപാത്രങ്ങളെ അവന് നമുക്ക് വേണ്ടി കാണിക്കാനുണ്ടായിരുന്നത്. ഓർക്കുമ്പോൾ സഹിക്കുന്നില്ല. എങ്കിലും ജീവിതയാഥാർഥ്യങ്ങളെ ഞാൻ ഉൾകൊള്ളുന്നു.
ഞങ്ങളുടെ നവാസിന് പൂർത്തീകരിക്കാൻ കഴിയാത്തത് അവന്റെ മക്കൾക്ക് സാധ്യമാവട്ടെയെന്ന പ്രാർത്ഥനയിലാണ് ഞങ്ങൾ. പ്രകമ്പനം ഒരു തികഞ്ഞ എന്റർടെയ്ന്മെന്റ് സിനിമയാണ്. സിനിമയുടെ എല്ലാ ഘടകങ്ങളിലും ആ മികവ് പുലർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമ നിങ്ങൾ തിയറ്ററിൽ തന്നെ പോയി കാണണം നഷ്ടം വരില്ല. എന്റെ അനുജന് ഈ ഹിറ്റ് സിനിമയിൽ ഒരു നല്ല വേഷം നൽകിയ പ്രകമ്പനത്തിന്റെ പ്രൊഡ്യൂസർ, ഡയറക്ടർ, മുഴുവൻ ക്രൂവിനും എന്റെ നിറഞ്ഞ സ്നേഹം പ്രാർത്ഥന’.
പ്രകമ്പനം കാണാൻ നവാസിന്റെ കുടുംബം എത്തിയിരുന്നു. ഭാര്യ രഹ്നയും മക്കളും സിനിമ കാണാൻ എത്തിയപ്പോൾ വൈകാരികമായ രംഗങ്ങളായിരുന്നു തിയറ്ററിൽ ഉണ്ടായത്. നിയാസിന്റെ പോസ്റ്റിന് താഴെ നടൻ അബൂബക്കറിനെയും നവാസിനെയും അനുസ്മരിച്ച് നിരവധിപേരാണ് കമന്റ് ചെയ്യുന്നത്. അബൂബക്കർ വേഷമിട്ട വാത്സല്യത്തിലെയും വളയത്തിലെയും റോളുകൾ ഓർമിക്കുകയായിരുന്നു ആരാധകർ. കണ്ണീരോടെ അല്ലാതെ ഈ കുറിപ്പ് വായിക്കാനാകില്ലെന്നും പറയുന്നു.
















