സോഷ്യല്‍ മീഡിയ കാലത്തെ പ്രധാനികളാണ് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍. എന്തും പറയും, എങ്ങനെയും പെരുമാറും. എന്തും ചെയ്യും. ഇത്തരം ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ആണുള്ളത്. ബിഗ്‌ബോസ് താരങ്ങളായ റോബിന്‍ രാധാകൃഷ്ണനും വേദ് ലക്ഷ്മിയും സോഷ്യല്‍ പ്ലാറ്റഫോമുകളിലെ ഫോളോവേഴ്‌സിന്റെ താരങ്ങളാണ്. ഇവരുടെ വാക്കുകള്‍, വീഡിയോകള്‍ കാണാനും അനുകരിക്കാനും പിന്തുണയ്ക്കാനും നിരവധി പേരുണ്ട്. എന്നാല്‍, ചില ഘട്ടങ്ങളില്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ തമ്മില്‍ വലിയ പോരാട്ടങ്ങള്‍ നടക്കാറുണ്ട്. അതുപം സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ വഴിയാണ് നടക്കാറ്. ഇപ്പോള്‍ റോബിന്‍ രാധാകൃഷ്ണനും വേദ് ലക്ഷ്മിയും തമ്മിലാണ് വലിയ തോതില്‍ പോരാട്ടം നടക്കുന്നത്. വേദ്‌ലക്ഷ്മിയെ കുറിച്ച് റോബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിനെല്ലാം മറുപടി നല്‍കുകയാണ് വേദ്‌ലക്ഷ്മി. അതും തന്റെ സോഷ്യല്‍ മീഡിയാ പേജില്‍ വീഡിയോ ഇറക്കിയാണ് മറുപടി.
ബി.ജെ.പി നേതാവും ഇന്‍ഫ്‌ളുവന്‍സറുമായ ഡോ. റോബിന്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി നല്‍കിക്കൊണ്ടാണ് ഇന്‍ഫ്‌ളുവന്‍സര്‍ വേദ് ലക്ഷ്മി കളം പിടിച്ചിരിക്കുന്നത്. റോബിന്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും അത് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയില്‍ പറയുന്നു. റോബിന്‍ എവിടെയാണോ അവസാനിപ്പിക്കുന്നത്, അവിടെനിന്നാണ് താന്‍ തുടങ്ങുന്നത്. റോബിന്റെ ഓരോ കള്ളങ്ങളും തെളിവുസഹിതം പുറത്തുകൊണ്ടുവരും. റോബിനുമായി തനിക്കുള്ള പരിചയത്തിന്റെ തുടക്കത്തെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് തെറ്റാണെന്നും വേദ് ലക്ഷ്മി ചൂണ്ടിക്കാണിക്കുന്നു.
2019-ല്‍ ബിഗ് ബോസില്‍ വരുന്നതിന് മുന്‍പാണ് റോബിനുമായി ആദ്യമായി സംസാരിക്കുന്നതെന്ന് വേദ് ലക്ഷ്മി പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലും വാട്‌സാപ്പിലും അയച്ച പഴയ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ തെളിവായി വേദലക്ഷ്മി പങ്കുവെച്ചു. സ്വന്തം ഇമേജ് സംരക്ഷിക്കാന്‍ വേണ്ടിയാണ് റോബിന്‍ പ്രസ് മീറ്റ് നടത്തിയത്. കള്ളങ്ങള്‍ ഓരോന്നായി പൊളിക്കുമെന്നും മാസങ്ങള്‍ക്ക് മുന്‍പേ തന്നെ താന്‍ വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോയതാണെന്നും അവര്‍ വീഡിയോക്കൊപ്പം കുറിച്ചു.
വേദ് ലക്ഷ്മിയുടെ വാക്കുകളിലേക്ക്
‘2019-ല്‍ ബിഗ് ബോസില്‍ വരുന്നതിനു മുന്‍പാണ് നമ്മള്‍ തമ്മില്‍ ആദ്യത്തെ സംസാരമുണ്ടായത്. അതിനുശേഷം ഇന്‍സ്റ്റാഗ്രാമില്‍ മെസ്സേജ് അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ടും ഞാന്‍ അയച്ചിട്ടുണ്ട് അതില്‍ തന്നെ പറഞ്ഞിട്ടുണ്ട് വാട്‌സാപ്പില്‍ മെസ്സേജ് അയച്ച കാര്യം. അതായിരുന്നു നമ്മുടെ ആദ്യത്തെ സംസാരം. നിങ്ങള്‍ക്ക് ഓര്‍മയുണ്ടാകില്ല. ഇക്കാര്യം ശരിക്കും എനിക്ക് ഓര്‍മയുണ്ടായിരുന്നില്ല, നേരിട്ട് കണ്ടപ്പോള്‍ ഇക്കാര്യം എന്നെ ഓര്‍മിപ്പിച്ചത് റോബിനാണ്. അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞില്ലേ. പുള്ളിക്ക് പക്ഷേ ഓര്‍മയുണ്ടായിരുന്നു. സ്വന്തം താത്പര്യമനുസരിച്ച് കള്ളങ്ങള്‍ പറയുമ്പോള്‍ അത് ഞാന്‍ പൊളിക്കുന്നത് നോക്കി ഇരുന്നോളൂ.
സത്യം പുറത്തുവരണമെന്നുള്ളതുകൊണ്ടാണ് ഞാനിത് ചെയ്യുന്നത്. സത്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുമ്പോള്‍, അതിനെ അപകീര്‍ത്തിപ്പെടുത്താനും കൃത്രിമം കാണിക്കാനും ശ്രദ്ധതിരിക്കാനും നിശ്ശബ്ദമാക്കാനും എപ്പോഴും ശ്രമങ്ങളുണ്ടാകും. എന്നാല്‍ എത്രയൊക്കെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയാലും ആസൂത്രിതമായ മാനിപ്പുലേഷനുകള്‍ നടത്തിയാലും സത്യത്തെ മാറ്റാനാവില്ല. റോബിന്റെ വാര്‍ത്താ സമ്മേളനം എല്ലാവരും കണ്ടിട്ടുണ്ടാകുമെന്ന് കരുതുന്നു. കാണാത്തവര്‍ ഇപ്പോള്‍ തന്നെ പോയി കാണുക, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇതൊന്നും മനസിലാകില്ല. ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു, റോബിന്‍ എവിടെ നിര്‍ത്തുന്നോ അവിടെനിന്ന് ഞാന്‍ തുടങ്ങും എന്ന്. ഇന്നലത്തെ പ്രസ് മീറ്റ് നടത്തണമെന്നുള്ളതും അതില്‍ പറയുന്നത് നിങ്ങള്‍ എല്ലാവരും കേള്‍ക്കണമെന്നുള്ളതും എന്റെ ആവശ്യം ആയിരുന്നു.
ഇമേജ് രക്ഷിക്കാന്‍ റോബിന്‍ ഏതറ്റംവരെ പോകുന്നു എന്നത് നിങ്ങള്‍ എല്ലാവരും മനസ്സിലാക്കണം. റോബിന്‍ ഇന്നലെ നടത്തിയ പ്രസ് മീറ്റില്‍ എന്റെ പേര്, പിന്നെ റോബിന്‍ തന്നെ സൈബര്‍ ക്വട്ടേഷന്‍ കൊടുത്ത് വിളിച്ചുകൊണ്ടുവന്ന ഡോക്ടര്‍ ഡ്രെയ്ക്ക് എന്നുപറയുന്ന അനന്തു സുജിത്തിന്റെ പേര്, ഇത് കൂടാതെ അബില്‍ ദേവ് എന്ന മൂന്നാമതൊരു വ്യക്തിയുടെ പേരും പറയുന്നുണ്ട്. ഇത്രയും വളര്‍ന്ന പടര്‍ന്നു പന്തലിച്ച , ആജാനുബാഹുവായ വിദ്യാഭ്യാസമുള്ള, ലോകപരിചയമുള്ള ഡോക്ടര്‍ റോബിനെ ഒരു പാവയെപ്പോലെ കളിപ്പിച്ചുകൊണ്ടിരുന്ന അബില്‍ ദേവിനെ 2025 ഡിസംബര്‍ 15 മുതല്‍ റോബിന്‍ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് പറയുന്നത്. ഞാന്‍ കഴിഞ്ഞ രണ്ടു മാസമായിട്ടുള്ള ഇവരുടെ ചാറ്റ് ആണ് ഇന്നിവിടെ കാണിക്കുന്നത്. ഇത് കണ്ടിട്ട് റോബിന്‍ തട്ടിപ്പ് നടത്തുന്നതിന്റെ മോഡ് ഓഫ് ഓപ്പറേഷന്‍ എങ്ങനെയെന്ന് നിങ്ങള്‍ തന്നെ വിലയിരുത്തൂ.’ വേദ് ലക്ഷ്മി പറഞ്ഞു
തുടര്‍ന്നാണ് അബില്‍ ദേവും റോബിനുമായുള്ള ചാറ്റ് വേദ് ലക്ഷ്മി പുറത്തുവിടുന്നത്. ‘നമസ്‌കാരം ഞാന്‍ റോബിന്‍ രാധാകൃഷ്ണന്‍. എനിക്ക് കുറച്ചു പണം വേണമായിരുന്നു, ഒരു 90000 രൂപ. അബില്‍ ബ്രോ എനിക്കത് തരുമെന്ന് എനിക്കറിയാം, കാരണം വളരെ നല്ല തങ്കപ്പെട്ട മനുഷ്യനാണ് അബില്‍ ബ്രോ. അതുകൊണ്ട് ദൈവത്തെ ഓര്‍ത്ത് കനിയണം. ഒരു എമര്‍ജന്‍സി സിറ്റുവേഷനാണ്, ഒന്ന് ഹെല്‍പ്പ് ചെയ്യണം. 27-ാം തീയതി രാത്രി പത്തുമണിക്കകം ഞാനത് തിരിച്ചയച്ചേക്കാം. എനിക്കൊരു 90000 രൂപ, ഒന്ന് ഹെല്‍പ്പ് ചെയ്യണം പ്ലീസ്, ഇതൊരു റിക്വസ്റ്റ് ആണ്. പിന്നെ സീസണ്‍ ഏയ്റ്റിന് ആശംസകള്‍. നീ ഒരു വിന്നര്‍ ആയി വരട്ടെ, ഈ സഹോദരന്റെ ആശംസകള്‍.’ എന്നാണ് റോബിന്‍ വീഡിയോയില്‍ പറയുന്നത്.
നീ എന്തൊക്കെയാണ് അയയ്ക്കുന്നത് എന്നാണ് അബില്‍ ഇതിന് മറുപടി അയച്ചിരിക്കുന്നത്. നിങ്ങളേ ഉള്ളൂ തന്നെ സഹായിക്കാനെന്നാണ് റോബിന്‍ മറുപടി സന്ദേശം നല്‍കിയത്. പറ്റുന്നത് എല്ലാം ഞാന്‍ നിനക്ക് ചെയ്തു തന്നു, ഇപ്പോള്‍ പൈസ ഇല്ലെന്നാണ് അബില്‍ വീണ്ടും മെസേജ് അയച്ചത്. ‘തരുന്നത് ഇന്ന് രാത്രി തിരിച്ചു തന്നില്ലെങ്കില്‍ എന്റെ അച്ഛന്‍ എസ്. രാധാകൃഷ്ണന്‍ അല്ല’ എന്നും പറയുന്നുണ്ട്. വീണ്ടും വീണ്ടും റോബിന്‍ പണം ചോദിക്കുകയും അബില്‍ പണം ഇല്ല എന്നുമാണ് പറയുന്നത്.
ബിജെപിയില്‍ എത്തിയത് സാമ്പത്തിക ലക്ഷ്യം വെച്ചാണെന്നും ബിജെപിക്കാര്‍ വര്‍ഗീയവാദികളാണെന്നും പറയുന്ന റോബിന്റെ ഓഡിയോ സന്ദേശം വേദ് ലക്ഷ്മി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൂടി പുറത്തുവിട്ടിരുന്നു. എന്നാല്‍ ഓഡിയോ എഐ ആണെന്ന് റോബിന്‍ അതേ വീഡിയോയ്ക്ക് താഴെ കമന്റ് ആയി രേഖപ്പെടുത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വേണമെങ്കില്‍ വീഡിയോകള്‍ തരാം എന്ന് വേദ് ലക്ഷ്മിയും മറുപടി കൊടുത്തു. വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്ന് വേദ് ലക്ഷ്മി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
ചെറിയ ഒരു ഓലപ്പടക്കം കണ്ടപ്പോഴേക്കാണ് നീ ഇത്രയും കാട്ടിക്കൂട്ടുന്നത്. അപ്പോള്‍ ശരിക്കുള്ള തൃശ്ശൂര്‍ പൂരം തുടങ്ങുമ്പോള്‍ എന്താകും അവസ്ഥയെന്നും, നിനക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യ്, ഇത് വെല്ലുവിളിയാണെന്നും വേദ് ലക്ഷ്മി വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
















