ബോളിവുഡ് സൂപ്പർതാരം രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ആക്‌ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. ഇപ്പോഴിതാ ധുരന്ദർ രണ്ടാം ഭാഗത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘ധുരന്ദർ: ദ് റിവഞ്ച്’ എന്നാണ് സിനിമയുടെ ടൈറ്റിൽ. ‘ധുരന്ദർ’ സമ്മാനിച്ച ഹാങ്ങോവർ പ്രേക്ഷകർക്ക് ഇനിയും വിട്ടുമായിട്ടില്ല. ചിത്രം ഒടിടിയിലെത്തി ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തുവരുന്നത്.
രൺവീർ അവതരിപ്പിക്കുന്ന ഹംസ അലി മസാരിയുടെ ഭൂതകാലവും റഹ്മാൻ ഡക്കെയ്ത്തിന്റെ മരണ ശേഷം ലയാരിയുടെ രാജാവായി മാറിയ ശേഷമുള്ള ജീവിതവുമാണ് രണ്ടാം ഭാഗത്തില്‍ പ്രമേയമാകുന്നത്. ചിത്രം മാർച്ച് 19ന് മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ റിലീസിനെത്തും.
അതേസമയം ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ സിനിമയുടെ ആദ്യഭാഗം ആയിരം കോടിയാണ് ബോക്സ്ഓഫിസിൽ നിന്നും വാരിയത്. അക്ഷയ് ഖന്നയുടെയും രൺവീർ സിങ്ങിന്റെയും പ്രകടനമായിരുന്നു സിനിമയുടെ ഹൈലൈറ്റ്. 3 മണിക്കൂർ 32 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യമെന്നതും ശ്രദ്ധേയം. ‘ഉറി ദ് സർജിക്കൽ സ്ട്രൈക്ക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ.
‘ആൻമരിയ കലിപ്പിലാണ്’ എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ സാറാ അർജുന്റെ ബോളിവുഡ് അരങ്ങേറ്റം കുറിച്ച ചിത്രമാണ് ‘ധുരന്ദർ’. രണ്ടായിരങ്ങളുടെ തുടക്കത്തിൽ പാക്കിസ്ഥാനിൽ നടക്കുന്ന കഥയാണ് ധുരന്ദർ പറയുന്നത്. കറാച്ചിയിലെ ലിയാരി സംഘത്തിലേക്ക് നുഴഞ്ഞുകയറുന്ന ഒരു ഇന്ത്യൻ ഏജന്റായാണ് രൺവീർ എത്തുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ ആയി മാധവൻ അഭിനയിക്കുന്നു.
വികാഷ് നൗലാഖയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ശിവകുമാർ വി പണിക്കർ ആണ് എഡിറ്റർ. ശാശ്വത് സച്‌ദേവ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ സെയ്നി എസ് ജോഹറായ്, വസ്ത്രാലങ്കാരം സ്‌മൃതി ചൗഹാൻ, ആക്ഷൻ എജെസ് ഗുലാബ്, സീ യങ് ഓ, യാനിക്ക് ബെൻ, റംസാൻ ബുലുത്, നൃത്തസംവിധാനം വിജയ് ഗാംഗുലി.
















