ആയിരം സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ചിറകിലേറിയാണ് ഓരോ പെൺകുട്ടിയും വളർന്നു വരുന്നത്. പ്രതിസന്ധികളോട് പൊരുതി, കഷ്ടപ്പെട്ട് പഠിച്ച്, ഒരു ജോലി നേടി, വിവാഹവും കുടുംബവുമായി സന്തോഷത്തോടെ ജീവിക്കണമെന്ന ലളിതമായ സ്വപ്നം മാത്രമായിരിക്കും അവർക്ക് ഉണ്ടാവുക.
എന്നാൽ ഈ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്താൻ കാമമെന്ന വിഷം പേറുന്ന ചില മനുഷ്യരൂപങ്ങൾ നമുക്ക് ചുറ്റുമുണ്ട്. മനുഷ്യൻ മൃഗമായി മാറുന്ന ക്രൂരതയുടെ ഇരകളായി പലപ്പോഴും മാറുന്നത് നിഷ്കളങ്കരായ പെൺകുട്ടികളാണ്. മോശമായ നോട്ടങ്ങളെയും സംസാരങ്ങളെയും അതിജീവിച്ചു വേണം ഇന്ന് ഓരോ സ്ത്രീക്കും പുറത്തിറങ്ങാൻ.
അത്തരത്തിൽ ഒരു നരാധമന്റെ വൈകൃതത്തിന് ഇരയാകേണ്ടി വന്ന ഒരു പെൺകുട്ടിയുടെ നടുക്കുന്ന കഥയാണിത്. 2005-ൽ ബാംഗ്ലൂർ നഗരത്തെ പിടിച്ചുലച്ച ആ സംഭവം. അച്ഛന്റെ തണലില്ലാതെ, അമ്മയുടെ കരുത്തിൽ വളർന്ന്, കരിയറിലും ജീവിതത്തിലും നേട്ടങ്ങൾ കൊയ്തു തുടങ്ങിയ അവൾ ആ രാത്രിയിൽ മരണത്തെ മുഖാമുഖം കണ്ടു. ഒരു ആയുസ്സിന്റെ മുഴുവൻ കഷ്ടപ്പാടുകളും പോരാട്ടങ്ങളും ഒറ്റനിമിഷം കൊണ്ട് ഇല്ലാതായ നിമിഷം. കാമമെന്ന വിപത്തിന് മുൻപിൽ വീണുപോയ പ്രതിഭ എന്ന ആ പെൺകുട്ടിയുടെ കഥ നമുക്ക് നൽകുന്നത് വലിയൊരു പാഠമാണ്.
ബാംഗളൂരിൽ നഗരത്തിലെ ഐടി ജീവനക്കാരിയായിരുന്നു പ്രതിഭ. അവൾക്ക് വെറും 15 ദിവസം പ്രായമുള്ളപ്പോൾ പിതാവ് ഒരു ഗ്യാസ് സ്റ്റൗ അപകടത്തിൽ മരിച്ചു. പിന്നീട് അമ്മ ഗൗരമ്മയാണ് മകളെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയത്. ഒരുപാട് കഷ്ടപ്പാടിലൂടെയും അധ്വാനത്തിലൂടെയും ആണ് പ്രതിഭ എച്ച്.പി ഗ്ലോബൽ സോഫ്റ്റിൽ ജോലിക്ക് കയറിയത്. പ്രതിഭയ്ക്ക് ജോലി കിട്ടിയത് ആ അമ്മയ്ക്ക് വലിയൊരു ആശ്വാസമായിരുന്നു. ജോലി കിട്ടിയ ശേഷം പവൻ ശ്രീനിവാസ് ഷെട്ടി എന്ന യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച പ്രതിഭ, ഭർത്താവിന്റെയും അമ്മയുടെയും വീട്ടിലായി സന്തോഷത്തോടെ കഴിഞ്ഞു വരികയായിരുന്നു.
2005 ഡിസംബർ 13-ന് പ്രതിഭയ്ക്ക് ജോലിയിൽ രാത്രി ഷിഫ്റ്റായിരുന്നു. പുലർച്ചെ രണ്ട് മണിക്ക് ഓഫീസിലേക്ക് പോകാൻ കമ്പനി അയച്ച ക്യാബ് വീട്ടുമുറ്റത്തെത്തി. ഡ്രൈവർ ശിവകുമാർ അവളെ ഫോണിൽ വിളിച്ചു. പരിചിതമായ ശബ്ദം, സേവ് ചെയ്ത നമ്പർ. യാതൊരു സംശയവും കൂടാതെ പ്രതിഭ ആ കാറിൽ കയറി. എന്നും ഓഫീസിൽ എത്തിയാൽ പ്രതിഭ അമ്മക്ക് “അമ്മേ, ഞാൻ എത്തി” എന്ന സന്ദേശം അയക്കാറുണ്ടായിരുന്നു. എന്നാൽ അന്നത്തെ ദിവസം അത് വന്നില്ല.
മകളുടെ സന്ദേശം വരാത്തതിൽ പരിഭ്രാന്തിയായ ഗൗരമ്മ പിറ്റേന്ന് രാവിലെ ഓഫീസിലേക്ക് വിളിച്ചു. എന്നാൽ പ്രതിഭ അവിടെ എത്തിയിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഉടൻ തന്നെ പതിഭക്ക് എന്തോ അപകടം പറ്റി എന്ന് മനസിലാക്കിയ ഭർത്താവ് പവനും അമ്മയും പോലീസിൽ പരാതി നൽകി. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തു. അന്വേഷണത്തിൽ പ്രതിഭയെ വിളിച്ച അവസാനത്തെ ഫോൺ കോൾ ശിവകുമാർ എന്ന ഡ്രൈവറുടേതാണെന്ന് കണ്ടെത്തി. അങ്ങനെ അന്വേഷണം ശിവകുമാറിലേക്ക് നീങ്ങുകയും അയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
ആദ്യം കുറ്റം നിഷേധിച്ച ശിവകുമാറിനെ പോലീസ് തന്ത്രപൂർവ്വം ചോദ്യം ചെയ്തപ്പോൾ അവൻ സത്യം തുറന്നു പറഞ്ഞു. അന്നത്തെ ദിവസം പ്രതിഭയെ ഓഫീസിലേക്കുള്ള വഴിയേ അല്ലാതെ മറ്റൊരിടത്തേക്ക് കൊണ്ടുപോയ ശിവകുമാർ, കനകപുര റോഡിനടുത്തുള്ള വിജനമായ സ്ഥലത്തുവെച്ച് അവളെ ക്രൂരമായി ബലാത്സംഗം ചെയ്തു. രക്ഷപ്പെടാൻ ശ്രമിച്ച ആ പെൺകുട്ടിയെ അവൻ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി ജഡം ഒരു ഓവുചാലിൽ ഉപേക്ഷിച്ചു.
ഈ ക്രൂരകൃത്യം ബാംഗ്ലൂർ നഗരത്തെ ഭീതിയിലാഴ്ത്തി. കോടതി ശിവകുമാറിന് ജീവപര്യന്തം തടവ് വിധിച്ചു. പിൽക്കാലത്ത് സുപ്രീം കോടതി ഇത് 30 വർഷമായി കുറച്ചു. ഈ സംഭവത്തിന് ശേഷമാണ് ഐടി കമ്പനികളിൽ സ്ത്രീ ജീവനക്കാർക്കായി കാറിൽ സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുന്ന രീതി നിലവിൽ വന്നത്.
ജീവിച്ചു തുടങ്ങുന്നതിന് മുമ്പ് ഗൗരമ്മയുടെ ഭർത്താവ് മരിച്ചു പിന്നീട് രാപകലില്ലാതെ കഷ്ടപ്പെട്ട് മകളെ പഠിപ്പിച്ചു വളർത്തി വലിയ നിലയിൽ എത്തിച്ചു. തനിക് ഒന്ന് സമാദാനമായി ജീവിക്കാൻ ഉള്ള സമയം ആയപ്പോഴേക്കും ആകെ ഉണ്ടായിരുന്ന മകളെ കാമം മൂത്തു ഒരാൾ കൊലപ്പെടുത്തി. ജീവിതം മൊത്തം നശിച്ചത് ആ പാവം അമ്മയുടെയായിരുന്നു.
















