കാഠ്മണ്ഡുവിൽ നിന്ന് ഇസ്താംബുളിലേക്ക് പറന്ന ടർക്കിഷ് എയർലൈൻസ് വിമാനം എൻജിനിൽ തീപിടിച്ചതിനെ തുടർന്ന് കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. 236 യാത്രക്കാരുമായി പറന്ന ടി.എച്ച്.വൈ 727 വിമാനമാണ് ബുധനാഴ്ച ഉച്ചയ്ക്ക് 2.49-ഓടെ സുരക്ഷിതമായി ലാൻഡിങ് നടത്തിയത്.
കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കകം തന്നെ വിമാനത്തിന്റെ വലത് എൻജിനിൽ തീപിടിത്തമുണ്ടായതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ പൈലറ്റ് കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും അടിയന്തര ലാൻഡിങ്ങിനുള്ള അനുമതി തേടുകയും ചെയ്തു. വിമാനത്താവളത്തിൽ ‘ഫുൾ എമർജൻസി’ പ്രഖ്യാപിച്ചാണ് വിമാനം ഇറക്കിയത്.
225 യാത്രക്കാരും 11 ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന 236 പേരും പൂർണ്ണ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനം നിലത്തിറക്കിയ ഉടൻ തന്നെ പരിശോധനകൾക്കായി മാറ്റുകയായിരുന്നു. എൻജിൻ ഓഫ് ചെയ്ത് ഒരു എൻജിൻ ഉപയോഗിച്ചാണ് പൈലറ്റ് വിമാനം കൊൽക്കത്തയിൽ എത്തിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാങ്കേതിക തകരാറിനെക്കുറിച്ച് വിശദമായ പരിശോധന നടന്നുവരികയാണെന്ന് കൊൽക്കത്ത വിമാനത്താവള ഡയറക്ടർ അറിയിച്ചു. യാത്രക്കാർക്കായി മറ്റ് ക്രമീകരണങ്ങൾ ഉടൻ ഏർപ്പെടുത്തുമെന്ന് ടർക്കിഷ് എയർലൈൻസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
















