നടനും അഭിഭാഷകനുമായ സി. ഷുക്കൂർ ഹൃദയാഘാതം മൂലം ആശുപത്രിയിൽ ചികിത്സയില്‍. ഷുക്കൂറിന്റെ സഹോദരൻ മുനീർ അൽവഫയാണ് ഫേസ്‌ബുക്കിലൂടെ ഈ കാര്യം പുറത്തുവിട്ടത്. കാസർഗോഡിലെ ആസ്റ്റർ മിംസിലാണ് ഷൂക്കൂർ ഇപ്പോൾ. പെട്ടെന്നുണ്ടായ സ്ട്രോക്ക് ആണെന്നും മുനീർ പറഞ്ഞു.
‘‘എന്റെ മൂത്ത സഹോദരൻ ഷുക്കൂർ വക്കീലിന് ജനുവരി 26ന് സ്ട്രോക്ക് ഉണ്ടായി. ഇപ്പോൾ അദ്ദേഹം കാസർഗോഡിലെ ആസ്റ്റർ മിംസിൽ ചികിത്സയിലാണ്. പടച്ചവന്റെ അനുഗ്രഹത്താൽ ഇപ്പോൾ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട് — സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നു.
ഇടത് വശത്ത് ചില ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഫിസിയോതെറാപ്പിയും റിഹാബിലിറ്റേഷനും തുടരുകയാണ്. അദ്ദേഹത്തിന്റെ വേഗത്തിലുള്ള പൂർണ സുഖപ്രാപ്തിക്കായി എല്ലാവരുടെയും പ്രാർത്ഥനകൾ സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു. നിങ്ങൾ എല്ലാവരും നൽകുന്ന സ്നേഹത്തിനും പ്രാർഥനകൾക്കും ഹൃദയം നിറഞ്ഞ നന്ദി.
ഒരുപക്ഷേ അദ്ദേഹത്തിന്റെ വാക്കുകൾ കൊണ്ടോ പ്രവൃത്തികൊണ്ടോ എഴുത്തുകൊണ്ടോ ബുദ്ധിമുട്ടുണ്ടായ ആളുകൾ ഉണ്ടായേക്കാം. അങ്ങനെ ആർക്കെങ്കിലും മനസ്സിലൊരു വിഷമം തോന്നുന്നുണ്ടെങ്കിൽ അത് പൊറുത്തു കൊടുക്കണമെന്നു കൂടി ഈ സാഹചര്യത്തിൽ അഭ്യർഥിക്കുകയാണ്. അത് പൊറുത്ത് കൊടുത്ത് അദ്ദേഹം പൂർണ ആരോഗ്യസ്ഥിതിയിലേക്ക് എത്താൻ എല്ലാവരും പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു.’’–മുനീറിന്റെ വാക്കുകൾ.
രതീഷ് ബാലകൃഷ്ണ പൊതുവാൾ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ താരമാണ് ഷൂക്കൂർ. ചിത്രത്തിൽ അഡ്വ. ഷുക്കൂര്‍ തന്നെയായി അഭിനയിച്ച് പ്രേക്ഷകരുടെ മനം കവർന്നു. സിനിമയിൽ മാത്രമല്ല യഥാർഥ ജീവിതത്തിലും ഷുക്കൂർ തിരക്കുള്ള വക്കീലാണ്.
കണ്ണൂർ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ലോ വിഭാഗം മേധാവിയും കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മഞ്ചേശ്വരം ക്യാപംസ് ഡയറക്ടറുമായ അഡ്വ. ഷീനാ ഷുക്കൂറാണ് നടന്റെ ഭാര്യ. സുപ്രീം കോടതിയിൽ ജസ്റ്റിസ് രാമസുബ്രഹ്മണ്യത്തിന്റെ ലോ ക്ലാർക്ക് ജാസ്മിൻ, ഇംഗ്ലിഷ് ലിറ്ററേച്ചർ, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം പൂർത്തിയാക്കിയ ജെബിൻ, ഒമ്പതാം ക്ലാസ് വിദ്യാർഥി ജെസാഹ് എന്നിവരാണ് മക്കൾ.
കാഞ്ഞങ്ങാട് ഹൊസ് ദുർഗ് ബാറിലെ അഭിഭാഷകനാണ് ഷുക്കൂർ. പാതിരാത്രി എന്ന സിനിമയിലും താരം ഒരു വേഷം ചെയ്തിരുന്നു. ഭാവന നായികയാകുന്ന ‘അനോമി’യാണ് അദ്ദേഹത്തിന്റെ പുതിയ റിലീസ്.
















