സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതി വലിയ പാരിസ്ഥിതികാഘാതം ഉണ്ടാക്കും. സംസ്ഥാനത്തിന് താൽപ്പര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി. രാജ്യസഭയിൽ ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തിനായിരുന്നു മറുപടി.സംസ്ഥാനം സഹകരിച്ചില്ലെങ്കിൽ എങ്ങനെ പദ്ധതി നടപ്പാക്കാനാകുമെന്ന് ചോദിച്ച കേന്ദ്ര മന്ത്രി പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്തിന് കേന്ദ്ര പിന്തുണ അനിവാര്യമാണെന്ന് വ്യക്തമാക്കി. സർക്കാർ സഹകരണം വളരെ കുറവാണെന്നും ഇതുവരെ 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്ത് നൽകിയതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ കേന്ദ്രം അംഗീകരിക്കുകയോ പൂർണ്ണമായി തള്ളിക്കളയുകയോ ചെയ്തിട്ടില്ല. നിലവിൽ ഹൈ സ്പീഡ് റെയിൽ പദ്ധതിയും പരിഗണനയിലുണ്ട്. അതിവേഗ റെയിൽപാതയിൽ മെട്രോമാൻ ഇ ശ്രീധരനെ കേന്ദ്രം പിന്തുണച്ചു. വികസന നിർദേശങ്ങൾ ആര് ഉയർത്തിയാലും സ്വാഗതാർഹമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. അതിവേഗ പാതക്ക് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാം. ഇ ശ്രീധരന്റെ അതിവേഗ പാതാ നിർദേശത്തോട് എതിർപ്പില്ലെന്നും ഏത് പദ്ധതിയായാലും പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Story Highlights : Union Minister Ashwini Vaishnaw says Silver Line project is not feasible
















