തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതി ബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസിലും ആഭ്യന്തര അന്വേഷണം. പൊലീസ്-ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്നാണ് ഉന്നത നിർദേശത്തെ തുടർന്ന് അന്വേഷണം വ്യാപിപ്പിക്കുന്നത്. പൊലീസുകാർ സ്പാകളിൽനിന്ന് മാസപ്പടി വാങ്ങുന്നതായും പൊലീസുകാരിൽ ചിലർ സ്പാകളിൽ നിത്യസന്ദർശകരാണെന്നുമുള്ള സംശയങ്ങളുണ്ട്.
അതേസമയം കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. നിലവിൽ പ്രധാനപ്രതിയയായ മരണ സുബിൻ എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടർ ചാക്കോ, ബെർലിൻ ദാസ് എന്നീ രണ്ട് പ്രതികൾ മാത്രമാണ് പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ആയിരുന്നു സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച് സ്പായിൽ എത്തിയതാണ് സുബിൻ അലക്സാണ്ടർ അടക്കം ആറ് പേർ. 50000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നൽകാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിനും കൂട്ടാളികളും ജീവനക്കാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി.
ഇതിൻ്റെ ദൃശ്യങ്ങളും മൊബൈലിൽ ചിത്രീകരിച്ചു. ഈ സമയം സ്പായിൽ എത്തിയ മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തുകയും പണം അപഹരിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ സംഭവത്തിന് ശേഷം സ്പായിൽ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
















