ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ നസ്ലിനും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായെത്തിയ റൊമാന്റിക് എന്റർടെയ്നർ ആണ് ‘പ്രേമലു’. ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. സിനിമ 100 കോടിക്കും മുകളിൽ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും പ്രേമലു 2 നീണ്ടുപോയി. ഇപ്പോഴിതാ പ്രേമലു 2 വിനെ കുറിച്ച് മമിത ബൈജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
‘പ്രേമലു 2 ഇല്ല എന്നത് ഓഫീഷ്യലി ഞങ്ങൾക്ക് വന്നിട്ടില്ല. വാർത്തകൾ ഞാനും കണ്ടിരുന്നു, പക്ഷെ അത് എന്താണ് എന്ന് എനിക്ക് അറിയില്ല. ഓഫീഷ്യലി ഒന്നും അറിയാത്തതു കൊണ്ട് എനിക്ക് അതിൽ ഒന്നും പറയാൻ കഴിയില്ല,’ മമിത പറഞ്ഞു. അതേസമയം സിനിമയിലെ പ്രധാന നടനായ നസ്ലെന് സ്ക്രിപ്റ്റ് വർക്ക് ആകാതെ പോയതാണ് സിനിമ ഉപേക്ഷിക്കാനുള്ള കാരണമെന്ന് ചില ഓൺലൈൻ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ചില സാങ്കേതിക കാരണങ്ങളാല്‍ പ്രേമലുവിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകില്ലെന്ന് ദിലീഷ് പോത്തൻ അറിയിച്ചിരുന്നു.
ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നസ്ലിനും മമിത ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിച്ച ചിത്രം ഭാവന സ്റ്റുഡിയോസാണ് നിർമ്മിച്ചത്.
നിവിൻ പോളിയെ നായകനാക്കി ഒരുങ്ങുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ് ആണ് ഇനി പുറത്തിറങ്ങാനുള്ള ഗിരീഷ് എ ഡി ചിത്രം. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന സിനിമയിൽ മമിത ബൈജു ആണ് നായിക. 2026 ഓണം റിലീസായി ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. പ്രേമലുവിന് തിരക്കഥയൊരുക്കിയ ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെയും രചന നിര്‍വഹിക്കുന്നത്.
















