തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിലെ പ്രതികൾ സംസ്ഥാനം വിട്ടുവെന്ന് സൂചന. നാല് പ്രതികൾ ബെംഗളൂരുവിലേക്ക് കടന്നതായാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘം ബംഗളൂരുവിലേക്ക് പോയേക്കും.
തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതികളുമായി ബന്ധമുള്ളവരെ പൊലീസ് നിരീക്ഷിക്കുന്നു. ഗൂണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സ്പായിലെത്തിയ ആറംഗ സംഘം സ്പാ ജീവനക്കാരിയെ അതിക്രൂര പീഡനത്തിന് ഇരയാക്കി.
കഴുത്തിൽ കത്തിവെച്ച് ഭീഷണപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് അതിജീവിത പറഞ്ഞു. കൂട്ടബലാത്സംഗത്തിന് പിന്നിൽ ക്വട്ടേഷൻ ആണെന്ന് സംശയിക്കുന്നതായി സ്ഥാപന ഉടമ ആരോപിച്ചു. ഇക്കാര്യം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്പി ആർ ആനന്ദ് പറഞ്ഞു.
















