ഓരോ മനുഷ്യനും ഈ ലോകത്ത് ജീവിക്കുന്നത് ഒരായിരം സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ്. പ്രതിസന്ധികളോട് പൊരുതി മുന്നേറാനും സ്വന്തമായി എന്തെങ്കിലും നേടിയെടുക്കാനുമുള്ള ആഗ്രഹമാണ് ഓരോരുത്തർക്കും കരുത്താകുന്നത്. എന്നാൽ, മറ്റൊരാളുടെ ഉള്ളിൽ ഉടലെടുക്കുന്ന പകയോ, വൈരാഗ്യമോ, ക്രൂരമായ കാമമോ പാതിവഴിയിൽ തകർത്തെറിയുന്നത് നിരപരാധികളായ എത്രയോ മനുഷ്യരുടെ ജീവിതങ്ങളാണ് നമ്മൾക്ക് ചുറ്റും.
നമ്മുടെ നാട്ടിൽ പീഡനവാർത്തകൾ നിത്യസംഭവമായി മാറുമ്പോഴും, ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്നായ സ്വീഡനെ നടുക്കിയ ഒരു സംഭവമായിരുന്നു 2015-ലേത്. തന്റെ 17-ാം വയസ്സിൽ ലോകം കീഴടക്കാനിറങ്ങിയ ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങൾ, ഒരാളുടെ വികൃതമായ മോഹങ്ങൾക്കിടയിൽ എങ്ങനെ പൊലിഞ്ഞുപോയി എന്നത് ഇന്നും ആ നാടിന്റെ കരളലിയിക്കുന്ന ഓർമ്മയാണ്. ലിസ ഹോം എന്ന ആ പെൺകുട്ടിയുടെ കഥ കേവലം ഒരു ക്രൈം റിപ്പോർട്ടല്ല, മറിച്ച് തകർക്കപ്പെട്ട ഒരുപാട് മോഹങ്ങളുടെ വേദന കൂടിയാണ്.
സ്വീഡനിലെ ബ്ലംബെർഗ് എന്ന ശാന്തമായ നഗരം. അവിടെ ഒരുപാട് സ്വപ്നങ്ങളുമായി തന്റെ മാതാപിതാക്കൾക്ക് ഒപ്പം ജീവിക്കുന്ന പെൺകുട്ടിയായിരുന്നു 17 വയസ്സുകാരിയായ ലിസ ഹോം. 2015 ജൂൺ 7-ാം തീയതി, ഒരുപക്ഷെ അവളുടെ ജീവിതത്തിൽ സന്തോഷം നിറഞ്ഞതും ദുരന്തപൂർണവുമായ ദിവസം ആയിരുന്നിരിക്കണം. തന്റെ അച്ഛന് തനിക്കു സമ്മാനമായി തന്ന സ്കൂട്ടറിൽ ജോലിക്ക് ആയി പോകുന്ന ദിവസമായിരുന്നു അന്ന്.
ബ്ലംബെർഗിലെ ഒരു കഫേയിലായിരുന്നു ലിസയ്ക്ക് പാർട്ട് ടൈം ജോലി. ആർക്കിടെക്റ്റാകാൻ ആഗ്രഹിച്ച, ലോകം മുഴുവൻ ചുറ്റിക്കാണാൻ കൊതിച്ച പെൺകുട്ടി കൂടിയായിരുന്നു അവൾ. രാവിലെ സന്തോഷത്തോടെ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്ന് ഇറങ്ങിയത്.
അന്ന് ഉച്ചയോടെ ലിസയുടെ മാതാപിതാക്കൾ അവളെ കാണാൻ കഫേയിലെത്തിയിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോൾ, വൈകുന്നേരം താൻ സുരക്ഷിതമായി വീട്ടിലെത്തിക്കോളാം എന്ന് അവൾ അവർക്ക് വാക്ക് നൽകി. പതിവ് പോലെ വൈകുന്നേരം 6:23-ന് “ഞാൻ കഫേയിൽ നിന്നിറങ്ങി” എന്നൊരു സന്ദേശം അവൾ അവളുടെ അച്ഛന് അയച്ചു.
മെസ്സേജ് അയച്ചു മിനുറ്റുകൾക്കകം അവളുടെ അച്ഛന് മറ്റൊരു കാൾ വന്നു അവളിൽ നിന്ന്. എന്നാൽ ആരും തന്നെ അതിൽ സംസാരിക്കുന്നുണ്ടായിരുന്നില്ല, പശ്ചാത്തലത്തിൽ ചില ശബ്ദങ്ങൾ മാത്രം കേൾക്കാമായിരുന്നു. അതായിരുന്നു അവൾ അവസാനമായി നൽകിയ സൂചന.
മണിക്കൂറുകൾ കഴിഞ്ഞിട്ടും ലിസ വീട്ടിലെത്താതായതോടെ അച്ഛൻ അവളെ തിരഞ്ഞിറങ്ങി. കഫേയുടെ മുന്നിൽ അവളുടെ സ്കൂട്ടറും ഹെൽമറ്റും താക്കോലുമെല്ലാം ഉണ്ടായിരുന്നു, പക്ഷേ ലിസ മാത്രം അവിടെയുണ്ടായിരുന്നില്ല. മകൾക്ക് എന്തോ അപകടം പറ്റിയെന്നു മനസിലാക്കിയ അവളുടെ അച്ഛന് ഉടൻ തന്നെ പോലീസിൽ പരാതി നൽകി.
പോലീസ് അന്വേഷണം ആരംഭിച്ചു. സ്വീഡൻ പോലൊരു സുരക്ഷിത രാജ്യത്ത് ഇത്തരം സംഭവങ്ങൾ അപൂർവ്വമായിരുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ലിസയുടെ ഗ്ലൗസ്, മൊബൈൽ ഫോൺ, ഐഡി കാർഡ് എന്നിവ കഫേയ്ക്ക് എതിർവശത്തുള്ള ഒരു ഫാം ലാൻഡിൽ നിന്നും ദാന്യപ്പുരയുടെ പരിസരത്ത് നിന്നുമായി കണ്ടെടുത്തു.
ഈ സമയത്താണ് പൊലീസിന് നിർണ്ണായകമായ ഒരു സാക്ഷിമൊഴി ലഭിക്കുന്നത്. ജൂൺ 6-ന് ജോഗിംഗിന് പോയ ഒരു സ്ത്രീയോട് ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാൾ വഴി ചോദിക്കുകയും കാറിൽ കയറാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. ഇതേ ആൾ ലിസ ജോലി ചെയ്ത കഫേയുടെ പരിസരത്ത് നിൽക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി.
മൊബൈൽ ഫോണും മറ്റുമൊക്കെ ലഭിച്ച ദാന്യപ്പുരയിൽ പോലീസ് തിരച്ചിൽ നടത്തി. അവിടെ നടത്തിയ വിശദമായ പരിശോധനയിൽ ലിസയുടെ ഒരു കമ്മൽ കണ്ടെടുത്തു. ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ അവിടെ നിന്ന് കിഡ്നാപ്പറുടെ യൂറിൻ സാമ്പിളും സീമെൻ സാമ്പിളും ലഭിച്ചു. ആരോ ആ ജനലിലൂടെ കഫേയിലെ ജീവനക്കാരെ നിരീക്ഷിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നു അത്.
അന്വേഷണം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ, കഫേയിൽ നിന്ന് മൂന്നര കിലോമീറ്റർ അകലെയുള്ള മറ്റൊരു ഫാമിലെ ഒരു ട്രെയ്ലറിനുള്ളിൽ നിന്ന് ലിസയുടെ മൃതദേഹം കണ്ടെടുത്തു. കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ നിലയിലായിരുന്നു അവൾ. അവിടെ ജോലി ചെയ്തിരുന്ന ലിത്വാനിയൻ സഹോദരങ്ങളിൽ മൂത്തവനായ നെറീജസ് എന്ന 35-കാരനായിരുന്നു കൊലയാളി. ഫോറൻസിക് തെളിവുകളും സാക്ഷിമൊഴികളും അവനെ കുടുക്കി.
ലിസയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ ശക്തമായി എതിർത്തതോടെ നെറീജസ് അവളെ കൊലപ്പെടുത്തുകയായിരുന്നു. കോടതി അവന് ജീവപര്യന്തം ശിക്ഷ വിധിച്ചു. പിന്നീട് ലിത്വാനിയൻ ജയിലിലേക്ക് മാറ്റപ്പെട്ട നെറീജസ്, 2022-ൽ സഹതടവുകാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അതോടെ ലിസ ഹോമിന് നീതി ലഭിച്ചു എന്ന ആശ്വാസത്തോടെയാണ് സ്വീഡൻ.
















