എക്‌സൈസ് വനിതാ ഉദ്യോഗസ്ഥര്‍ അടക്കം യൂണിഫോമില്‍ ഡ്യൂട്ടി സമയത്ത് ബാര്‍ഹോട്ടല്‍ ലൈസന്‍സിയുടെ മദ്യ സത്ക്കാരത്തില്‍ പങ്കെടുത്തത് വിവാദമായതോടെ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതിനു പിന്നാലെ ഹോട്ടലിന്റെ ബാര്‍ ലൈസന്‍സും സസ്‌പെന്റു ചെയ്തത് വകുപ്പിന്റെ മുഖം രക്ഷിക്കാന്‍ വേണ്ടി മാത്രമാണെന്ന് ആക്ഷേപം. തെറ്റു ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ എന്നത് ന്യായമാണ്. എന്നാല്‍ ബാര്‍ഹോട്ടലിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുകയാണ് വേണ്ടിയിരുന്നത് എന്നാണ് എക്‌സൈസിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായം. എന്നാല്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി സമയത്ത് മദ്യ സ്തക്കാരം നടത്തിയ ലൈസന്‍സിയുടെ ബാര്‍ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുക മാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
ഈ സസ്‌പെന്‍ഷന്‍ ബാര്‍ ലൈസന്‍സ് വൈലേഷന്‍ നടത്തിയതിന് പിഴയടച്ചാല്‍ പിറ്റേ ദിവസം മുതല്‍ മദ്യം വിളമ്പാനുള്ള അനുമതി ലഭിക്കുമെന്നതാണ് പ്രത്യേകത. അതായത്, പിഴയൊടുക്കേണ്ടത്, ഒരു ലക്ഷം വരെയാണെങ്കിലും ലൈസന്‍സിക്ക് അതിനു സാധിക്കുമെന്നര്‍ത്ഥം. എക്‌സൈസ് നല്‍കിയ നോട്ടീസിന് മറുപടിയും നല്‍കി, പിഴയും അടച്ച് ലൈസന്‍സി, ബാറില്‍ വീണ്ടും മദ്യം വിളമ്പുമ്പോള്‍, സത്ക്കാരത്തിനു വിധേയരായി സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ പാതി ശമ്പളവും വാങ്ങി മാസങ്ങളോളം വീട്ടിലും ഇരിക്കും. ഈ അന്യായത്തെയാണ് എക്‌സൈസ് വകുപ്പ് തിരിച്ചറിയേണ്ടത്.
മാര്‍ച്ചില്‍ കേരളത്തിലെ ബാറുകളെല്ലാം ലൈസന്‍സുകള്‍ പുതുക്കേണ്ടതുണ്ട്. ഈ സമയത്ത്, പുതിയ ലൈസന്‍സിനായി അപേക്ഷിക്കുമ്പോള്‍ കോവളത്തെ വെള്ളാര്‍ ഡയമണ്ട് പാലസിനും ലൈസന്‍സിന് അപേക്ഷിക്കാന്‍ കഴിയും. അതുവരെയെങ്കിലും ഈ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദ് ചെയ്യേണ്ടിയിരുന്നു എന്നാണ് എക്‌സൈസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ അഭിപ്രായം. കുടിച്ചവനും കൊടുത്തവനും ശിക്ഷയുടെ കാഠിന്യം ഒരുപോലെ ലഭിച്ചാലേ വീണ്ടും അതേ തെറ്റ് ഇരു കൂട്ടരും ആവര്‍ത്തിക്കാതിരിക്കൂ. ഏതെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥന് (അതും വനിതാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക്) ഡ്യൂട്ടി സമയത്ത് യൂണിഫോമില്‍ മദ്യ സത്ക്കാരം സ്വീകരിക്കാന്‍ തോന്നാതിരിക്കുക എന്നതു പോലെത്തന്നെയാണ്, ബാര്‍ ഹോട്ടല്‍ മുതലാളിക്ക് അവരെ സ്തക്കാരത്തിന് വിളിക്കാതിരിക്കാന്‍ തോന്നുന്നതും.
ചെയ്തത് തെറ്റാണെന്ന പൂര്‍ണ്ണ ബോധ്യത്തോടെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സത്ക്കാരത്തിന് പങ്കെടുത്തതും, ബാര്‍ മുതലാളി ഇവരെ സത്ക്കരിച്ചതും. അതുകൊണ്ടു തന്നെ ബാര്‍ ഹോട്ടലിനെതിരേ ശക്തമായ നടപടി എടുത്തില്ലെങ്കില്‍, ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നുറപ്പാണ്. ഇത്തരക്കാര്‍ സസ്‌പെന്‍ഷനെ മറികടക്കാന്‍ എന്തു ചെയ്യണമെന്ന് കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുമെന്ന് മനസ്സിലാക്കണം. തെറ്റു ചെയ്യാനാണ് ഈ സൂക്ഷമത എന്നതാണ് പ്രത്യേകത. അതുകൊണ്ട് കുറഞ്ഞ പക്ഷം ഡയമണ്ട് പാലസിന്റെ ബാര്‍ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാതെ റദ്ദാക്കുകയാണ് വേണ്ടത്. എങ്കിലേ ചെയ്ത തെറ്റിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ കഴിയൂ എന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.
- തെറ്റിന്റെ വ്യാപ്തി എന്ത് ?
ബാര്‍ ഹോട്ടലില്‍ മദ്യം വിളമ്പുന്നതും, അത് കുടിക്കാന്‍ എത്തുന്നവരും സര്‍വ്വ സാധാരണമാണ്. എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി സമയത്ത് ഓഫീസില്‍ നിന്നും പറത്തു പോകുന്നതു തന്നെ നിയമ വിരുദ്ദമാണ്. അപ്പോള്‍ മദ്യപിച്ചാലുള്ള കാര്യം പറയണോ. അതും ബാറില്‍ കയറി. അങ്ങനെ മദ്യപിക്കുന്നവര്‍ക്ക് കിട്ടുന്നശിക്ഷയും അതിനനുസരിച്ചായിരിക്കും. എന്നാല്‍, യൂണിഫോമിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കിലോ. അതില്‍ മദ്യത്തിനും മയക്കുമരുന്നിനും എതിരെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനമായ എക്‌സൈസ് ഉദ്യോഗസ്ഥരാണെങ്കിലോ. ജനങ്ങളെ മുഴുവന്‍ മദ്യത്തിനെതിരേ ബോധവത്ക്കരണം നടത്തുകയും, കള്ളവാറ്റ് കഞ്ചാവ് കൃഷി നശിപ്പിക്കല്‍ മദ്യക്കടത്ത് തുടങ്ങിയ അനധികൃതവും നിയമവിരുദ്ധവുമായ എല്ലാ പ്രവൃത്തികള്‍ നടത്തുകയും ചെയ്യുന്നവര്‍ എല്ലാകഴിഞ്ഞ് ബാറില്‍ കയറി മദ്യപിച്ചാല്‍ എന്താണ് ശിക്ഷ.
ഇവര്‍ നല്‍കുന്ന ബാര്‍ ലൈസന്‍സു മുതല്‍ എല്ലാ നടപടികളെയും റദ്ദു ചെയ്യുന്നതല്ലേ ഇത്തരം മദ്യപാനം. അങ്ങനെയെങ്കില്‍ ഡ്യൂട്ടിയിലുള്ള അതും യൂണിഫോമിലുള്ള വനിതാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് വിളിച്ച് മദ്യ സത്ക്കാരം നടത്താന്‍ ഒരു ബാര്‍ ലൈസന്‍സിക്ക് തോന്നുന്നെങ്കില്‍ അതിന്റെ അര്‍ത്ഥമെന്താണ്. ബാര്‍ ലൈസന്‍സിയും എക്‌സൈസ് ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ ബന്ധം ഉണ്ട് എന്നല്ലേ. ചെയ്തത് നിയമവിരുദ്ധമാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമുണ്ട്. അതുപോലെ നിയമ പാലകരെ തെറ്റു ചെയ്യാന്‍ പ്രേരിപ്പുക മാത്രമല്ല, തനിക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടവരെ ബോധ പൂര്‍വ്വം തെറ്റു ചെയ്യിക്കുകയും അതു വഴി തന്റെ സ്വാര്‍ത്ഥ ലാഭത്തിന് അവരെ വിധേയരാക്കുകയും ചെയ്യുകയായിരുന്നു ലൈസന്‍സി ചെയ്തത്. ഇത് വലിയാ തെറ്റാണെന്ന് ബോധ്യപ്പെടുക മാത്രമല്ല വേണ്ടത്, മദ്യം ഒഴിക്കേണ്ട ലൈസന്‍സ് ഇല്ലാതാക്കുക കൂടി ചെയ്യുകയാണ് വേണ്ടത്. ഹോട്ടലില്‍ ഒഴിക്കുന്നത് മദ്യമല്ലേ, പാലോ തേനോ എനര്‍ജി ഡ്രിങ്കോ ഒന്നുമല്ലല്ലോ. ശിക്ഷ നല്‍കേണ്ട സമയത്ത്, കൃത്യമായതും ശക്തമായതുമായ ശിക്ഷയാണ് നല്‍കേണ്ടത്.
- ബാര്‍ ലൈസന്‍സ് സസ്‌പെന്റു ചെയ്താല്‍
ഒരു ബാര്‍ ലൈസന്‍സ് സസ്‌പെന്റു ചെയ്താല്‍, എക്‌സൈസ് വകുപ്പ് നിര്‍ദ്ദേശിക്കുന്ന പിഴയടച്ചാല്‍ ലൈസന്‍സ് വീണ്ടും പുനസ്ഥാപിക്കാനാകും. എന്നാല്‍, ലൈസന്‍സ് റദ്ദു ചെയ്താല്‍, വീണ്ടും ലൈന്‍സിനായി അപേക്ഷിച്ച് കാത്തിരിക്കേണ്ടി വരും. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള അപേക്ഷയും, എക്‌സൈസ് നല്‍കുന്ന നോട്ടീസിന് മറുപടിയും നല്‍കിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് മണിക്കൂറുകള്‍ കൊണ്ട് ലൈസന്‍സ് പുനസ്ഥാപിക്കാനാകും. ഇത് ബാര്‍ ലൈസന്‍സിയെ തെറ്റു ചെയ്യാന്‍ കൂടുതല്‍ പ്രാത്പനാക്കും എന്നല്ലാതെ, തെറ്റു തിരുത്താന്‍ ഉപകരിക്കില്ല എന്നതാണ് പ്രത്യേകത.
- കുടിച്ചവന്‍ വീട്ടിലും ഒഴിച്ചവന്‍ പിഴയടച്ച് രക്ഷപ്പെടും
ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്ന ചിത്രങ്ങള്‍ ചാനലുകള്‍ക്കോ, മറ്റു മാധ്യമ സ്ഥാപനങ്ങള്‍ക്കോ കിട്ടിയിട്ടില്ല. ആ ഫോട്ടോകള്‍ അന്വേഷണം ന്യൂസിന്റെ എക്‌സ്‌ക്ലൂസിവ് ഫോട്ടോകളാണ്. എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്, ബാര്‍ ലൈസന്‍സിയുടെ മദ്യ സത്ക്കാരം എന്നു തന്നെയാണ്. അപ്പോള്‍ അതില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരും, സത്ക്കാരം നടത്തിയവരും ശിക്ഷ അര്‍ഹിക്കുന്നു. ശിക്ഷയുടെ കാഠിന്യം എങ്ങനെ വേണമെന്ന് വകുപ്പാണ് തീരുമാനിക്കേണ്ടത്. മദ്യം കുടിച്ചവര്‍ വീട്ടിലും, മദ്യം ഒഴിച്ചവര്‍ പിഴയടച്ച്, വീണ്ടും മദ്യം വിളമ്പുന്നു. ഈ വിവേചനം തിരിച്ചറിയുകയാണ് വേണ്ടത്.
















