ലഹരിക്കടത്ത് കേസിൽ കനേഡിയൻ പൗരൻ റോബർട്ട് ഷെല്ലൻബെർഗിന്റെ വധശിക്ഷ ചൈനയുടെ സുപ്രീം പീപ്പിൾസ് കോർട്ട് റദ്ദാക്കി. കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ സുപ്രീം പീപ്പിൾസ് കോർട്ട് റദ്ദാക്കിയതായും കേസ് പുനർവിചാരണയ്ക്കായി ലിയാവോണിങ് പ്രൊവിൻഷ്യൽ ഹൈ പീപ്പിൾസ് കോടതിയിലേക്ക് തിരിച്ചയക്കാൻ ഉത്തരവിട്ടതായും ബെയ്ജിങ് ആസ്ഥാനമായുള്ള അഭിഭാഷകൻ ഷാങ് ഡോങ്ഷുവോ അറിയിച്ചു.
ചൈനയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ സാരമായി ബാധിച്ചിരുന്ന ഈ കേസിൽ ഇതൊരു സുപ്രധാന വഴിത്തിരിവാണ്. കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണിയുടെ ചൈനാ സന്ദർശനത്തിന് പിന്നാലെ വന്ന ഈ തീരുമാനം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ മഞ്ഞുരുക്കത്തിന്റെ സൂചനകൾ നൽകുന്നു.
ഒരു മാസം മുൻപ് നടന്ന കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണിയുടെ നാലു ദിവസത്തെ ചൈനാ സന്ദർശനത്തിന് പിന്നാലെയാണ് കോടതിയുടെ ഈ തീരുമാനം. ലഹരിമരുന്ന് കടത്ത് സംശയിച്ച് റോബർട്ട് ഷെല്ലൻബെർഗിനെ 2014 ലാണ് ചൈന തടവിലാക്കിയത്.
















