ശബരിമല സ്വർണകൊള്ളയിലെ പ്രതിയായ ഗോവർധൻ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം നിഷേധിച്ചത്.
ഗോവർധനെതിരെ ആരോപിക്കുന്നത് 475 ഗ്രാമിന്‍റെ സ്വർണമോഷണമാണെന്നും ഗോവർധൻ ഇരുപതു വർഷത്തിലധികമായി അയ്യപ്പ ഭക്തനാണെന്നും 80 ലക്ഷത്തിലധികം രൂപ ശബരിമല ക്ഷേത്രത്തിൽ സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകനായ മുകുൾ റോത്തഗി സുപ്രീം കോടതിയിൽ വാദിച്ചു.
എന്നാൽ സംഭാവനയും സ്വർണക്കൊള്ളയും വ്യത്യസ്തമാണെന്നും സംഭാവന നൽകുന്ന ഒരാൾ കൊള്ള നടത്തില്ലെന്ന് പറയാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി. തുടർന്നാണ് സുപ്രീം കോടതി ജാമ്യ ഹർജി തള്ളിയത്. രണ്ട് മാസത്തിന് ശേഷം ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിക്കാൻ അനുമതി തേടിയെങ്കിലും അക്കാര്യത്തതിൽ വ്യക്തമായ ഒരു ഉത്തരവ് നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു.
















