ആരാധകരോട് കയർത്ത് തമിഴ് സൂപ്പർതാരം അജിത് കുമാർ. അബുദാബിയിലെ യാസ് മറീന സർക്യൂട്ടിനിടെ ആണ് സംഭവം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ വൈകാതെ സൈബർ ലോകത്ത് ചർച്ചയായി. വീഡിയോയിൽ തന്നെ ‘തല’ എന്ന് വിളിക്കരുതെന്നും പരിപാടിക്കിടയിൽ ബഹളമുണ്ടാക്കാതെ ശാന്തരായിരിക്കണമെന്നും അജിത് ആരാധകരോട് ആവശ്യപ്പെടുന്നത് കാണാം.
Ajith vs his fans 😭🤣 https://t.co/kHiuSTGcho
— 🥶. (@KuskiOffl) February 10, 2026
“ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല. പ്ലീസ്” – അജിത് കുമാർ പറഞ്ഞു. മോട്ടോർ സ്പോർട്സ് പരിപാടികൾക്കിടയിൽ തന്നെ ‘തല’ എന്ന് വിളിക്കരുതെന്നും ബഹളമുണ്ടാക്കരുതെന്നും അദ്ദേഹം ആരാധകരോട് അഭ്യർഥിച്ചു. മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി നിശബ്ദത പാലിക്കാൻ അദ്ദേഹം ആരാധകരോട് ആവർത്തിച്ച് ആവശ്യപ്പെടുന്ന നിരവധി ചിത്രങ്ങളും ദൃശ്യങ്ങളും ഓൺലൈനിൽ ലഭ്യമാണ്. സ്വന്തം ടീമിന്റെ ഡ്രൈവറായും ടീം പ്രിൻസിപ്പലായും അദ്ദേഹം മത്സരത്തിൽ പങ്കെടുത്തിരുന്നു. റേസർ ജേഴ്സിയും ജീൻസും ധരിച്ചാണ് അദ്ദേഹം ആരാധകരോട് ശാന്തരാകാൻ ആവശ്യപ്പെട്ടത്.
ഫെബ്രുവരി 7, 8 തീയതികളിലായി നടന്ന യാസ് സ്പീഡ് ഫെസ്റ്റിവലിനിടെയാണ് സംഭവം. ശിവകാർത്തികേയൻ, വെങ്കട്ട് പ്രഭു തുടങ്ങിയ പ്രമുഖരും റേസ് കാണാൻ എത്തിയിരുന്നു.
മുൻപ് ആരാധനാലയങ്ങളിലും റേസിങ് ട്രാക്കുകളിലും അദ്ദേഹം ആരാധകരോട് ഇതേ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
















