കെ.എസ്.ഇ.ബി.ലിമിറ്റഡിനു കീഴിലുള്ള കേരള ഹൈഡല്‍ ടൂറിസം സെന്ററിന്റെ നേതൃത്വത്തില്‍ ഇടുക്കി നിവാസികളുടെ സ്വപ്നമായിരുന്ന ലേസര്‍ഷോ പദ്ധതി പൂവണിയാന്‍ പോവുകയാണ്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച്ച് ഡാമായ ഇടുക്കി ഡാമിന്റെ പ്രതലത്തിലാണ് ലേസര്‍ഷോ നടത്തുവാന്‍ ഉദ്ദേശിക്കുന്നത്.
2026 ഫെബ്രുവരി 13 രാവിലെ 11.30-ന് ഇടുക്കി ഡിറ്റിപിസി പാര്‍ക്കിനു സമീപം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വൈദ്യുതി വകുപ്പ്മന്ത്രി കെ. കൃഷ്ണന്‍കുട്ടി ശിലാഫലകം അനുച്ഛാദനം ചെയ്തുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിക്കും. അഡ്വ. ഡീന്‍കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണം നടത്തുന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍, കെ.എസ്.ഇ.ബി.എല്‍ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ മിന്‍ഹാജ് ആലം ഐ.എ.എസ്., ഹൈഡല്‍ ടൂറിസം ഡയറക്ടര്‍ ഹര്‍ഷീല്‍ ആര്‍ മീണ ഐ.എ.എസ്., ജില്ലാകളക്ടര്‍ ദിനേശന്‍ ചെറുവാട്ട് തുടങ്ങിയവരും പ്രമുഖരായ ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.
















