ദേശീയ പണിമുടക്കിന് മുന്നോടിയായി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ജീവനക്കാര്‍ക്ക് ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമുണ്ടാകില്ല. പണിമുടക്കില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരെയാണ് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് 12 മണിക്കാണ് തുടങ്ങിയത്.സിപിഐഎം, സിപിഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകത്തൊഴിലാളി സംഘടനകളും സര്‍ക്കാര്‍-അധ്യാപക സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും.
സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, സ്വകാര്യ ബസുകള്‍, ഓട്ടോ ടാക്‌സി സര്‍വീസ്, കെ എസ് ആര്‍ ടി സി സര്‍വീസുകള്‍, ബാങ്കിംഗ് സേവനങ്ങള്‍, കട കമ്പോളങ്ങള്‍ എന്നിവയെ പണിമുടക്ക് കാര്യമായി ബാധിക്കും.അവശ്യ സേവനങ്ങളായ ആശുപത്രി, പാല്‍,പത്രം, മരുന്നുകടകള്‍ അഗ്നിരക്ഷാസേന, ആംബുലന്‍സ്, റെയില്‍വേ സര്‍വീസ്, ശബരിമല മാരാമണ്‍ – തീര്‍ത്ഥാടകര്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതി പുനഃസ്ഥാപിക്കുക, കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കില്‍ ബലപ്രയോഗമോ, അക്രമമോ അനുവദിക്കില്ലെന്ന് നേതാക്കള്‍ അറിയിച്ചു. ഐഎന്‍ടിയുസി കേരളത്തില്‍ പ്രത്യേകമായാണ് പണിമുടക്കുക. പണിമുടക്കില്‍ ബിഎംഎസ് പങ്കെടുക്കില്ല.
Story Highlights : National strike; Government announces dies-non
















