വിവിധ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ പണിമുടക്കിന് പിന്തുണ നൽകുന്നതിനാൽ സംസ്ഥാനം പൂർണ്ണമായും സ്തംഭിച്ചേക്കും.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വ്യവസായ – കാര്‍ഷിക – വാണിജ്യ – വ്യാപാര മേഖലകള്‍ പൂര്‍ണമായി നിശ്ചലമാകും എന്നാണ് തൊഴിലാളി സംഘടനകളുടെ അവകാശവാദം. സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ സര്‍വീസ് മുടങ്ങാനാണ് സാധ്യത.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപക സംഘടനകളും ബാങ്ക്, ഇന്‍ഷുറന്‍സ്, പ്രതിരോധം, റയില്‍വേ, തുറമുഖം, വ്യോമയാന രംഗത്തെ ജീവനക്കാരും, അനുബന്ധ കരാര്‍ തൊഴിലാളികളും പണിമുടക്കിനെ പിന്തുണയ്ക്കുന്നുണ്ട്. അതേ സമയം, പണിമുടക്കിനു ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പണിമുടക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകില്ലെന്ന് ഉത്തരവിൽ പറയുന്നു.
ഓട്ടോ, ബസ്, കാര്‍, ലോറി തുടങ്ങി മോട്ടര്‍ തൊഴിലാളികള്‍, ഷോപ്പ് എംപ്ലോയീസ്, മത്സ്യവിപണനം – വിതരണ രംഗം, വഴിയോര കച്ചവട തൊഴിലാളികള്‍, പ്രസ് ജീവനക്കാര്‍, സ്‌കീം വര്‍ക്കര്‍മാര്‍, നിര്‍മാണം, കയറ്റിറക്ക്, ഗിഗ് പ്ലാറ്റ് ഫോം എന്നിവയിലെ തൊഴിലാളികളും പണിമുടക്കും.
ഐടി, ചെറുകിട വ്യവസായം, സ്വകാര്യമേഖല – പൊതുമേഖല വ്യവസായം, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡിലിങ് തൊഴിലാളികള്‍, തുറമുഖ തൊഴിലാളികള്‍, കണ്ടെയ്‌നര്‍ ഫ്രെയിറ്റ് സ്റ്റേഷനുകള്‍, തോട്ടം മേഖല, ഇലക്ട്രിസിറ്റി, പ്രതിരോധ മേഖലയിലെ തൊഴിലാളികള്‍, ന്യൂജനറേഷന്‍ ബാങ്കുകള്‍, നോണ്‍ ബാങ്കിങ് സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരും പണിമുടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.
പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
















