കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയ്ക്ക് തലസ്ഥാനത്ത് ക്യാമ്പസ് ആരംഭിക്കുന്നതിന് സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി അനുവദിക്കാനുള്ള ഫയല്‍ ഒരു വര്‍ഷമായി ഉന്നത വിദ്യാഭ്യാസ മന്ത്രി തടഞ്ഞു വെച്ചിരിക്കുന്നതായി ആക്ഷേപം. ഇതേ തുടര്‍ന്ന് കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസ് നിലനിര്‍ത്തുന്ന കാര്യം സര്‍വ്വകലാശാല പരിഗണിക്കുന്നതില്‍ ആശങ്ക. സെക്രട്ടേറിയറ്റിലെ ഫയല്‍ മൂവ്‌മെന്റ് രേഖകള്‍ സര്‍ക്കാരിന്റെ താല്‍പ്പര്യക്കുറവ് വ്യക്തമാക്കുന്നു. കൊല്ലം ഇ.എസ്.ഐ ആശുപത്രി, മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിപത്രം നിശ്ചിത സമയത്തിനുള്ളില്‍ നല്‍കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വിസമ്മതിച്ചതിനെ തുടര്‍ന്ന് കേരളത്തിന് ലഭിക്കേണ്ട മെഡിക്കല്‍ കോളേജ് നഷ്ടപ്പെട്ടത് വിവാദമായതിന് തൊട്ടു പിന്നാലെയാണ് ഈ സംഭവവും.
സ്ഥിരം ക്യാമ്പസിന് വേണ്ടി സി.പി.ഐയുടെ മന്ത്രിയായ ജി. ആര്‍. അനിലിന്റെ നെടുമങ്ങാട് മണ്ഡലത്തിലെ അണ്ടൂര്‍ക്കോണത്ത് അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി പാട്ടത്തിന്വിട്ടുകൊടുക്കാന്‍ റവന്യൂ വകുപ്പിന്റെ ശുപാര്‍ശയോടെ ധനവകുപ്പിന് അയച്ച ഫയലിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞത്. ക്യാമ്പസ് അനുവദിക്കുന്നതില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അനുമതി ആവശ്യമില്ലെങ്കിലും ധനവകുപ്പ് ബോധപൂര്‍വ്വം ഫയല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുകയായിരുന്നു.
2014ല്‍ ആണ് കേന്ദ്ര സര്‍വ്വകലാശാലയുടെ താല്‍കാലിക ക്യാമ്പസ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോഴും പ്രതിമാസം 15 ലക്ഷം രൂപ വാടക നല്‍കിയാണ് തലസ്ഥാനത്ത് ക്യാമ്പസ് പ്രവര്‍ത്തിക്കുന്നത്. സൗകര്യക്കുറവ് മൂലം നാലുവര്‍ഷ ബിരുദ കോഴ്‌സില്‍ ഒരു വിഷയം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. സ്ഥിരം ക്യാമ്പസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൂടുതല്‍ കോഴ്സുകള്‍ ആരംഭിക്കുക എന്നതാണ് സര്‍വകലാശാല ലക്ഷ്യമിട്ടിരുന്നത്.
സ്ഥിരം ക്യാമ്പസിനുള്ള ഭൂമി ലഭിക്കുവാന്‍ വൈകുന്നുവെങ്കില്‍ തലസ്ഥാനത്തെ ക്യാമ്പസ് ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍വ്വകലാശാല നിര്‍ബന്ധിതമാവും. ഇക്കാര്യം കേന്ദ്ര സര്‍വ്വകലാശാല, സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സര്‍വ്വകലാശാലയുടെ അധിക സാമ്പത്തിക ഭാരം കുറയ്ക്കുന്നതിലുപരി, നൂതന പഠന ഗവേഷണ കോഴ്സുകള്‍ പുതിയ ക്യാമ്പസ്സില്‍ ആരംഭിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍വ്വകലാശാല വിസി മുഖ്യമന്ത്രിക്ക് 2024 ല്‍ കത്ത് നല്‍കിയിട്ടുണ്ടായിരുന്നു
തലസ്ഥാനത്ത് സ്ഥിരം ക്യാമ്പസ് ആരംഭിക്കുന്നതിനു വേണ്ട ഭൂമി അനുവദിക്കാനുള്ള കാലതാമസം ഒഴിവാക്കാന്‍ അടിയന്തിര നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
















