ബംഗ്ലാദേശിൽ അധികാരമേൽക്കുന്ന ബിഎൻപി (ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി) മേധാവി താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗിക ക്ഷണം.
ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിലെത്തുന്നതിനാൽ പ്രധാനമന്ത്രി 17–ാം തീയതിയിലെ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യത കുറവാണ്.
വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, വൈസ് പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. വിവിധ രാജ്യങ്ങളിലെ നേതാക്കളും ചടങ്ങിനെത്തും. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സത്യവാചകം ചൊല്ലിക്കൊടുക്കും. മൂന്നിൽരണ്ടു ഭൂരിപക്ഷം നേടിയാണ് ബിഎൻപി അധികാരമേൽക്കുന്നത്.
അതേസമയം നിയമവാഴ്ച എന്തുവില കൊടുത്തും പുനഃസ്ഥാപിക്കുകയാണു പുതിയ സർക്കാരിന്റെ മുൻഗണനയെന്നു താരിഖ് റഹ്മാൻ പറഞ്ഞു. രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപര്യത്തിന് അനുസൃതമായാണ് ബംഗ്ലദേശിന്റെ വിദേശനയം തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
















